Thursday, July 20, 2006

വസന്തവും കാത്ത്‌...
വായനശാല സംഘടിപ്പിച്ച അവധിക്കാല ക്യാമ്പിലാണ്‌ അവന്‍ അവളെ ആദ്യമായി കാണുന്നത്‌. മറ്റുള്ള പെണ്‍ക്കുട്ടികളില്‍ നിന്നു അവളെ വ്യത്യസ്തയാക്കിയത്‌ അവള്‍ മാറി മാറി ഇട്ടിരുന്ന പല നിറത്തില്‍ പൂക്കള്‍ തുന്നിയ ചുരിദാറുകളായിരുന്നു... പാവാടയും ഉടുപ്പും കണ്ട്‌ മടുത്ത ഒരു പതിമൂന്നുകാരന്റെ മനസിലേക്ക്‌ അവള്‍ കുടിയേറിയത്‌ ചുരിദാറിലെ ആ പൂക്കളിലൂടെ ആയിരുന്നു..

പൂക്കളെ അവന്‌ എന്നും ഇഷ്ടമായിരുന്നു.. അയലത്തെ വീട്ടിലെ റോസാമൊട്ടു മോഷ്ടിച്ചതിന്‌ അവന്‌ ആവോളം തല്ലു കിട്ടിയിട്ടുണ്ട്‌. എന്നിട്ടും അവന്‍ പൂക്കളെ വെറുത്തില്ല.. അവനത്‌ കഴിയുമായിരുന്നില്ല.

അവളെ അവന്‍ ചിലപ്പോള്‍ സൂര്യകാന്തിയെന്നു വിളിക്കുമായിരുന്നു, ചിലപ്പോള്‍ ചെമ്പകമെന്നും. അത്‌ കേട്ടിരിക്കുന്ന ചെമ്പകമൊട്ടുകള്‍ അവനെ നോക്കി പിണക്കം പറഞ്ഞിരിക്കണം..

മുറ്റത്തെ കിളിമരചോട്ടിലെ അരിമുല്ല മൊട്ടിട്ടപ്പോള്‍ വണ്ടുകളേക്കള്‍ സന്തോഷം അവനായിരുന്നു.. അതില്‍ നിന്നൊരു മുല്ലപ്പൂ മാല അവള്‍ക്കു സമ്മാനിക്കാന്‍ അവന്‍ പലപോഴും ശ്രമിച്ചു.. സാഹചര്യങ്ങള്‍ അവനെ വിലക്കി.

ഉച്ചമയക്കത്തിലെ സ്വപ്നത്തില്‍ അവളും അവനും രണ്ട്‌ വണ്ടുകളായി വന്നു ആവോളം മധു നുകര്‍ന്നു.. അവര്‍ മുല്ലവള്ളികള്‍ക്കു ചുറ്റും ആടി രസിച്ചു.

നേരത്തെ എത്തിയ കാലവര്‍ഷത്തിലെ ഇടിമുഴക്കം കേട്ടാണ്‌ അവന്‍ ഞെട്ടിയുണര്‍ന്നത്‌ പക്ഷെ അവന്‍ താമസിച്ച്‌ പോയിരുന്നു.. അന്നായിരുന്നു അവധിക്കാല ക്യാമ്പിന്റെ അവസാനനാള്‍... പനി കാരണം അമ്മ പുതച്ച്‌ തന്ന കരിമ്പടം മുകളിലേക്കു വലിച്ച്‌ കൊണ്ട്‌ അവന്‍ ജനലിന്റെ നേര്‍ത്ത വിടവിലൂടെ പുറത്തേക്കു നോക്കി. കറുത്തിരുണ്ട മാനം കരയാന്‍ വിതുമ്പുന്നത്‌ അവന്‍ കണ്ടു, സ്വന്തം മനസ്‌ പോലെ. ആ വിതുമ്പല്‍ മഴയായ്‌ പെയ്തിറങ്ങിയപ്പോള്‍, ആ കുളിരില്‍ കഴിഞ്ഞു പോയ വസന്തത്തിന്റെ ഓര്‍മകളും പൊതിഞ്ഞ്‌ പുതു സ്വപ്നങ്ങളുമായി അവന്‍ കാത്തിരുപ്പ്‌ ആരംഭിച്ചു, അടുത്ത വസന്തത്തിനായി.എത്തുമെന്നു അവന്‌ തന്നെ ഉറപ്പില്ലാത്ത വസന്തത്തിനായി...

Posted by Ajith Krishnanunni @ 6:42 AM   5 comments
Wednesday, July 19, 2006

ഒരു കന്യാകുമാരിയാത്ര... നഷ്‌ടവസന്തത്തിന്‍ സ്വപ്നയാത്ര...

കൊന്നപ്പൂവുകള്‍ എങ്ങും പൂത്തുനില്‍ക്കുന്ന ഒരു വിഷുദിനത്തില്‍ ഞങ്ങള്‍ യാത്ര പുറപ്പെട്ടു. ഞങ്ങളെന്നു പറഞ്ഞാല്‍ ഞാനും എന്റെ ജീവിതസഖിയായിരുന്ന സഹയാത്രികയും. ഇത്‌ ഞങ്ങളുടെ 'ഹണിമൂണ്‍' യാത്രയാണ്‌. അവള്‍ തിരഞ്ഞെടുത്ത സ്ഥലം കന്യാകുമാരിയായിരുന്നു. ഞാന്‍ മനസ്സില്‍ വിചാരിച്ചിരുന്നത്‌ ഊട്ടിയോ കൊടൈക്കനാലോ എന്നത്‌ എന്റെ സഖിയുടെ ഇഷ്‌ടത്തിന്‌ മുന്നില്‍ ഉപേക്ഷിക്കേണ്ടിവന്നു.

ഒരു സുഹൃത്ത്‌ വഴി തരപ്പെടുത്തിയ 'സാന്‍ട്രൊ' കാറില്‍ രാവിലെ ജീവിതസഖിയുടെ തിരുവനന്തപുരത്തുള്ള ഗൃഹത്തില്‍ നിന്നും പുറപ്പെട്ടു. നഗരപരിധി വിട്ട്‌ കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ അവള്‍ എന്നും കേള്‍ക്കുവാനിഷ്‌ടപ്പെടുന്ന ചില തമിഴ്‌ഗാനങ്ങള്‍ സ്റ്റീരിയോയില്‍നിന്നും ഒഴുകിവന്നു.

"ദേവതയെ കണ്ടേന്‍.. കാതലില്‍ വിഴുന്തേന്‍..എന്നുയിരുടന്‍ കലൈന്ത്‌വിട്ടാന്‍..", "ഉയിരിനുയിരേ.. നദിയിന്‍ മടിയില്‍ കാത്ത്‌ കിടക്കിന്‍ട്രേന്‍.." എന്നീ പാട്ടുകളെന്നെയിന്നും വിരഹാര്‍ദ്രവും ഒരു ഉല്ലാസയാത്രയുടെ സുഖമുള്ള ഓര്‍മ്മകളിലേക്ക്‌ വീഴ്‌ത്തുകയും ചെയ്യാറുണ്ട്‌... ആ ..എല്ലാം വെറും മായക്കാഴ്‌ചകളായിരുന്നോ? ഒരു സ്വപ്നാടകനായിരുന്നോ ഞാനന്ന്? എനിക്ക്‌ ചിലപ്പോള്‍ തോന്നാറുണ്ട്‌. പിന്നിലെ സീറ്റില്‍ ഞങ്ങള്‍ പരസ്പരം ഇമവെട്ടാതെ കുറേനേരം ഇരുന്നു. ആ പാട്ടിലെ നായികാനായകന്മാരായി സ്വയം സങ്കല്‍പിച്ചുകൊണ്ട്‌ അവളും ഞാനും മന്ദഹസിച്ചു, ചിലപ്പോഴൊക്കെ. കാറ്റില്‍ പാറിയ അവളുടെ ലോലമായ മുടിയിഴകള്‍ എന്നെ തഴുകികൊണ്ടിരുന്നു. കൂടെ കൊണ്ടുവന്ന ആപ്പിളും മുന്തിരിയുമെല്ലാം ഞങ്ങള്‍ കൊറേശ്ശെ ആസ്വദിച്ച്‌ കഴിക്കുവാന്‍ തുടങ്ങിയിരുന്നു. കൊതി വരാതിരിക്കുവാനാണോ എന്നെനിക്കറിയില്ല, അല്‍പം ഡ്രൈവര്‍ക്കും കൊടുത്തെങ്കിലും അയാളത്‌ നിരസിച്ചുകൊണ്ട്‌ വണ്ടിയോടിക്കുന്നതില്‍ മുഴുകി.

കാര്‍ ഏറെ ദൂരം താണ്ടിയതിനുശേഷം പത്മനാഭപുരത്തെത്തി. അവിടെ സര്‍വ്വപ്രതാപത്തിലും നിലകൊള്ളുന്ന മാര്‍ത്താണ്‍ഠരാജാവിന്റെ പ്രൗഡിയുള്ള കൊട്ടാരം സന്ദര്‍ശിച്ചു. പണ്ട്‌ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇവിടെ ഉല്ലാസയാത്ര വന്നിട്ടുണ്ടായിരുന്നത്‌ ഞാനോര്‍ത്തുപോയി. അന്നെന്റെ പക്കലുണ്ടായിരുന്ന പണം നഷ്‌ടപ്പെട്ടതും മറ്റും സഖിയോട്‌ പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു.

