Wednesday, July 12, 2006

ആ നീലക്കുറിഞ്ഞി പൂത്തിട്ടില്ലായിരുന്നു.
ഒരില വന്ന് മുഖത്ത്‌ വീണപ്പോഴാണ്‌ ഉറക്കത്തില്‍ നിന്നെഴുന്നേറ്റത്‌. ഇടതൂര്‍ന്ന് നില്‍ക്കുന്ന റബര്‍ മരങ്ങള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്ന സായാഹ്നസൂര്യന്റെ നേര്‍ത്ത കിരണങ്ങള്‍, മയക്കം വിട്ടുമാറിയിട്ടില്ലാത്ത കണ്ണുകളില്‍ അസ്വസ്‌തത ജനിപ്പിച്ചു. കൈകള്‍ മുകളിലേക്കുയര്‍ത്തി, ഒന്നു നടു നിവര്‍ത്തിയതിനു ശേഷം, അടുത്ത്‌ കിടക്കുന്ന രാജീവിനെ തട്ടി വിളിച്ചു. നല്ല ഒരു മയക്കത്തിന്റെ താളം അവന്റെ കണ്ണുകളിലും ആ മങ്ങിയ ചിരിയിലും കാണാമായിരുന്നു.

'നന്നായിട്ടൊന്നുറങ്ങി ല്ലേ..'

പരന്നു കിടക്കുന്ന റബര്‍ തോട്ടത്തിന്റെ മറുവശത്തേക്ക്‌ അലക്ഷ്യമായി നോക്കിക്കൊണ്ട്‌ അവന്‍ പറഞ്ഞു. അതു കേട്ടിട്ടെന്ന പോലെ ഒന്നു മൂളിക്കൊണ്ട്‌ ഞാന്‍ ആ ചെങ്കല്‍കെട്ടുകള്‍ക്കിടയില്‍ നിന്നും താഴേക്കിറങ്ങി. ബാംഗ്ലൂരില്‍ നിന്നും ഓണാവധിക്ക്‌ നാട്ടിലെത്തി, ചേന്ദമംഗല്ലൂരിലെ ഓര്‍മകളുറങ്ങുന്ന ഈ മണ്ണിലെത്തുമ്പോല്‍ ഇവനെ കൂട്ടിന്‌ കിട്ടുമെന്ന് ഒരിക്കലും കരുതിയതല്ല. പക്ഷെ, അവനെ കണ്ടു.. അവന്റെ വീട്ടില്‍ നിന്നും ഭക്ഷണവും കഴിച്ച്‌ ഇപ്പോള്‍ ഈ റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ മയങ്ങാനും അവന്‍ വന്നു.

അടുത്തുള്ള ഒരു റബ്ബര്‍മരത്തില്‍ പിടിച്ച്‌, ആ കുന്നിന്‍ മുകളിലേക്ക്‌ കയറുമ്പോള്‍ മുന്നില്‍ ചേന്ദമംഗല്ലൂര്‍ ഹൈസ്‌കൂളിന്റെ ഓടിട്ട മേല്‍ക്കൂര കണ്ടുതുടങ്ങി. വിജനമായ ആ കുന്നിന്മുകളിലെ ഏകാന്തതയില്‍, ആ കെട്ടിടങ്ങള്‍ക്ക്‌ കൂട്ടിനുണ്ടായിരുന്നത്‌, വിദാര്‍ത്ഥികള്‍ ബ്ലേഡ്‌ കൊണ്ട്‌ കോറിയിട്ട ചിത്രങ്ങളും പേരുകളും കാത്തുസൂക്ഷിക്കുന്ന ബെഞ്ചുകളും, ഡെസ്‌കുകളും മാത്രമായിരുന്നു.

