Monday, October 16, 2006

കാണാമറയത്തെ നായികയും, പുന:സമാഗമവും
നൊമ്പരങ്ങള്‍ ബാക്കിയാക്കി ദൂരേ മറഞ്ഞുപോയ എന്റെ കൂട്ടുകാരി മിനിയെ വീണ്ടും കണ്ടുമുട്ടുവാന്‍ സാധിച്ച സന്തോഷം ഒന്നറിയിക്കുവാന്‍ തോന്നുന്നു.

"കാണാമറയത്തെ പ്രണയ" കഥയിലെ മിനിയെ വര്‍ഷങ്ങള്‍ക്കിപ്പുറം അറിയാനൊത്തു. ഒരു പക്ഷെ, വിരഹദു:ഖവും കുറ്റബോധവും പശ്ചാത്താപവും നിറഞ്ഞ ഒരു കാത്തിരിപ്പിന്റെ വ്യഥ നിങ്ങളുമായി പങ്കിട്ടപ്പോള്‍ ചിലരുടേയെങ്കിലും പ്രാര്‍ത്ഥനയാലാണോ എന്നറിയില്ല, ഒരു പുന:സമാഗമം സാധ്യമായി.

തികച്ചും യാദൃശ്ചികമായിട്ട്‌, പ്രണയാനുഭവം മനോരമയില്‍ പ്രസിദ്ധീകരിച്ചിട്ട്‌ അല്‍പനാളുകള്‍ക്ക്‌ ശേഷം...

ഒരു സായാഹ്നത്തില്‍ വിരസത വന്നപ്പോള്‍ ഇന്റര്‍നെറ്റിലൊന്ന് കയറി. മൂന്ന് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌. ബൂലോഗമൊന്നും അപ്പോള്‍ ഉടലെടുത്തിട്ടില്ല. അതിനാല്‍ ഏകാശ്രയമായ യാഹൂ ചാറ്റ്‌ മുറിയില്‍ ഒരു അപരനാമത്തിന്റെ മറയില്‍ ചുമ്മാ ഒന്നു കറങ്ങി. (ഇത്തരം അത്യാധുനിക ടെക്‍നോളജി വികസിപ്പിച്ചെടുത്ത ബില്‍ഗേറ്റ്‌സ്‌ പ്രഭുക്കള്‍ക്കെന്റെ ഒരായിരം പൂച്ചെണ്ടുകള്‍!)

ആ കുശലചര്‍ച്ചാ മുറിയില്‍ 'മിനി...' എന്നാരംഭിക്കുന്ന ഒരു യൂസര്‍ നാമത്തിലെന്റെ കണ്ണുടക്കി. വെറുതെയൊരു രസത്തിന്‌ ഒരു സ്വകാര്യ സന്ദേശം എയ്‌തുവിട്ടു. അതിങ്ങനെ തുടര്‍ന്നു:

"ഹായ്‌, തിരുവനന്തപുരമാണോ സ്ഥലം?"

അല്‍പം കഴിഞ്ഞ്‌ മറുപടിയെത്തി: "അതേ"

"ടാന്‍ഡം കോളേജില്‍ പഠിച്ചിരുന്നുവോ?"

കണ്ണിമക്കാതെ നോക്കിയിരിക്കെ വന്നു വീണ്ടും മറുപടി: "അതേലോ, നിങ്ങളാരാണ്‌? എന്നെ അറിയുന്നതുപോലെ!"

എന്റെ ഹൃദയമിടിപ്പ്‌ ഏറിവന്നു. ഞാനുദ്ദേശിക്കുന്ന മിനിയാവുമോ എന്നറിയാന്‍ വീണ്ടും ഏതാനും ചോദ്യങ്ങള്‍ കൂടി വിട്ടു. എന്റെ ശരിയായ പേരെന്തെന്നറിയാന്‍ അവള്‍ വാശിപിടിക്കുന്നതായി തോന്നി. ഞാന്‍ മെസ്സേജ്‌ വിട്ടു.

"എട്ട്‌ കൊല്ലങ്ങള്‍ക്ക്‌ മുന്‍പ്‌ മിനി എന്ന ഒരു സുഹൃത്തിനെ എനിക്ക്‌ നഷ്‌ടമായി. അവളാണോ ഇതെന്ന് വൃഥാ ഒരു മോഹം."