പാസ്സെടുത്ത്‌ അകത്ത്‌ പ്രവേശിച്ചപ്പോള്‍ അധികം സന്ദര്‍ശകരെയൊന്നും കണ്ടില്ല. അവളേറെ ആഹ്ലാദിച്ചത്‌ കണ്ട്‌ ചോദിച്ചപ്പോള്‍ പറഞ്ഞത്‌ "നമുക്ക്‌ നമ്മുടെ മാത്രം കൊട്ടാരം പോലെ അല്‍പസമയത്തേക്കെങ്കിലും കിട്ടുമല്ലോ, ചേട്ടന്റെ റാണിയായി ഞാനും എന്റെ രാജകുമാരനായി.." - പറഞ്ഞത്‌ മുഴുമിക്കാതെ സഖി മുഖം പൊത്തി കുറേ ചിരിച്ചു. ഞാനവളുടെ തോളില്‍ കൈയ്യിട്ട്‌ കൊട്ടാരത്തിന്റെ അകത്തളത്തേക്ക്‌ നടന്നു.

ഈ തമാശ അന്വര്‍ത്ഥമാക്കുന്നത്‌പോലെ തന്നെ പത്മനാഭപുരം കൊട്ടാരത്തിന്റെ ഇരുള്‍ മൂടിക്കിടക്കുന്ന ഇടനാഴികളിലും പണ്ട്‌ രാജകുമാരിയും തോഴിമാരും ചിലവഴിച്ചിരുന്ന മുറികളും വരാന്തകളും എല്ലാം പൊതുവെ ആളൊഴിഞ്ഞ്‌ കിടന്നിരുന്നു, വല്ലപ്പോഴും മാര്‍ഗ്ഗം പറഞ്ഞുതരുവാന്‍ പ്രത്യക്ഷപ്പെടുന്ന 'ടൂറിസ്റ്റ്‌ ഗൈഡും' ഒന്നോ രണ്ടോ ചെറുസംഘങ്ങളും ഒഴിച്ച്‌.

ഇരുള്‍ മൂടിയ ഇടനാഴികളില്‍ പലതിലും ഞങ്ങള്‍ പലപ്പോഴും ഇണക്കുരുവികളായി മാറി. ചിലനേരങ്ങളില്‍ കുട്ടികളെപ്പോലെ ഒളിച്ചുകളിയും പഴയ സിനിമകളിലെ പ്രേംനസീര്‍-ഷീല ജോഡിയെപ്പോലെ പ്രണയരംഗങ്ങളും അന്ന് കൊട്ടാരത്തിനുള്ളില്‍ പുനരവതരിക്കപ്പെട്ടു. ഇതിനിടയ്ക്ക്‌ ഒരു വില്ലനെന്ന പോലെ കൊട്ടാരത്തിലെ കാര്യങ്ങള്‍ നോക്കുവാന്‍ സര്‍ക്കാര്‍ ശമ്പളംകൊടുത്ത്‌ നിര്‍ത്തിയിരിക്കുന്ന കാര്യസ്ഥന്‍ രംഗത്ത്‌ വന്നത്‌ അലോസരം തന്നെയായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇങ്ങനെ പൈങ്കിളികളായിരുന്നെങ്കിലും അവിടെ നൂറ്റാണ്ടുകളായി നശിക്കാതെയിരിക്കുന്ന അമൂല്യങ്ങളായ ചരിത്രസ്മാരകങ്ങളും ചിത്രപ്പണികളും ഓരോരൊ മുറികളുടെ ഘടനകളും നാണയശേഘരങ്ങളും മറ്റുമൊക്കെ വീക്ഷിച്ചിരുന്നൂട്ടോ. പ്രത്യേകിച്ചും അവള്‍ ശ്രദ്ധിച്ച്‌ മനസ്സിലാക്കിയിരുന്നത്‌ കൊട്ടാരത്തിന്റെ കെട്ടുറപ്പും മുറികളുടെ തരംതിരിവും മറ്റുമായിരുന്നു. (സഖിയൊരു സിവില്‍ എഞ്ചിനിയറാണല്ലോ..) ഞാനൊരു കലാഹൃദയത്തിന്റെ ഉടമയായതുകൊണ്ട്‌ നേരത്തെ സൂചിപ്പിച്ച സംഗതികളാണ്‌ കണ്ണില്‍ പതിഞ്ഞത്‌.

മറഞ്ഞുതിരിഞ്ഞ്‌ കിടക്കുന്ന വഴികളിലൂടേയും ഒരുപാട്‌ രഹസ്യങ്ങളുറങ്ങിക്കിടക്കുന്ന കൊട്ടാരമുറികളും ഒക്കെ കടന്നിട്ടൊടുവില്‍ ക്ഷീണിച്ച്‌ സഖിയും ഞാനും കൊട്ടാരത്തിന്റെ വെളിയില്‍ വന്നു. നോക്കുമ്പോളതാ പായല്‍ പിടിച്ചു ഉപയോഗ്യമല്ലാത്ത ഒരു വലിയ കുളം! അതില്‍ നിറയെ പല വലിപ്പത്തിലും നിറത്തിലുമുള്ള മത്സ്യങ്ങള്‍ നീന്തിത്തുടിക്കുന്നു. അതെല്ലാം ആസ്വദിച്ചുകൊണ്ട്‌ അവളും ഞാനും കുളത്തിന്റെയരികിലുള്ള ഒരു മാവിന്‍ചുവട്ടില്‍ ഇരുന്നു, ഏറെ നേരം അവളുടെ കണ്ണുകളിലെ പരല്‍മീനുകളേയും നോക്കിയിരുന്നു. മാവിന്‍കൊമ്പിലെവിടേയോ ഇരിക്കുന്ന കുയിലിന്റെ വേണുഗാനം രംഗത്തിന്‌ മാറ്റ്‌ കൂട്ടി. ഞാനേറ്റുപാടുവാന്‍ തുടങ്ങിയവേളയില്‍ അവളുടെ മൃദുവായകൈ എന്റെ വായപൊത്തി.

ഒരു ജന്മം മുഴുവന്‍ സഖിയോടൊത്ത്‌ അവിടെ ചിലവഴിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ലക്ഷ്യം സ്വാമിവിവേകാനന്ദന്റെ ധ്യാനസ്ഥലമായ കന്യാകുമാരി ആയതിനാല്‍ ഞങ്ങള്‍ പത്മനാഭപുരം കൊട്ടാരത്തോടും അവിടെത്തെ ശാന്തമായ അന്തരീക്ഷത്തോടും പിന്നെ ചില സ്വകാര്യപ്രണയനിമിഷങ്ങളോടും വിടപറഞ്ഞു പുറപ്പെട്ടു. അടുത്ത ലക്ഷ്യം മൂന്ന് സമുദ്രങ്ങളൊത്തുചേര്‍ന്ന് സല്ലപിക്കുന്ന കന്യാകുമാരി. ഭക്ഷണം കഴിച്ചതിനുശേഷം യാത്ര തുടര്‍ന്നു.

എനിയ്ക്കെന്നും ഇഷ്‌ടമുള്ള ഗസലുകളൊഴുകി വരുമ്പോള്‍ സഖിയുറക്കമായിരുന്നു. കാര്‍ തമിഴ്‌നാടിന്റെ പാതയിലൂടെ ഓടിക്കൊണ്ടിരുന്നു. വാകുന്നേരമായപ്പോള്‍ കന്യാകുമാരിയിലെത്തി. അവിടെ ഏവരും കാണുവാനാഗ്രഹിക്കുന്ന അസ്തമയസൂര്യന്‍ ഞങ്ങള്‍ക്കുവേണ്ടി കാത്തുനില്‍ക്കാതെ മറഞ്ഞുപോയിരുന്നു. ഒരു നല്ല ഹോട്ടല്‍മുറി തേടി അല്‍പം അലഞ്ഞതിനൊടുവില്‍ സാമാന്യം നല്ലതൊന്ന് കിട്ടി. ഒരു സ്റ്റാഫ്‌ ലഗേജുമെടുത്ത്‌ ഞങ്ങളുടെ മുന്നില്‍ നടന്നു. ഗോവണി കയറി അല്‍പം നീങ്ങിയപ്പോള്‍ മുറിയിലെത്തി. അണ്ണാച്ചി ലഗേജെല്ലാം വാതിലിനരികെ വെച്ച്‌ പോവുമ്പോള്‍ ജാള്യതയോടെ തിരിഞ്ഞുനിന്നു ചിരിച്ചോ? ഏയ്‌ തോന്നിയതാവും.

ഞങ്ങളുടെ മാത്രം സ്വര്‍ഗ്ഗലോകത്തേക്ക്‌ കടന്നപ്പോള്‍ നേരെമുന്നിലെ ജനാലയിലൂടെ ആകാശത്ത്‌ തേന്‍തൂകിനില്‍ക്കുന്ന ചന്ദ്രനും അങ്ങ്‌താഴെ വിവേകാനന്ദപാറയും തൊട്ടടുത്ത്‌ സ്ഥിതിചെയ്യുന്ന ശ്രീതിരുവള്ളുവരുടെ ഭീമാകാരപ്രതിമയുള്ള പാറയും വ്യക്തമായി കാണപ്പെട്ടു. ആകമാനം ദീപാങ്ങളാല്‍ അലങ്കരിച്ച ആ സ്മാരകസൗധങ്ങളും ചുറ്റുമുള്ള തിരയടങ്ങിയ സമുദ്രവും.. എല്ലാം തേന്‍നിലാവില്‍ കുളിച്ചുകിടക്കുന്ന സുഖമുള്ള ദൃശ്യം, എന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു.