സ്‌കൂള്‍ പറമ്പിന്റെ അതിര്‌ നിര്‍ണ്ണയിച്ചിരുന്ന കരിങ്കല്‍കൂട്ടം ചാടിക്കടക്കുന്നതിനിടയിലാണ്‌, അകലെ ഒറ്റപ്പെട്ട്‌ നില്‍ക്കുന്ന ആ മാവിലേക്ക്‌ എന്റെ ശ്രദ്ധ തിരിഞ്ഞത്‌. പത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പും ആ മാവിന്‌ ഇത്രമാത്രമെ വളര്‍ച്ചയുണ്ടായിരുന്നുള്ളൂ. പ്രണയനൈരാശ്യത്താലോ എന്തോ.. ഇത്‌ വരെ പൂത്തിട്ടില്ലാത്ത ആ മാവിന്‍ ചോട്ടിലിരുന്ന് കുന്നിന്‌ താഴേക്ക്‌ നോക്കിയാല്‍ നീണ്ട്‌ കിടക്കുന്ന ഒരു ഞാണ്‍ പോലെ പുല്‍പറമ്പ്‌-മണാശ്ശേരി റോഡ്‌ കാണാം. അതിനരികിലേക്ക്‌ നടക്കുന്നതിനിടയില്‍ ഏതൊക്കെയോ ഓര്‍മകള്‍ മനസ്സിലൂടെ കടന്നു പോയി. ആ മാവില്‍ നിന്നും താഴ്‌ന്ന് കിടക്കുന്ന ഒരു ചില്ലയില്‍ പിടിച്ച്‌ താഴേക്ക്‌ നോക്കി. കുന്നിന്‍ ചെരുവില്‍ നിന്നെവിടെ നിന്നോ തഴുകിയെത്തിയ ആ ഇളംകാറ്റില്‍ ബിന്ദുവിന്റെ ശബ്‌ദം ഞാന്‍ കേട്ടുവൊ? ഈ മാവിന്‍ ചോടായിരുന്നില്ലെ അവളുടെ ഇരിപ്പിടം..!!

നീണ്ടു മെലിഞ്ഞ ആ ഇരുനിറക്കാരിയെ ഏത്‌ നാള്‍ മുതല്‍ക്കാണ്‌ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്ന് കൃത്യമായി ഓര്‍ക്കുന്നില്ല. സ്‌കൂളില്‍ പെണ്‍കുട്ടികളുമായി എന്നും ഒരകലം സൂക്ഷിച്ചിരുന്നു. അവരുമായി സംസാരിക്കാന്‍ തുടങ്ങിയാല്‍, മനസ്സംഘര്‍ഷത്തിന്റെയും ഒരു തരം ഭയത്തിന്റെയും അലകള്‍ മനസ്സിനെ ശക്‍തിയായി കമ്പനം കൊള്ളിക്കുമായിരുന്നു. പിന്നെ, കൈകളും ചുണ്ടുകളും വിറയ്‌കാന്‍ തുടങ്ങും.

ക്ലാസിലെ സുന്ദരിക്കുട്ടികള്‍ക്കിടയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു നീലക്കുറിഞ്ഞിയായിരുന്നു അവള്‍. ചേന്ദമംഗല്ലൂരിലെ ഒരു അലക്കുകാരിയുടെ മകളായ അവളിലെ ഏതു ഘടകമാണ്‌ എന്നെ ആകര്‍ഷിച്ചത്‌ എന്നെനിക്കറിയില്ല. ആ കണ്ണുകളില്‍ നിറഞ്ഞ്‌ നിന്ന നിഷ്‌കളങ്കതയോ... അതോ ആ ചുണ്ടുകളില്‍ തുളുമ്പിനിന്ന മൌനമോ..? അതുമല്ല.. ഞാനെന്നും ഇഷ്‌ടപ്പെട്ടിരുന്ന ഏകാന്തത അവളിലും ദര്‍ശിച്ചതിലോ..! ഇതൊന്നുമല്ല.. തുന്നല്‍ക്ലാസില്‍ വര്‍ണ്ണനൂലുകള്‍ ചേര്‍ത്ത്‌ അവള്‍ നെയ്‌തെടുത്ത പുഷ്‌പങ്ങളായിരുന്നോ എന്നെ അവളിലേക്ക്‌ ആകര്‍ഷിച്ചത്‌..!!? ഏതോ തരത്തില്‍ തോന്നിയ സഹതാപവുമാകാം.. ഒരിക്കല്‍ ക്ലാസില്‍ വെച്ച്‌ അവളുടെ കൈകളില്‍ നിന്നും താഴെ വീണ കാലപ്പഴക്കം ചെന്ന ഒരു പുസ്‌തകത്തില്‍ നിന്നും താളുകള്‍ നാലുപാടും ചിതറിയപ്പോള്‍, ചിതറിയ അഭിമാനത്തിന്റെ ചീളുകള്‍ ആ മുഖത്ത്‌ മിന്നിമറഞ്ഞത്‌ ഞാന്‍ ഇന്നും ഓര്‍ക്കുന്നു.