കുറച്ച്‌ സമയം വിശ്രമിച്ച്‌ കുളിച്ചപ്പോള്‍ തിരിച്ചുകിട്ടിയ ഉന്മേഷത്തില്‍ സഖിയോടൊത്ത്‌ വെറുതെ പുറത്തിറങ്ങി അലസമായി നടന്നു. വഴിയോരക്കാഴ്ചകള്‍ കണ്ട്‌ ഏറെ ദൂരം പോയി. പാതവക്കില്‍ ഇരുവശത്തും തമിഴ്‌പെണ്ണുങ്ങള്‍ നിരന്നിരുന്ന് രാത്രിയിലും മുല്ലപ്പൂ വില്‍ക്കുന്നുണ്ടായിരുന്നു. കുറച്ച്‌ വാങ്ങി സഖിയ്ക്ക്‌ കൊടുത്തത്‌ അവള്‍ മുടിയില്‍ ചൂടി. പിന്നെ പലവിധം അലങ്കാരവസ്തുക്കള്‍ വില്‍ക്കുന്ന കടകളുമൊക്കെ സന്ദര്‍ശിച്ചു. വലുതും ചെറുതുമായ ശംഖുകളും ഭംഗിയുള്ള മാല, വള എന്നിത്യാദി സാധനങ്ങളും സഖി വാങ്ങിക്കൂട്ടി.

അപരിചിതമായ ആ തമിഴ്‌നഗരത്തെ ക്ഷേത്രങ്ങളും കെട്ടിടങ്ങളും ചുറ്റുമുള്ള അന്യരായ ആളുകളേയും എല്ലാം വീക്ഷിച്ച്‌ നവദമ്പതികളായ ഞങ്ങള്‍ താമസസ്ഥലത്തേക്ക്‌ തിരിച്ചു. എല്ലാത്തിനും സാക്ഷിയായിട്ട്‌ അല്‍പമകലെ വിവേകാനനന്ദസ്വാമികളും ശ്രീതിരുവള്ളുവരും സമുദ്രത്തിനുമുകളില്‍ ഉയരത്തില്‍ നില്‍പുണ്ട്‌.

ഏറെ വൈകി ഉറങ്ങുവാന്‍ കിടന്നു. മങ്ങിയ വെളിച്ചം ജനാലപ്പാളികളിലൂടെ ഞങ്ങളെ തേടിയെത്തി. മുറിയാകെ സഖിയുടെ മുടിയില്‍ ചൂടിയ മുല്ലപ്പൂമണം പരന്നു. ഏല്ലാം ഒരുന്മാദത്തിന്റെ വക്കിലെത്തിച്ചെങ്കിലും വേഗം നിദ്രയുടെ കയത്തിലേക്ക്‌ വഴുതിപ്പോയിരുന്നു ഇരുവരും..

നേരം വെളുത്തപ്പോള്‍ ആരോ കതകില്‍ തട്ടുന്ന ശബ്ദം കേട്ട്‌ ഞാനുണര്‍ന്നു. സഖി സുഖനിദ്രയില്‍ തന്നെ. വീണ്ടും മുട്ടുന്നുവാരോ.. ഞാന്‍ വാതിലിനരികെ കാതോര്‍ത്ത്‌ നിന്നു ആരാണെന്ന് ചോദിച്ചപ്പോള്‍ തമിഴിലുള്ള മറുപടി വന്നപ്പോള്‍ മാത്രമാണ്‌ സമാധാനമായത്‌.

"സാര്‍, ഉങ്കള്‍ക്ക്‌ സൂര്യോദയം പാക്കണമാ.. ശീഘ്രം വാങ്കോ.. നേരമായാച്ച്‌.."

ആ പയ്യന്‍ അടുത്ത മുറിയുടെ കതകില്‍ പോയി മുട്ടുവാന്‍ തുടങ്ങിയിരുന്നു. ഒരു പക്ഷെ അതവന്റെ പ്രഭാതചര്യയായിരിക്കാം. ഞാനുടനെ സഖിയെ തട്ടിവിളിച്ചെഴുന്നേല്‍പിച്ചു. കന്യാകുമാരിയില്‍ വന്നിട്ട്‌ ഉദയമോ അസ്തമയമോ കാണാതെ പോയാല്‍ അതൊരു തീരാനഷ്ടം തന്നെയല്ലേ. അവള്‍ അലങ്കോലമായിക്കിടന്ന വസ്‌ത്രങ്ങളും കെട്ടഴിച്ച്‌ പരത്തിയിട്ടിരുന്ന മുടിയുമെല്ലാം ശരിയാക്കി എഴുന്നേറ്റു. പെട്ടെന്ന് പ്രഭാതകൃത്യങ്ങളെല്ലാം നടത്തി വസ്‌ത്രം മാറിയ ഞങ്ങള്‍ ഹോട്ടലിന്റെ മുകളിലേക്ക്‌ പോയി. അവിടെ ധാരാളമാളുകള്‍ കാത്തിരിപ്പുണ്ടായിരുന്നു, ഉദയസൂര്യനെ വരവേല്‍ക്കുവാന്‍ ഞങ്ങളും ഒരിടത്തില്‍ ഒതുങ്ങിനിന്നു. കാമറ തയ്യാറാക്കി കിഴക്കു ചക്രവാളത്തിലെ മാറിമറിഞ്ഞുകളിക്കുന്ന നിറക്കൂട്ടുകളില്‍ തന്നെ കണ്ണൂംനട്ട്‌ നില്‍ക്കുമ്പോള്‍ അതാ പ്രത്യക്ഷപ്പെടുന്നു - സ്വര്‍ണ്ണകിരണങ്ങളുടെ അരുണിമയോടെ ഒരു തേരിലേറി വരുന്ന യോദ്ധാവിനെപോലെ ദിനകരന്‍! സമുദ്രത്തിന്റെ വിരിമാറില്‍ ദൂരെയേതോ രാജ്യത്തില്‍നിന്നുള്ള കപ്പല്‍ നീങ്ങുന്നതും കാണാമായിരുന്നു. ഇങ്ങരികെ മുക്കുവന്മാരുടെ കട്ടമരമെന്നറിപ്പെടുന്ന ചെറുമരത്തോണികളും ധാരാളം കടലിലിറങ്ങുന്നതും ഉദയസൂര്യന്റെ വെളിച്ചത്തില്‍ നല്ലയൊരു ദൃശ്യവിരുന്നൊരുക്കി.

പിന്നീട്‌ സന്ദര്‍ശിച്ചത്‌ വിശ്വവിഖ്യാതമായ വിവേകാനന്ദപാറയാണ്‌. അഭൂതപൂര്‍വ്വമായ തിരക്കായിരുന്നുവന്ന്. നാനാദേശക്കാരായ ആളുകള്‍ നിരന്ന് ബോട്ടിനുവേണ്ടി കാത്തുനിന്നു. കൊള്ളാവുന്നതിലധികം ആളുകളെ കുത്തിനിറച്ച ഒരു വലിയ ബോട്ടില്‍ ഞാനും സഖിയും ബദ്ധപ്പെട്ട്‌ കയറിക്കൂടി. ബോട്ട്‌ ആടിയുലഞ്ഞ്‌ ഓളങ്ങളെ വകഞ്ഞുമാറ്റി ലക്ഷ്യത്തിലേക്ക്‌ കുതിച്ചു. ശരിക്കും ഭയപ്പാടുണ്ടാക്കുന്ന യാത്രയായി. ഉത്സവത്തിരക്കിലകപ്പെട്ടവരെ പോലെ ഞെരുങ്ങിനില്‍ക്കേണ്ടിവന്നു ഞങ്ങളിരുവര്‍ക്കും. ആയുസ്സിന്റെ ബലം കൊണ്ടോ അതോ ഭാഗ്യമാണോ എന്നറിയില്ല ചുരുങ്ങിയ സമയത്തിനുള്ളില്‍ ബോട്ട്‌ അവിടെയെത്തി.

ഭകതിസാന്ദ്രമായ അവിടെയെല്ലാം നടന്നുകണ്ടപ്പോള്‍ മനസ്സിനൊരുണര്‍വ്വ്‌ കിട്ടിയത്‌പോലെ. പ്രധാനസൗധത്തിലുള്ള സ്വാമി വിവേകാനന്ദന്റെ മാര്‍ബിള്‍പ്രതിമ നോക്കിയല്‍പനേരം നിന്നുപോയി. എന്തൊരു ആകാരവും മുഖകാന്തിയും! ചൈതന്യമേറിയ ആ വ്യക്തിയുടെ പ്രഭാക്ഷണം ശ്രവിച്ച സായിപ്പന്മാര്‍ ശിശുക്കളെപ്പോലെ ഇരുന്നുപോയില്ലെങ്കിലേ ആശ്ചര്യപ്പെടേണ്ടതുള്ളൂ. പിന്നിട്‌ ഞങ്ങള്‍ എത്തിയത്‌ തികച്ചും നിശ്ശബ്‌ദമായ ധ്യാനസ്ഥലത്താണ്‌. സര്‍വ്വമതവിശ്വാസികളും മങ്ങിയ പ്രകാശം മാത്രമുള്ള ഒരു ഹാളിലെ മാര്‍ബിള്‍തറയില്‍ ചമ്രം പടിഞ്ഞിരുന്ന് അവരവരുടെ ദൈവങ്ങളെ സ്മരിച്ച്‌ നിശ്ചലരായി ഇരിക്കുന്നു. സഖിയുടെ കൈപിടിച്ച്‌ ഞാന്‍ അങ്ങോട്ട്‌ ചെന്നു. ഇരുളില്‍ ഹിന്ദുക്കളുടെ അടയാളമായ 'ഓം' എന്നത്‌ മാത്രം സ്വര്‍ണ്ണലിപിയില്‍ തെളിഞ്ഞു കാണാം. ചന്ദനത്തിരിയും മറ്റ്‌ സുഗന്ധവസ്തുക്കളും പുകയുന്നതിന്റെ മാസ്മരികാനുഭൂതി നാസാരന്ധ്രങ്ങളെ തഴുകിയുണര്‍ത്തി. കുറച്ച്‌ സമയം കണ്ണുകടച്ച്‌ കൈകൂപ്പി ഇരുന്നുപോയി. സമീപമിരുന്ന സഖിയുടെ സ്പര്‍ശം കിട്ടിയപ്പോള്‍ മാത്രമാണ്‌ ധ്യാനത്തില്‍ നിന്നുമുണര്‍ന്നത്‌.

അവിടെ നിന്നും അടുത്തുള്ള ശ്രീതിരുവള്ളുവര്‍പ്രതിമയുള്ള സ്ഥലവും സന്ദര്‍ശിച്ചു. അതും ഒരല്‍ഭുതചാരുതയുള്ള നിര്‍മ്മിതിയാണ്‌. ഭയങ്കരകാറ്റില്‍ ബോട്ട്‌ അവിടെയെത്തി. ആകെ ജനസാന്ദ്രമായിരുന്ന ചുറ്റുപാടില്‍നിന്നും കാറ്റില്‍ നിന്നും ഞങ്ങള്‍ അജാനുബാഹുവായ തിരുവള്ളുവര്‍പ്രതിമയ്ക്കുള്ളില്‍ പ്രവേശിച്ചു. അതേകദേശം ഒരു നാലുനില കെട്ടിടത്തിന്റെ ഉയരത്തിലാണുള്ളത്‌. കരിങ്കല്ലുകള്‍ മാത്രമുപയോഗിച്ച്‌ നിര്‍മ്മിച്ച ഏതുഭാഗത്തുനിന്നും കാറ്റെപ്പോഴും അകത്തു പ്രത്യേകരീതിയില്‍ അനുഭവപ്പെടുന്ന രീതിയിലാണ്‌ സംവിധാനം ചെയ്തിരിക്കുന്നത്‌. അവിടം ചുറ്റിനടന്ന് കണ്ട്‌ ഒരു ജാലകത്തിനരുകില്‍ ഞങ്ങളിരുന്നു. പിന്നെ മടക്കയാത്ര തിരിച്ചു.

വൈകുന്നേരം നാലുമണിയായപ്പോള്‍ കന്യാകുമാരിയോട്‌ വിടവാങ്ങി. രണ്ടുവര്‍ഷം കഴിഞ്ഞതേയുള്ളൂവെങ്കിലും ഈ യാത്രയുടെ ഓര്‍മ്മകള്‍ ഞാന്‍ മായാതെ നെഞ്ചിലേറ്റി മനസ്സിന്റെ തിരശ്ശീലയില്‍ ദര്‍ശിക്കാറുണ്ട്‌. സഖിയും അങ്ങിനെയാണോയെന്നെനിക്ക്‌ നിശ്ചയമില്ല.

കാരണം ഒരു നിസ്സാരപിണക്കം മറ്റുള്ള ചിലര്‍ പെരുപ്പിച്ചിട്ടൊടുവില്‍ ഞങ്ങള്‍ ജീവിതയാത്രയില്‍ വേര്‍പിരിയേണ്ടിവന്നു. ഒരു ഗാനത്തിന്റെ വരികള്‍ കടമെടുത്തോട്ടെ:

'പറയാതെയറിയാതെ നീ പോയതെന്തേ..
ഒരു വാക്കും മിണ്ടാഞ്ഞതെന്തേ...
എന്നുമോര്‍ക്കുന്നു ഞാന്‍.. '

നഷ്‌ടവസന്തത്തിന്‍ സുഖമുള്ള ഒരു യാത്രയുടെ ഓര്‍മ്മകളോടെ ഈ വിവരണം അവസാനിപ്പിച്ചോട്ടെ...

Posted by ഏറനാടന്‍ @ 10:27 PM   15 comments
Sunday, July 16, 2006

പൂരിപ്പിക്കാതെ.....
നിതിന്‍ കൌശിക് ഹരിയാനയില്‍ ജനിച്ചു, ചാണ്ഡീഗടില്‍ ജീവിച്ചു, ഹിമാചലില്‍ പഠിച്ചു പിന്നെയും പഠിക്കാന്‍ റഷ്യയിലെത്തി- റാംസുറുന്‍ വാമ അങ്ങകലെ മൌറീഷ്യസില്‍ ജനിച്ചു,മൌറീഷ്യസില്‍ തന്നെ വളര്‍ന്നു, പാരീസില്‍ പഠിച്ചു, പിന്നെയും പഠിക്കാന്‍ റഷ്യയിലെത്തി. വാമയും നിതിനും ക്രാസ്നോദാറില്‍ വെച്ച് കണ്ട്മുട്ടി - ഒരു വര്‍ഷത്തിന് ശേഷം സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലേക്ക് പാലായനം ചെയ്തു.

നിതിന്‍ മുകളിലേക്ക് നീണ്ടും വശങ്ങളിലേക്ക് മെലിഞ്ഞും വളര്‍ന്നു.നീണ്ടതലമുടി വെച്ചു.
വാമ നീളത്തില്‍ കുറുകിയും വശങ്ങളിലേക്ക് തടിച്ചും വളര്‍ന്നു, പെണ്ണായിട്ട് പോലും തലമുടി ക്രോപ് ചെയ്ത് ബോയ്കട്ടാക്കി വെച്ചു. നിതിന്‍ വായാടിയായിരുന്നു, വാമ മിതഭാഷിയും - നിതിനെക്കുറിച്ച് പറയുമ്പോളൊഴിച്ച്-

എന്നിട്ടും അവര്‍ തമ്മില്‍ പ്രണയിച്ചു- ഇത്രയും കാലം ഒന്നിച്ച് ജീവിച്ചു.

നിതിനും വാമയും ഒന്നിച്ച് നടന്ന് പോകുമ്പോള്‍ നീണ്ട ഒന്നും ഉരുണ്ട പൂജ്യവും ചേര്‍ത്ത് പത്ത് എന്ന് ഞാനവരെ വിളിച്ചു- അവരെന്നോട് വെറുതെ ചിരിച്ച് കാണിച്ചു.

നിതിന്‍ ജീവിക്കാന്‍ വേണ്ടി ചെയ്യാത്ത ജോലിയൊന്നുമുണ്ടായിരുന്നില്ല. അവസാനം ഒരെണ്‍പെത്തെട്ട് മോഡല്‍ ടയോട്ടകൊരോളയെടുത്ത് ടാക്സിസ്റ്റായി. കൈയിലെ പണമെല്ലാം അവന് കൊടുത്തിട്ടും തീരാത്ത കഷ്ടപ്പാട് തീര്‍ക്കാന്‍ വണ്ടിയോടിക്കാന്‍ ‍പോയ നിതിന് കൊച്ച് കൊച്ച് പരിഭവങ്ങള്‍ പുരട്ടിയ ചപ്പാത്തിയും ദാല് കറിയുമുണ്ടാക്കി വാമ കാത്തിരുന്നു. രത്രിയേറെ വൈകി വണ്ടിയോടിക്കുമ്പോള്‍ ഇടക്കിടെ വരുന്ന അവളുടെ കോളുകളോട് ഞാനിതാ അഞ്ചുമിനിറ്റിലെത്തി എന്ന് നുണപറഞ്ഞ് പറഞ്ഞ് അവനാ സ്നേഹത്തെ സമാധാനിപ്പിച്ചു. എന്നിട്ട് കണ്ണിറുക്കികാട്ടി , ഈ പെണ്ണീന്‍റെ കാര്യം എന്നെന്നോട് പറഞ്ഞു.
കയറ്റവും ഇറക്കവുമെല്ലാം കഴിഞ്ഞ കാലത്തെപ്പോഴോ ഞാനും വാമയും ഗ്രൂപ്മേറ്റ്സായിരുന്നു. പരീക്ഷാക്കാലങ്ങളില്‍ നിതിന്‍ പുസ്തകം അരച്ച് കലക്കിക്കുടിച്ച് ബ്ലൂറ്റൂത്ത് ഹെഡ് സെറ്റ് വഴി അവളുടെ ഉത്തരക്കടലാസിലെത്തിച്ച് കൊടുത്തു. പരീക്ഷകള്‍ കഴിഞ്ഞിറങ്ങുമ്പോള്‍ ഹൊ, നിതിനെനിക്കെന്തെല്ലാം ചെയ്ത് തരുന്നൂ എന്നഭിമാനത്തോടെ പറഞ്ഞ് തുടങ്ങും, നിതിന്‍റെ വീരകൃത്യങ്ങളുടെ കമന്‍ററികള്‍ കേട്ട് വണ്ടിയോടിച്ച് ഞാനവളെ ഹോസ്റ്റലില്‍ ഡ്രോപ് ചെയ്ത് കൊടുത്തു.

കാലം എത്രകഴിഞ്ഞെന്ന് ഞാനും അവരും ആരും കണക്ക് വെച്ചില്ല.

ഇനി വാമക്കൊ നിതിനോ ഇവിടെ നില്‍ക്കാന്‍ കഴിയില്ല. എന്ത് ചെയ്യണമെന്ന് നിതിനറിയില്ല. അവളെ ഹരിയാനയിലേക്ക് കൊണ്ട്പോണൊ അതൊ അവന്‍ മൌറീഷ്യസ്സിലേക്ക് പോണോ, അതുമല്ലെങ്കില്‍മറ്റെവിടെങ്കിലും ഒന്നിച്ച്?.