'ഈ സ്‌ഥലം ഓര്‍മ്മയുണ്ടോടാ..' രാജീവിന്റെ ശബ്‌ദം കേട്ടപ്പോഴാണ്‌ ഓര്‍മകളില്‍ നിന്നും ഉണര്‍ന്നത്‌.

അവിടെയുള്ള ഒരു ബഹുനിലക്കെടിടം ചൂണ്ടിക്കാണിച്ചു കൊണ്ട്‌ അവന്‍ തുടര്‍ന്നു. 'പ്ലസ്‌റ്റുവിനു വേണ്ടി എടുത്ത കെട്ടിടമാണ്‌. അന്നത്തെ ആ പ്ലാവിന്‍ കൂട്ടം മൊത്തം മുറിച്ചു കളഞ്ഞു.'

കാലത്തിന്റെ മാറ്റങ്ങളെ വിശ്വസിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഉച്ചഭക്ഷണം കഴിഞ്ഞ്‌ ആ പ്ലാവിന്‍കൂട്ടത്തിനിടയിലേക്ക്‌ ഞങ്ങള്‍ വരുമായിരുന്നു. ഉതിര്‍ന്ന് വീണ പ്ലാവിലകള്‍ക്ക്‌ മുകളിലും, ചാഞ്ഞു കിടക്കുന്ന പ്ലാവിന്‍ശാഖകളിലുമിരുന്ന് കൂട്ടുകാരെല്ലാം കളിചിരികളിലേര്‍പ്പെടുമ്പോള്‍, എന്റെ കണ്ണുകള്‍ ആ ഇറുനിറക്കാരിയെ തിരയുമായിരുന്നു. ആ പ്ലാവിന്‍കൂട്ടത്തില്‍ ഏകാകിയായി നില്‍ക്കുന്ന ഒരു മാവിന്‍ചോട്ടില്‍ അവളുണ്ടാകും. ഏകാന്തതയുടെ ഇരുളില്‍ സ്വയം നിര്‍മിച്ച ലോകത്തില്‍ മനസ്സും സ്വപ്‌നങ്ങളും അര്‍പ്പിച്ച്‌ കൊണ്ട്‌.