വീക്കെന്‍റുകളിലെ സഭകളില്‍ മറ്റ് സുഹൃത്തുക്കള്‍ ഒരന്താരാഷ്ട്രക്കല്യാണത്തിന്‍റെ ബുദ്ധിമുട്ടുകള്‍ വളുത്ത തമാശകളില്‍ പുരട്ടി അവനോട് പറഞ്ഞ് കൊടുത്തു - ഞാനതിനെ മൌനം കൊണ്ട് പ്രതിരോധിച്ചു. എവിടെയായാലും അവരൊന്നിച്ച് കാണണമെന്ന് ഞാനിപ്പോഴും ആഗ്രഹിക്കുന്നു.അവനും അവളും .

ഇന്നലെ രാവേറെ ചെന്നപ്പോള്‍ നിതിന്‍ എന്നെ വിളിച്ചു, പതിവ് കുശലങ്ങള്‍ക്ക് ശേഷം ആവശ്യമറിയിച്ചു.

നാളെ പുലര്‍ച്ചെ വാമയെ യാത്രയയക്കണം- വാമ പോകുന്നത് കാണാനുള്ള കരുത്തവനില്ല.

നേര്‍ത്ത മൂടല്‍മഞ്ഞില്‍ ചുറ്റും മഞ്ഞപ്പൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്ന് പുള്‍ക്കോവോ എയര്‍പോര്‍ട്ട് റോഡില്‍ വണ്ടിയോടിക്കുമ്പോള്‍ വാമയുടെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ ഒന്നില്‍ നിന്നൊന്നായി ഞാന്‍ റേഡിയോ സ്റ്റേഷനുകള്‍ ട്യൂണ്‍ ചെയ്തു. എന്നിട്ടും അവളുടെ തേങ്ങലുകളിലേക്ക് ഇടങ്കണ്ണ് പായിക്കാതിരിക്കാന്‍ എനിക്കായില്ല.

ആശ്വസിപ്പിക്കാന്‍ അറിയാഞ്ഞിട്ടല്ല- മറിച്ച് അശക്തനായിരുന്നു ഞാന്‍. വിട പറയും മുമ്പുള്ള ഒരാലിംഗനത്തിനടയില്‍ എല്ലാം ശരിയാകുമെന്ന് ശുഭാപ്തിവീശ്വാസം പ്രകടിപ്പിക്കാന്‍ എനിക്കായോ? ആവോ?

വാമ പതുക്കെ എയര്‍പോര്‍ട്ടിന്‍റെ തിരക്കുകളിലേക്കലിഞ്ഞിറങ്ങി.

ഞാനൊന്നുമറിയില്ല രാമനാരായണാ എന്നും പറഞ്ഞ് ഞാനൊരു പുതിയ ദിവസത്തിന്‍റെ തിരക്കിലൂളിയിട്ടു.

നിതിന്‍ ചുറ്റും ബിയര്‍ കുപ്പികള്‍ നിരത്തിവെച്ച് സോഫാ കം ബെഡില്‍ കമിഴ്ന്ന് കിടന്ന് അന്നത്തെ ദിവസം കഴിച്ച് കൂട്ടി- പിറ്റേദിവസം ഡെല്‍ഹിയിലേക്ക് വിമാനം കയറീ.

പോകും മുമ്പേ ഇനിയെന്തെന്ന് ഞാനവനോട് ചോദിച്ചു, ഒന്നും മിണ്ടാതെ അവന്‍ എമിഗ്രേഷന്‍ കാര്‍ഡ് വീണ്ടും വീണ്ടും പൂരിപ്പിച്ച് കൊണ്ടിരുന്നു.

Posted by തണുപ്പന്‍ @ 2:04 PM   6 comments
Wednesday, July 12, 2006

ആ നീലക്കുറിഞ്ഞി പൂത്തിട്ടില്ലായിരുന്നു.
ഒരില വന്ന് മുഖത്ത്‌ വീണപ്പോഴാണ്‌ ഉറക്കത്തില്‍ നിന്നെഴുന്നേറ്റത്‌. ഇടതൂര്‍ന്ന് നില്‍ക്കുന്ന റബര്‍ മരങ്ങള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്ന സായാഹ്നസൂര്യന്റെ നേര്‍ത്ത കിരണങ്ങള്‍, മയക്കം വിട്ടുമാറിയിട്ടില്ലാത്ത കണ്ണുകളില്‍ അസ്വസ്‌തത ജനിപ്പിച്ചു. കൈകള്‍ മുകളിലേക്കുയര്‍ത്തി, ഒന്നു നടു നിവര്‍ത്തിയതിനു ശേഷം, അടുത്ത്‌ കിടക്കുന്ന രാജീവിനെ തട്ടി വിളിച്ചു. നല്ല ഒരു മയക്കത്തിന്റെ താളം അവന്റെ കണ്ണുകളിലും ആ മങ്ങിയ ചിരിയിലും കാണാമായിരുന്നു.

'നന്നായിട്ടൊന്നുറങ്ങി ല്ലേ..'

പരന്നു കിടക്കുന്ന റബര്‍ തോട്ടത്തിന്റെ മറുവശത്തേക്ക്‌ അലക്ഷ്യമായി നോക്കിക്കൊണ്ട്‌ അവന്‍ പറഞ്ഞു. അതു കേട്ടിട്ടെന്ന പോലെ ഒന്നു മൂളിക്കൊണ്ട്‌ ഞാന്‍ ആ ചെങ്കല്‍കെട്ടുകള്‍ക്കിടയില്‍ നിന്നും താഴേക്കിറങ്ങി. ബാംഗ്ലൂരില്‍ നിന്നും ഓണാവധിക്ക്‌ നാട്ടിലെത്തി, ചേന്ദമംഗല്ലൂരിലെ ഓര്‍മകളുറങ്ങുന്ന ഈ മണ്ണിലെത്തുമ്പോല്‍ ഇവനെ കൂട്ടിന്‌ കിട്ടുമെന്ന് ഒരിക്കലും കരുതിയതല്ല. പക്ഷെ, അവനെ കണ്ടു.. അവന്റെ വീട്ടില്‍ നിന്നും ഭക്ഷണവും കഴിച്ച്‌ ഇപ്പോള്‍ ഈ റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ മയങ്ങാനും അവന്‍ വന്നു.

അടുത്തുള്ള ഒരു റബ്ബര്‍മരത്തില്‍ പിടിച്ച്‌, ആ കുന്നിന്‍ മുകളിലേക്ക്‌ കയറുമ്പോള്‍ മുന്നില്‍ ചേന്ദമംഗല്ലൂര്‍ ഹൈസ്‌കൂളിന്റെ ഓടിട്ട മേല്‍ക്കൂര കണ്ടുതുടങ്ങി. വിജനമായ ആ കുന്നിന്മുകളിലെ ഏകാന്തതയില്‍, ആ കെട്ടിടങ്ങള്‍ക്ക്‌ കൂട്ടിനുണ്ടായിരുന്നത്‌, വിദാര്‍ത്ഥികള്‍ ബ്ലേഡ്‌ കൊണ്ട്‌ കോറിയിട്ട ചിത്രങ്ങളും പേരുകളും കാത്തുസൂക്ഷിക്കുന്ന ബെഞ്ചുകളും, ഡെസ്‌കുകളും മാത്രമായിരുന്നു.

സ്‌കൂള്‍ പറമ്പിന്റെ അതിര്‌ നിര്‍ണ്ണയിച്ചിരുന്ന കരിങ്കല്‍കൂട്ടം ചാടിക്കടക്കുന്നതിനിടയിലാണ്‌, അകലെ ഒറ്റപ്പെട്ട്‌ നില്‍ക്കുന്ന ആ മാവിലേക്ക്‌ എന്റെ ശ്രദ്ധ തിരിഞ്ഞത്‌. പത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പും ആ മാവിന്‌ ഇത്രമാത്രമെ വളര്‍ച്ചയുണ്ടായിരുന്നുള്ളൂ. പ്രണയനൈരാശ്യത്താലോ എന്തോ.. ഇത്‌ വരെ പൂത്തിട്ടില്ലാത്ത ആ മാവിന്‍ ചോട്ടിലിരുന്ന് കുന്നിന്‌ താഴേക്ക്‌ നോക്കിയാല്‍ നീണ്ട്‌ കിടക്കുന്ന ഒരു ഞാണ്‍ പോലെ പുല്‍പറമ്പ്‌-മണാശ്ശേരി റോഡ്‌ കാണാം. അതിനരികിലേക്ക്‌ നടക്കുന്നതിനിടയില്‍ ഏതൊക്കെയോ ഓര്‍മകള്‍ മനസ്സിലൂടെ കടന്നു പോയി. ആ മാവില്‍ നിന്നും താഴ്‌ന്ന് കിടക്കുന്ന ഒരു ചില്ലയില്‍ പിടിച്ച്‌ താഴേക്ക്‌ നോക്കി. കുന്നിന്‍ ചെരുവില്‍ നിന്നെവിടെ നിന്നോ തഴുകിയെത്തിയ ആ ഇളംകാറ്റില്‍ ബിന്ദുവിന്റെ ശബ്‌ദം ഞാന്‍ കേട്ടുവൊ? ഈ മാവിന്‍ ചോടായിരുന്നില്ലെ അവളുടെ ഇരിപ്പിടം..!!

നീണ്ടു മെലിഞ്ഞ ആ ഇരുനിറക്കാരിയെ ഏത്‌ നാള്‍ മുതല്‍ക്കാണ്‌ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്ന് കൃത്യമായി ഓര്‍ക്കുന്നില്ല. സ്‌കൂളില്‍ പെണ്‍കുട്ടികളുമായി എന്നും ഒരകലം സൂക്ഷിച്ചിരുന്നു. അവരുമായി സംസാരിക്കാന്‍ തുടങ്ങിയാല്‍, മനസ്സംഘര്‍ഷത്തിന്റെയും ഒരു തരം ഭയത്തിന്റെയും അലകള്‍ മനസ്സിനെ ശക്‍തിയായി കമ്പനം കൊള്ളിക്കുമായിരുന്നു. പിന്നെ, കൈകളും ചുണ്ടുകളും വിറയ്‌കാന്‍ തുടങ്ങും.

ക്ലാസിലെ സുന്ദരിക്കുട്ടികള്‍ക്കിടയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു നീലക്കുറിഞ്ഞിയായിരുന്നു അവള്‍. ചേന്ദമംഗല്ലൂരിലെ ഒരു അലക്കുകാരിയുടെ മകളായ അവളിലെ ഏതു ഘടകമാണ്‌ എന്നെ ആകര്‍ഷിച്ചത്‌ എന്നെനിക്കറിയില്ല. ആ കണ്ണുകളില്‍ നിറഞ്ഞ്‌ നിന്ന നിഷ്‌കളങ്കതയോ... അതോ ആ ചുണ്ടുകളില്‍ തുളുമ്പിനിന്ന മൌനമോ..? അതുമല്ല.. ഞാനെന്നും ഇഷ്‌ടപ്പെട്ടിരുന്ന ഏകാന്തത അവളിലും ദര്‍ശിച്ചതിലോ..! ഇതൊന്നുമല്ല.. തുന്നല്‍ക്ലാസില്‍ വര്‍ണ്ണനൂലുകള്‍ ചേര്‍ത്ത്‌ അവള്‍ നെയ്‌തെടുത്ത പുഷ്‌പങ്ങളായിരുന്നോ എന്നെ അവളിലേക്ക്‌ ആകര്‍ഷിച്ചത്‌..!!? ഏതോ തരത്തില്‍ തോന്നിയ സഹതാപവുമാകാം.. ഒരിക്കല്‍ ക്ലാസില്‍ വെച്ച്‌ അവളുടെ കൈകളില്‍ നിന്നും താഴെ വീണ കാലപ്പഴക്കം ചെന്ന ഒരു പുസ്‌തകത്തില്‍ നിന്നും താളുകള്‍ നാലുപാടും ചിതറിയപ്പോള്‍, ചിതറിയ അഭിമാനത്തിന്റെ ചീളുകള്‍ ആ മുഖത്ത്‌ മിന്നിമറഞ്ഞത്‌ ഞാന്‍ ഇന്നും ഓര്‍ക്കുന്നു.

'ഈ സ്‌ഥലം ഓര്‍മ്മയുണ്ടോടാ..' രാജീവിന്റെ ശബ്‌ദം കേട്ടപ്പോഴാണ്‌ ഓര്‍മകളില്‍ നിന്നും ഉണര്‍ന്നത്‌.

അവിടെയുള്ള ഒരു ബഹുനിലക്കെടിടം ചൂണ്ടിക്കാണിച്ചു കൊണ്ട്‌ അവന്‍ തുടര്‍ന്നു. 'പ്ലസ്‌റ്റുവിനു വേണ്ടി എടുത്ത കെട്ടിടമാണ്‌. അന്നത്തെ ആ പ്ലാവിന്‍ കൂട്ടം മൊത്തം മുറിച്ചു കളഞ്ഞു.'

കാലത്തിന്റെ മാറ്റങ്ങളെ വിശ്വസിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഉച്ചഭക്ഷണം കഴിഞ്ഞ്‌ ആ പ്ലാവിന്‍കൂട്ടത്തിനിടയിലേക്ക്‌ ഞങ്ങള്‍ വരുമായിരുന്നു. ഉതിര്‍ന്ന് വീണ പ്ലാവിലകള്‍ക്ക്‌ മുകളിലും, ചാഞ്ഞു കിടക്കുന്ന പ്ലാവിന്‍ശാഖകളിലുമിരുന്ന് കൂട്ടുകാരെല്ലാം കളിചിരികളിലേര്‍പ്പെടുമ്പോള്‍, എന്റെ കണ്ണുകള്‍ ആ ഇറുനിറക്കാരിയെ തിരയുമായിരുന്നു. ആ പ്ലാവിന്‍കൂട്ടത്തില്‍ ഏകാകിയായി നില്‍ക്കുന്ന ഒരു മാവിന്‍ചോട്ടില്‍ അവളുണ്ടാകും. ഏകാന്തതയുടെ ഇരുളില്‍ സ്വയം നിര്‍മിച്ച ലോകത്തില്‍ മനസ്സും സ്വപ്‌നങ്ങളും അര്‍പ്പിച്ച്‌ കൊണ്ട്‌.

കൌമാരത്തിന്റെ ചാപല്യങ്ങളും സ്വപ്‌നങ്ങളുമായി ദിനങ്ങള്‍ കടന്നു പോയി. ഒരു ദിവസം ക്ലാസ്‌ ടീച്ചര്‍ ഹാജര്‍ പട്ടിക നോക്കി ബിന്ദു എന്ന് വിളിച്ചപ്പോള്‍, ക്ലാസ്‌ മുറിയില്‍ മറുപടി പറഞ്ഞത്‌ നിശ്ശബ്‌ദതയായിരുന്നു. നഷ്‌ടബിന്ദുക്കളുടെ ഇരുളിലേക്കുള്ള കവാടം തുറക്കുകയായിരുന്നു എന്ന് മനസ്സിലാക്കാന്‍ ദിനങ്ങള്‍ കഴിയേണ്ടി വന്നു. ദിനങ്ങള്‍ ആഴ്‌ചകള്‍ കഴിഞ്ഞു. അവള്‍ വന്നില്ല. ക്രമേണ മറവിയുടെ പൊടിക്കാറ്റില്‍, എന്റെ മനസ്സിലെ ആ ബിംബം മറയുകയായിരുന്നു. പ്ലാവിന്‍കൂട്ടത്തിനിടയിലെ സംസാരം, താളുകള്‍ മറിക്കേണ്ടി വന്നിട്ടില്ലാത്ത പുസ്‌തകങ്ങളെടുക്കാന്‍ ലൈബ്രറിയിലേക്ക്‌ പോകുക തുടങ്ങിയ എന്റെ പതിവുകളും മാഞ്ഞു തുടങ്ങി.

ചെറിയ തലവേദനയുണ്ടായിരുന്നതിനാല്‍ അന്ന് ക്ലാസില്‍ പോയില്ലായിരുന്നു. ഉറക്കമെഴുന്നേറ്റപ്പോള്‍ സമയം പതിനൊന്ന് മണിയായി. മുഖം കഴുകി ഹോസ്‌റ്റലിനു മുന്നിലുള്ള റോഡിലൂടെ കാന്റീനിലേക്ക്‌ നടന്നു.

ഒരു നിമിഷം എന്റെ പാദങ്ങള്‍ നിശ്‌ലമായി. പഴക്കം ചെന്ന ഒരു ചുരിദാര്‍ ധരിച്ച്‌ എനിക്ക്‌ എതിര്‍ദിശയില്‍ വരുന്ന ആ ഇരുനിറക്കാരിയെ കണ്ടപ്പോള്‍, പതറിയ മനസ്സിന്റെ താളം വീണ്ടെടുക്കാന്‍ നിമിഷങ്ങള്‍ വേണ്ടി വന്നു. ആദ്യകാഴ്‌ചയില്‍ തന്നെ, സ്‌കൂള്‍ ജീവിതം നിര്‍ത്തിയതിനു പിന്നിലെ കാരണങ്ങള്‍ എനിക്ക്‌ വായിക്കാനായി. അലക്കാനുള്ള തുണികളുടെ ഭാണ്‍ഠക്കെട്ടുമായി ഇരുവഴിഞ്ഞിപ്പുഴ ലക്ഷ്യമാക്കി നടന്നു നീങ്ങുകയായിരുന്ന അവള്‍, നിമിഷങ്ങള്‍ കൊണ്ട്‌ എന്നെ മനസ്സിലാക്കി. തീനാളത്തിനടുത്ത്‌ വെച്ച മുടിയിഴ പോലെ, അവളുടെ മുഖം ചുരുങ്ങുന്നത്‌ ഞാന്‍ കണ്ടു. അപകര്‍ഷതാബോധവും, തകര്‍ന്നടിഞ്ഞ അഭിമാനത്തിന്റെ തുണ്ടുകളും ആ മുഖത്ത്‌ മിന്നിമറഞ്ഞു. അവള്‍ എന്റെ മുഖത്തേക്ക്‌ നോക്കിയില്ല. വല്ലാത്തൊരു വെപ്രാളത്തോടെ അവള്‍ എനിക്കരികിലൂടെ കടന്നു പോയി. ഞാന്‍ പാതിവഴിയില്‍ നിന്നു. മൂകമായ മനസ്സുമായി ഹോസ്‌റ്റല്‍ മുറിയിലേക്ക്‌ തിരിച്ചു നടന്നു.

വീണ്ടും ഏതോ ഒരു സായാഹ്‌നത്തില്‍ ഞാന്‍ അവളെ കണ്ടിരുന്നു. ചേന്ദമംഗല്ലൂര്‍ അങ്ങാടിയിലെ ഒരു കടയില്‍ നിന്നും ഒരു തുകല്‍ സഞ്ചിയും തൂക്കി എനിക്കരികിലൂടെ അവള്‍ നടന്നു നീങ്ങി. പക്ഷെ, അന്നവളില്‍ അപകര്‍ഷതാബോധമില്ലായിരുന്നു... അന്നവളില്‍ അപമാനഭാരമില്ലായിരുന്നു.