കൌമാരത്തിന്റെ ചാപല്യങ്ങളും സ്വപ്‌നങ്ങളുമായി ദിനങ്ങള്‍ കടന്നു പോയി. ഒരു ദിവസം ക്ലാസ്‌ ടീച്ചര്‍ ഹാജര്‍ പട്ടിക നോക്കി ബിന്ദു എന്ന് വിളിച്ചപ്പോള്‍, ക്ലാസ്‌ മുറിയില്‍ മറുപടി പറഞ്ഞത്‌ നിശ്ശബ്‌ദതയായിരുന്നു. നഷ്‌ടബിന്ദുക്കളുടെ ഇരുളിലേക്കുള്ള കവാടം തുറക്കുകയായിരുന്നു എന്ന് മനസ്സിലാക്കാന്‍ ദിനങ്ങള്‍ കഴിയേണ്ടി വന്നു. ദിനങ്ങള്‍ ആഴ്‌ചകള്‍ കഴിഞ്ഞു. അവള്‍ വന്നില്ല. ക്രമേണ മറവിയുടെ പൊടിക്കാറ്റില്‍, എന്റെ മനസ്സിലെ ആ ബിംബം മറയുകയായിരുന്നു. പ്ലാവിന്‍കൂട്ടത്തിനിടയിലെ സംസാരം, താളുകള്‍ മറിക്കേണ്ടി വന്നിട്ടില്ലാത്ത പുസ്‌തകങ്ങളെടുക്കാന്‍ ലൈബ്രറിയിലേക്ക്‌ പോകുക തുടങ്ങിയ എന്റെ പതിവുകളും മാഞ്ഞു തുടങ്ങി.

ചെറിയ തലവേദനയുണ്ടായിരുന്നതിനാല്‍ അന്ന് ക്ലാസില്‍ പോയില്ലായിരുന്നു. ഉറക്കമെഴുന്നേറ്റപ്പോള്‍ സമയം പതിനൊന്ന് മണിയായി. മുഖം കഴുകി ഹോസ്‌റ്റലിനു മുന്നിലുള്ള റോഡിലൂടെ കാന്റീനിലേക്ക്‌ നടന്നു.

ഒരു നിമിഷം എന്റെ പാദങ്ങള്‍ നിശ്‌ലമായി. പഴക്കം ചെന്ന ഒരു ചുരിദാര്‍ ധരിച്ച്‌ എനിക്ക്‌ എതിര്‍ദിശയില്‍ വരുന്ന ആ ഇരുനിറക്കാരിയെ കണ്ടപ്പോള്‍, പതറിയ മനസ്സിന്റെ താളം വീണ്ടെടുക്കാന്‍ നിമിഷങ്ങള്‍ വേണ്ടി വന്നു. ആദ്യകാഴ്‌ചയില്‍ തന്നെ, സ്‌കൂള്‍ ജീവിതം നിര്‍ത്തിയതിനു പിന്നിലെ കാരണങ്ങള്‍ എനിക്ക്‌ വായിക്കാനായി. അലക്കാനുള്ള തുണികളുടെ ഭാണ്‍ഠക്കെട്ടുമായി ഇരുവഴിഞ്ഞിപ്പുഴ ലക്ഷ്യമാക്കി നടന്നു നീങ്ങുകയായിരുന്ന അവള്‍, നിമിഷങ്ങള്‍ കൊണ്ട്‌ എന്നെ മനസ്സിലാക്കി. തീനാളത്തിനടുത്ത്‌ വെച്ച മുടിയിഴ പോലെ, അവളുടെ മുഖം ചുരുങ്ങുന്നത്‌ ഞാന്‍ കണ്ടു. അപകര്‍ഷതാബോധവും, തകര്‍ന്നടിഞ്ഞ അഭിമാനത്തിന്റെ തുണ്ടുകളും ആ മുഖത്ത്‌ മിന്നിമറഞ്ഞു. അവള്‍ എന്റെ മുഖത്തേക്ക്‌ നോക്കിയില്ല. വല്ലാത്തൊരു വെപ്രാളത്തോടെ അവള്‍ എനിക്കരികിലൂടെ കടന്നു പോയി. ഞാന്‍ പാതിവഴിയില്‍ നിന്നു. മൂകമായ മനസ്സുമായി ഹോസ്‌റ്റല്‍ മുറിയിലേക്ക്‌ തിരിച്ചു നടന്നു.