'നേരം ഇരുട്ടാറായി.. പോകാം' വീണ്ടും രാജീവിന്റെ ശബ്‌ദം.

'പോകാം... അതിനു മുമ്പ്‌ ആ പഴയ എട്ടാം ക്ലാസ്‌ മുറി കൂടി ഒന്ന് കാണണം'.

ക്ലാസ്‌ മുറി അടച്ചിട്ടിരിക്കുകയായിരുന്നു. പൊട്ടിപ്പൊളിഞ്ഞ ജനല്‍വഴി ഞങ്ങള്‍ അകത്ത്‌ കടന്നു. പണ്ടൊരിക്കല്‍ മൂന്ന് ബെഞ്ചുകള്‍ അടുക്കിവെച്ച്‌, മേല്‍ക്കൂരയില്‍ ചോക്ക്‌ കൊണ്ട്‌ എഴുതിയ ഞങ്ങളുടെ പേരുകള്‍ മായാതെ കിടക്കുന്നത്‌ കണ്ടപ്പോള്‍, അറിയാതെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു. അവിടെ നിന്നുമിറങ്ങി വരാന്തയിലൂടെ ലൈബ്രറിയും സ്‌റ്റാഫ്‌ റൂമും കടന്ന് നടന്നു. വിജനമായ ആ സ്‌കൂളിലും, ബെഞ്ചുകള്‍ സംസാരിക്കുന്ന ആ ക്ലാസ്‌ മുറികളിലും ഒരായിരം വിദ്ധ്യാര്‍ത്ഥികളുടെ ശബ്‌ദങ്ങള്‍ പ്രതിധ്വനി കൊള്ളുന്നത്‌ പോലെ തോന്നിച്ചു. ഞങ്ങള്‍ കുന്നിറങ്ങി താഴേക്ക്‌ നടന്നു.

പിന്നില്‍ ചേന്ദമംഗല്ലൂര്‍ ഹൈസ്‌കൂള്‍ വീണ്ടും നിശ്ശബ്‌ദതയുടെ ഇരുളിലേക്ക്‌ താണു.

Posted by dRiZzlE mOttambrum @ 2:23 AM   9 comments
Thursday, July 06, 2006

ഇതു മണ്‍സൂണ്‍ പ്രണയം
പ്രണയത്തിന്റെ ദൈവം ആരാണ്‌? ദേവനോ അതോ ദേവിയോ?നിശ്ചയമില്ല. അതുകൊണ്ടുതന്നെ വിഗ്രഹമില്ലാത്ത ഒരു ശ്രീകോവില്‍ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്‌ എന്റെ മനസ്സില്‍. ഓരോരോ സ്വപ്നങ്ങള്‍ കണ്ണാടിച്ചില്ലുകള്‍ പോലെയുടയുമ്പോള്‍ ഞാനാ ശ്രീകോവിലില്‍ ഒരു തിരികത്തിച്ചു വക്കും.ഒരിക്കലും അണയാത്ത ആ ചിരാതുകള്‍ ദീപാവലിക്കൊരുക്കുന്ന നിറദീപങ്ങള്‍ പോലെ ആയിട്ടുണ്ട്‌.എന്റെ ഏറ്റവും പുതിയ പ്രണയത്തിന്റെ അന്ത്യം ഇതാ ഇവിടെ.കഥയെന്നു വിളിക്കാമോ എന്നറിഞ്ഞുകൂടാ.

മാനത്തുനിന്നു നൂണിറങ്ങിയ മഴനൂലുകള്‍ക്കൊപ്പമാണ്‌ ഈ മണ്‍സൂണ്‍ കാലത്ത്‌ പ്രണയം എന്റെ മനസ്സിലേക്കു കടന്നുവന്നത്‌. തപിപ്പിക്കുന്ന ഭൂതകാലത്തിനെ മറ്റൊരു പട്ടു കമ്പളത്താല്‍ മറച്ച്‌, മനോജ്ഞമയ ആ വികാരം എന്നെ പൊതിഞ്ഞുനിന്നു. കാണുന്നതിലോ കേള്‍ക്കുന്നതിലോ ഏറെ ഭംഗി?

പരിഭവത്തിന്റെ മൂടുപടമണിഞ്ഞ്‌ തെന്നിമായുന്ന കാര്‍മുകിലിനെ തടഞ്ഞുനിര്‍ത്തുമ്പോള്‍ ഉത്തുൊഗശൃൊഗത്തിനോട്‌ അവന്‍ എന്താണു പറഞ്ഞിരിക്കുക? ഏറ്റവും മാധുര്യമുള്ള തേന്മഴകൊണ്ട്‌ നിന്നെ ഞാന്‍ നിറക്കുമെന്നോ?അവന്റെ ആ പ്രഖ്യാപനത്തില്‍ മനം കുളിര്‍ത്ത്‌ ആകെ വിവശയായി അവളും ആവശ്യപ്പെട്ടിട്ടുണ്ടാവുമോ? നിന്നിലെ സ്നേഹം മുഴോനും ആ തേന്മഴയിലൂടെ എന്റെ ഓരോ അണുവിലൂടെയും കിനിഞ്ഞിറങ്ങട്ടെയെന്ന്. അതിലൂടെ എന്നിലെ ഓരോ അണുക്കളും ഊഷരതയില്‍ നിന്നുയിര്‍ത്ത്‌ ഉര്‍വരതയെ പുല്‍കട്ടെയെന്ന്.പിന്നെ നിന്റെ സ്പര്‍ശം കൊണ്ട്‌ സഫലമായ ഈ തളിര്‍ മേനിയില്‍ പ്രതീക്ഷയുടെ പുതുനാമ്പുകളോരൊന്നായി പൊട്ടിമുളക്കട്ടെയെന്ന്.

പൂത്തുലഞ്ഞ കുടത്തെറ്റിയില്‍ നിന്ന് വളരെ സാവധാനം തേനൂറ്റിക്കൊണ്ടിരുന്ന ആ കരിവണ്ടിനോടു തികച്ചും അസൂയയാണു തോന്നിയിട്ടുള്ളത്‌.എനിക്കു നഷ്ടമായ ആ വിശേഷമാധുര്യത്തോടുള്ള അഭിനിവേശത്തിന്റെ തിരുശേഷിപ്പായിരുന്നില്ലേ ഈ കാപട്യത്തിന്റെ മൂലക്കല്ല്. എങ്കിലും ഈ പൂവുകള്‍ എന്താവും ഈ കരിവണ്ടിനോടു പറഞ്ഞിട്ടുണ്ടാവുക.സവിശേഷമായ ഈ മധു നിനക്കു മാത്രമായിട്ടണ്‌ ഞാന്‍ കരുതിവച്ചിരുന്നതെന്നോ? നിന്റെ ചുണ്ടുകള്‍ എന്നെ നുകരുമ്പോള്‍ നിന്റെ ചുണ്ടുകളുടെ മാധുര്യം എന്നെ മത്തുപിടിപ്പിക്കുന്നുവെന്നോ?

വീശിയടിക്കുന്ന കാറ്റിനൊപ്പം മുളങ്കാടിന്റെ സംഗീതം ഉയര്‍ന്നുപൊങ്ങിയപ്പോള്‍ ഉള്ളം ഉടുക്കുപാട്ടിന്റെ ഈണം ഏറ്റുവാങ്ങുകയായിരുന്നു.പിന്നീടെപ്പൊഴോ അകാലത്തില്‍ മണ്‍സൂണ്‍ നിലച്ചപ്പോള്‍ ആ പ്രണയവും, ഒഴുകിപ്പോയ വെള്ളത്തിനൊപ്പം ഒലിച്ചുപോയി. പൊള്ളൂന്ന നെഞ്ചും വിരസമായ ദിവസങ്ങളും നീണ്ട കാത്തിരിപ്പും ഇനിയും ബാക്കി.

Posted by Nileenam @ 3:22 AM   3 comments
Monday, July 03, 2006

വിരഹാര്‍ദ്രമാം ഓര്‍മ്മകള്‍ ...
അവളുടെ വിവാഹം കഴിഞ്ഞിട്ട് നാളുകളേറെ കഴിഞ്ഞിരിക്കുന്നു. എന്നും എന്നെ മുട്ടിയുരുമ്മി നടക്കാനാഗ്രഹിച്ചിരുന്ന, ഞാനില്ലാതെ ഒരു ജീവിതമില്ല എന്ന് പറഞ്ഞിരുന്ന, ഒരു ദിവസമെങ്കിലും ഞാന്‍ നേരിട്ടോ ഫോണിലോ സംസാരിച്ചില്ലെങ്കില്‍ എന്നോട് കെറുവിക്കുമായിരുന്ന എന്റെ കാമുകിയുടെ വിവാഹം, അല്ല, എന്റെ മുന്‍‌കാമുകിയുടെ വിവാഹം.

ഞാന്‍ ഇപ്പോള്‍ കരയുന്നില്ല. ഇന്നീ കമ്പ്യുട്ടറിന്റെ മുന്നില്‍ ഇരുന്ന് തിരക്ക് അഭിനയിച്ച് ജോലി ചെയ്യുമ്പോള്‍ എന്റെ കണ്ണുകള്‍ നിറയുന്നില്ല. എന്റെ തൊണ്ട ഇടറുന്നുമില്ല. എങ്കിലും എന്റെ മനസ്സ് തേങ്ങുന്നുണ്ട് എന്റെ പിടിയിലൊതുങ്ങാതെ.

എത്രയോ പകലുകളില്‍ ഞങ്ങള്‍ കൈകോര്‍ത്ത് നടന്നിരിക്കുന്നു. എത്രയോ രാത്രികള്‍ ഞങ്ങള്‍ ടെലിഫോണിന്റെ രണ്ടറ്റത്തിരുന്ന് വെളുപ്പിച്ചിരിക്കുന്നു. എത്രയോ സ്വപ്നങ്ങള്‍ ഞങ്ങള്‍ ഒരുമിച്ച് നെയ്തിരിക്കുന്നു. എല്ലാം ഇന്ന് പഴമയുടെ താളുകളില്‍ പൊടി പിടിച്ച് ആര്‍ക്കും വേണ്ടാത്ത ഓട്ടപ്പാത്രം പോലെ ഒരു മൂലയില്‍ അനാഥനായിക്കിടക്കുന്നു.

അവളുടെകൂടെ ഇരുന്നിരുന്ന പാര്‍ക്കിലെ ബെഞ്ചിന് ആ അല്‍മരം ഇന്നും തണല്‍ നല്‍കുന്നുണ്ടാകുമോ? അന്ന് ഞങ്ങളോട് കിന്നാരം പറഞ്ഞിരുന്ന കാറ്റിന് പുതിയ കൂട്ടുകാരെ കിട്ടിക്കാണുമോ? എന്നും അവള്‍ക്ക് കൊടുക്കാന്‍ പൂ വാങ്ങിയിരുന്ന കടയില്‍ നിന്ന് ഇന്നും ആരെങ്കിലും പൂ വാങ്ങുന്നുണ്ടാകുമോ? അവര്‍ക്കാര്‍ക്കും ഈ വിധി വന്നിട്ടുണ്ടാകില്ല എന്ന് സമാധാനിക്കട്ടെ ഞാന്‍.

ശുഭരാത്രി നേരാതെ ഒരു നാളിലും ഞാന്‍ ഉറങ്ങിയിരുന്നില്ല. അവളില്ലാത്ത ഒരു സ്വപ്നവും ഞാന്‍ കണ്ടിരുന്നില്ല. അവളോട് ശുഭദിനം പറയാതെ ഒരു ദിവസവും എന്റെ തുടങ്ങിയിരുന്നില്ല. ഒരു നല്ല കാര്യവും അവളോട് പറയാതെ ചെയ്തിരുന്നില്ല. ഇന്ന് എന്റെ ദിനങ്ങള്‍ വിരസങ്ങളാകുന്നു. എന്റെ ചെയ്തികള്‍ പലപ്പോഴും ഞാന്‍ തന്നെ അറിയാതെയാകുന്നു. എന്നെ ഞാന്‍ തന്നെ ശ്രദ്ധിക്കാതായിരിക്കുന്നു.

ചിലപ്പോള്‍ തോന്നും അവള്‍ എങ്ങും പോയിട്ടില്ലെന്ന്. എന്റെ കൂടെത്തന്നെയുണ്ടെന്ന്. എന്ത് ചെയ്യുമ്പോഴും “എടാ, ഞാന്‍ എല്ലാം കാണുന്നുണ്ടെന്ന്” പറഞ്ഞും, ഒറ്റയ്ക്കിരിക്കുമ്പോള്‍ “ഞാനില്ലേടാ കൂടേ” എന്ന് പറഞ്ഞും, ഞാന്‍ മറ്റെന്തെങ്കിലും ആലോചിക്കുമ്പോള്‍ “നീ എന്നെ മറന്നോടാ” എന്ന് പറഞ്ഞും അവള്‍ എന്റെ ചാരെയുണ്ടെന്ന്.

ഇന്നീക്കാണുന്നതെല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു എനിക്ക്. എന്റെ സ്വപ്നങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഞാനുള്ള ലോകവും. കാരണം ഞാനിന്ന് ജീവിക്കുന്നത് എന്റെ ഓര്‍മ്മകള്‍ക്കുള്ളിലാകുന്നു.

Posted by Sreejith K @ 3:02 PM   11 comments
Saturday, July 01, 2006

എനിക്ക്‌ നഷ്‌ടപ്പെട്ട ഒരു വളപ്പൊട്ട്‌ .....
എനിക്ക്‌ നഷ്‌ടപ്പെട്ട ഒരു വളപ്പൊട്ട്‌ ഇതാ ഇവിടെ...

ആവര്‍ത്തനവിരസതയും ക്ലൈമാക്‍സിലെ നാടകീയതയും സദയം ക്ഷമിക്കുക

Posted by ഇളംതെന്നല്‍.... @ 6:36 AM   2 comments
ആദ്യാനുരാഗമേ....
ആദ്യാനുരാഗമേ.... മഞ്ഞക്കിളി നിരാശാ കാമുക ബ്ലോഗിലേക്കെന്റെ ആദ്യ സംഭാവന.

3-ആം ക്ലാസ്സിലെത്തിയപ്പോഴാണെന്റെ മനസ്സില്‍, ആദ്യ പ്രണയം പൊട്ടി മുളച്ചത്‌. യൂണിഫോമിടേണ്ടാത്ത ബുധനാഴ്ചകളില്‍, കിടിലന്‍ കളര്‍ ഉടുപ്പുകളുട്ടുകൊണ്ട്‌ ഒരു വര്‍ണത്തുമ്പിയെപ്പോലെ, അവള്‍ വന്നു ! ബുധനാഴ്ചകള്‍ക്കായി ഞാന്‍ കാത്തിരുന്നു...പ്രാര്‍ത്ഥിച്ചു തുടങ്ങി.

ഒന്നാം ബെഞ്ചില്‍, ഒന്നാമനായിരിക്കുന്ന എന്റെ തൊട്ടരികിലിരുന്ന രണ്ടാമന്‍ ഷൈജനെ, ഏതോ ക്ലാസ്‌ പരീക്ഷക്ക്‌ ഓവര്‍ടേക്ക്‌ ചെയ്ത്‌, അവള്‍ എന്റെ തൊട്ടരികിലെത്തിയപ്പോല്‍,ഞാന്‍ ആഹ്ലാദിച്ചു !

മലയാളം മീഡിയത്തില്‍ പഠിച്ചിരുന്നതിനാല്‍, "ഐ ലൌ യൂ" എന്നു പറഞ്ഞില്ല.. പകരം, എല്ലാം ഒരു നോക്കിലൊതുക്കി !

സ്വപ്നങ്ങളില്‍ ഞങ്ങള്‍ നസീറും ജയഭാരതിയുമായി പാടിയഭിനയിച്ചു ! ( ഏതോ ഒരു ഫിലിം കണ്ട പ്രചോദനം..)
കുളത്തില്‍ കുളിക്കുമ്പോള്‍, അവള്‍ കരയിലിരുന്നു നോക്കിച്ചിരിക്കുന്നതായി തോന്നി !!

സ്കൂളില്‍ ഉച്ചഭക്ഷണ സമയത്ത്‌, ഒരുമിച്ചിരുന്നു കഴിക്കുന്ന വേളയില്‍, ഞാന്‍ കൊണ്ടു വന്നിരുന്ന ഇഡ്ഡലി അവള്‍ക്ക്‌ നീട്ടി...അവള്‍ കൊണ്ടുവന്ന ദോശ പാതി ഞാന്‍ ശാപ്പിട്ടു !

ബെഞ്ചില്‍ അടുത്തടുത്തിരിക്കുമ്പോള്‍ ഞാന്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചു..
" ദൈവമേ.. ഞങ്ങള്‍ക്ക്‌ നല്ലതു വരുത്തേണമേ !! ഞങ്ങളുടെ കുട്ടികള്‍ക്കും നല്ലതു വരുത്തേണമേ.."

നാലാം ക്ലാസ്സ്‌ വരെ നീണ്ട ആ പ്രണയത്തിനൊടുവില്‍, അവള്‍ വേറെങ്ങോ ഒരു ഗേള്‍സ്‌ ഹൈസ്കൂള്‍ കൂടും തേടി പറന്നു പറന്നു പോയി !

വര്‍ഷങ്ങള്‍ക്കു ശേഷം...അവളുടെ അച്ഛനും അമ്മയും കൂടി, അവളുടെ വിവാഹം ക്ഷണിക്കാനായി, എന്റെ വീട്ടില്‍ വന്നപ്പോള്‍, ഞാന്‍ നെടുവീര്‍പ്പിട്ടു.... അവള്‍ക്കൊരനിയത്തിയുണ്ടല്ലോ എന്നോര്‍ത്ത്‌ സമാധാനിച്ചു...!!

ദൈവത്തിനു നന്ദി !! 3-ആം ക്ലാസ്സിലെ എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു......

അവളും, കുട്ടികളും ഇന്നു മദിരാശിയില്‍, സുഖമായി ജീവിക്കുന്നു...
ഞാനും എന്റെ പിള്ളാരും, ഇങ്ങു ഷാര്‍ജയിലും !!! ;) !

ഇടിവാള്‍

Posted by ഇടിവാള്‍ @ 4:07 AM   13 comments
 
Previous Posts

പിറന്നാള്‍സ്മരണകള്‍
വിരഹം
കാണാമറയത്തെ നായികയും, പുന:സമാഗമവും
കാണാമറയത്തെ പ്രണയം - അദ്ധ്യായം ഒന്ന്.
അതുപോലൊരു പകല്‍
വസന്തവും കാത്ത്‌...
ഒരു കന്യാകുമാരിയാത്ര... നഷ്‌ടവസന്തത്തിന്‍ സ്വപ്നയാ...
പൂരിപ്പിക്കാതെ.....
ആ നീലക്കുറിഞ്ഞി പൂത്തിട്ടില്ലായിരുന്നു.
ഇതു മണ്‍സൂണ്‍ പ്രണയംArchives
June 2006
July 2006
August 2006
October 2006
April 2007