വീണ്ടും ഏതോ ഒരു സായാഹ്‌നത്തില്‍ ഞാന്‍ അവളെ കണ്ടിരുന്നു. ചേന്ദമംഗല്ലൂര്‍ അങ്ങാടിയിലെ ഒരു കടയില്‍ നിന്നും ഒരു തുകല്‍ സഞ്ചിയും തൂക്കി എനിക്കരികിലൂടെ അവള്‍ നടന്നു നീങ്ങി. പക്ഷെ, അന്നവളില്‍ അപകര്‍ഷതാബോധമില്ലായിരുന്നു... അന്നവളില്‍ അപമാനഭാരമില്ലായിരുന്നു.

'നേരം ഇരുട്ടാറായി.. പോകാം' വീണ്ടും രാജീവിന്റെ ശബ്‌ദം.

'പോകാം... അതിനു മുമ്പ്‌ ആ പഴയ എട്ടാം ക്ലാസ്‌ മുറി കൂടി ഒന്ന് കാണണം'.

ക്ലാസ്‌ മുറി അടച്ചിട്ടിരിക്കുകയായിരുന്നു. പൊട്ടിപ്പൊളിഞ്ഞ ജനല്‍വഴി ഞങ്ങള്‍ അകത്ത്‌ കടന്നു. പണ്ടൊരിക്കല്‍ മൂന്ന് ബെഞ്ചുകള്‍ അടുക്കിവെച്ച്‌, മേല്‍ക്കൂരയില്‍ ചോക്ക്‌ കൊണ്ട്‌ എഴുതിയ ഞങ്ങളുടെ പേരുകള്‍ മായാതെ കിടക്കുന്നത്‌ കണ്ടപ്പോള്‍, അറിയാതെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു. അവിടെ നിന്നുമിറങ്ങി വരാന്തയിലൂടെ ലൈബ്രറിയും സ്‌റ്റാഫ്‌ റൂമും കടന്ന് നടന്നു. വിജനമായ ആ സ്‌കൂളിലും, ബെഞ്ചുകള്‍ സംസാരിക്കുന്ന ആ ക്ലാസ്‌ മുറികളിലും ഒരായിരം വിദ്ധ്യാര്‍ത്ഥികളുടെ ശബ്‌ദങ്ങള്‍ പ്രതിധ്വനി കൊള്ളുന്നത്‌ പോലെ തോന്നിച്ചു. ഞങ്ങള്‍ കുന്നിറങ്ങി താഴേക്ക്‌ നടന്നു.

പിന്നില്‍ ചേന്ദമംഗല്ലൂര്‍ ഹൈസ്‌കൂള്‍ വീണ്ടും നിശ്ശബ്‌ദതയുടെ ഇരുളിലേക്ക്‌ താണു.

Posted by dRiZzlE mOttambrum @ 2:23 AM  
9 Comments:
Blogger ദില്‍ബാസുരന്‍ said...

ദേ.. ഡ്രിസിലിന്റെ മഞ്ഞക്കിളിയും ചിലച്ചു. ഇനി എന്റേത് മാത്രമേ ബാക്കിയുള്ളൂ?

എക്ഷ്ഹുതി വരുമ്പോള്‍ കണ്ണ് നിറയുന്നത് കാരണം എന്നിക്ക് എഴുതി മുഴുമിപ്പിക്കാനാവുന്നില്ല. ഡ്രിസില്‍.. എന്റെങ്കിലും ടിപ്പ് തന്ന് ഹെല്‍പ്പ് ചെയ്യൂ‍..

ബൈ ദ ബൈ താങ്കളുടെ മാവും എന്നെങ്കിലും പൂക്കും. പൂക്കില്ലേ?

3:43 AM  

Blogger സ്ഖലിതങ്ങള്‍ said...

Drizzlejee..
manassilevideyoo azhnnirangi...
thnx...
Shareef

4:31 AM  

Blogger ബിന്ദു said...

നന്നായി എഴുതിയിട്ടുണ്ട്‌. ഒരു ബിന്ദു എങ്കിലും ഇല്ലാത്ത ക്ലാസ്സില്ല അല്ലെ? :)

10:33 AM  

Blogger ഇത്തിരിവെട്ടം|Ithiri said...

നന്നായിരുന്നു..
കൂടുതല്‍ പ്രതീക്ഷിക്കുന്നു.

12:15 AM  

Blogger ഡ്രിസില്‍ said...

കമന്റിയ എല്ലാത്തിനും നന്ദി. ദില്‍‌ബാ.. മഞ്ഞക്കിളിയെ ഇങ്ങനെ കൂട്ടിലിടരുത്. കുറഞ്ഞത് അതിനെ ചിലക്കാനെങ്കിലും അനുവദിക്കൂ..
സ്‌ഖലിതങ്ങളെ.. ബിന്ദു... നന്തി.. നന്തി.. നന്തി...
ഇത്തിരിവെട്ടമെ... കൂടുതലൊന്നും പ്രതീക്ഷിക്കെണ്ട. ഇതിന്റെ നിലവാരം എത്ര മാത്രമുണ്ടെന്ന നല്ല ബോധത്തോട് കൂടി തന്നെയാണ് ഞാന്‍ പോസ്‌റ്റിയത്. ഇത് വായിച്ചിട്ട് ‘ഡാ പന്നീ‍ീ.. പ്രണയത്തെ കൊല്ലരുത്’ എന്നും പറഞ്ഞ് ഒരുത്തനെന്നെ ഓടിച്ചിട്ട് തല്ലിയത് ഇന്നും ഓര്‍ക്കുന്നു... :)

12:59 AM  

Blogger വിശാല മനസ്കന്‍ said...

കമന്റിയ എല്ലാത്തിനും നന്ദി!!
അതെനിക്കിട്ടപ്പെട്ടു...ഇട്ടപ്പെട്ടു.

ഒരു രണ്ടുമഞ്ഞക്കിളികള്‍ ചിലച്ചത് ഞാന്‍ പറയാന്‍ വിചാരിച്ചിട്ട് കുറെ യായി. ടൈം വേണ്ടേ??

നന്നായി എഴുതിയിട്ടുണ്ട് ചുള്ളാ..

1:05 AM  

Blogger bodhappayi said...

ഡ്രിസില്‍, എഴുത്തു വളരെ നന്നായി. ചെറുപ്പകാലത്താണു അണ്‍ക്കണ്ടീഷണല്‍ ലവ്‌ തോന്നുക. വളര്‍ച്ചയ്ക്കൊത്തു കണ്ടീഷന്‍സും വരും...

1:57 AM  

Blogger അജിത്‌ | Ajith said...

ഡ്രിസിലേ നന്നായീ..
എന്റെ മഞ്ഞക്കിളിയും കൂട്ടിലാണേയ്‌..

3:49 AM  

Blogger ഏറനാടന്‍ said...

പ്രണയിക്കുവാനുള്ള പ്രായം കഴിഞ്ഞുപോയെങ്കിലും പ്രൈമറിക്ലാസ്സ്‌ മുതല്‍ ഡിഗ്രിതലം വരെ തുടര്‍ന്ന പ്രേമഗാഥകള്‍ (മിക്കതും ഏകമാര്‍ഗ്ഗ പാതകളായിരുന്നു) കേള്‍ക്കുവാനാഗ്രഹമുണ്ടോ? എന്നാല്‍ ഞാന്‍ ചിലതെല്ലാം ഇവിടിടാം...

2:19 AM  

Post a Comment

Home

 
Previous Posts

ഇതു മണ്‍സൂണ്‍ പ്രണയം
വിരഹാര്‍ദ്രമാം ഓര്‍മ്മകള്‍ ...
എനിക്ക്‌ നഷ്‌ടപ്പെട്ട ഒരു വളപ്പൊട്ട്‌ .....
ആദ്യാനുരാഗമേ....
നഷ്ടങ്ങളുടെ കാവല്‍ക്കാരെ..