"അതേയോ. ശരി. നിങ്ങള്‍ക്ക്‌ ആളുമാറിയിരിക്കാം."

"ബുദ്ധിമുട്ടില്ലെങ്കില്‍ ഇയാളുടെ സുഹൃത്തുക്കളുടെ പേര്‍ ഒന്നുപറയാവോ? എനിക്കറിയാവുന്നവരുണ്ടോ എന്നറിയാനാണ്‌."

അവളുടെ കൂട്ടുകാരുടെ പേരുകള്‍ ഓരോന്നായി മോണിറ്ററില്‍ തെളിഞ്ഞുകൊണ്ടിരുന്നു. എന്റെ കണ്ണുകള്‍ ആഹ്ലാദവും അത്‌ഭുതവും കലര്‍ന്ന് വികസിച്ചു! സന്തോഷത്തിന്റെ പെരുമഴ പെയ്‌തുതുടങ്ങി. ഹൃദയം പെരുമ്പറ കൊട്ടി. അവളുടെ കൂട്ടുകാരെല്ലാം എനിക്കും വളരെ സുപരിചിതം! കൂട്ടത്തിലതാ തെളിയുന്നു എന്റെ,, എന്റെ സ്വന്തം പേര്‍!

ഞാന്‍ തേങ്ങി. ഒരു വല്ലാത്ത വികാരവിക്ഷോഭത്തിലകപ്പെട്ട ഞാന്‍ കണ്ണടച്ചു ദൈവത്തെ പ്രകീര്‍ത്തിച്ചു. എന്റെ വിരലുകള്‍ കീബോര്‍ഡിലൂടെ നൃത്തം ചെയ്‌തു. അകമ്പടിയായി ടൈപ്പ്‌ ചെയ്യുന്ന സ്വരം മാത്രം മൂകതയെ മുറിച്ചു.

"മിനീ... നീയെവിടെയാണ്‌? എന്നെ മറന്നിട്ടില്ലാലേ!
അതേ.. ഇത്‌ ഞാന്‍ തന്നെ, അവസാനം മിനി എഴുതിയ കൂട്ടുകാരന്റെ പേര്‌ ഇല്ലേ, അതെന്റേതാണ്‌!"

"ഭഗവാനേ! എനിക്ക്‌ വിശ്വസിക്കുവാനാവുന്നില്ല. നീയെവിടെയാണ്‌? എങ്ങിനേയാണിപ്പോള്‍ എന്നെ തിരിച്ചറിഞ്ഞത്‌?"

എല്ലാം ഭഗവാന്റെ ഓരോരോ ലീലാവിലാസങ്ങള്‍!

ഇരുവരും വിശേഷങ്ങള്‍ കൈമാറിയങ്ങനെ കഴിഞ്ഞു. അവള്‍ക്കിനിയും നേരിയ സംശയമുണ്ട്‌, വല്ല അപരനുമാവുമോ എന്നൊക്കെ. ഞാന്‍ പണ്ട്‌ അവളോട്‌ കാണിച്ച അതിക്രമത്തിന്‌ ഇപ്പോള്‍ മാപ്പ്‌ പറഞ്ഞു. ആ പാപത്തിന്റെ തീച്ചൂളയില്‍ വെന്തുരുകികൊണ്ടിരുന്ന എന്നോട്‌ മിനി ക്ഷമിച്ചിരിക്കുന്നു! അവള്‍ അന്നേ പൊറുത്തിട്ടുണ്ടായിരുന്നുവത്രേ!

എന്റെ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരുന്ന പഴയ ക്ലാസ്‌മേറ്റ്‌സിന്റെ ഫോട്ടോ എനിക്കോര്‍മ്മ വന്നു. അതില്‍ മിനിയുടെ അരികിലാണ്‌ ഞാന്‍ നില്‍ക്കുന്നത്‌. ഉടനെ അതവള്‍ക്ക്‌ ഫോര്‍വേഡ്‌ ചെയ്‌തു. അതേ പടം ഇന്നും അവള്‍ സ്വകാര്യ ആല്‍ബത്തില്‍ സൂക്ഷിക്കുന്നുവെന്നറിഞ്ഞപ്പോള്‍ സന്തോഷിച്ചു.

ഓര്‍മ്മയില്ലേ, പഠിക്കുമ്പോള്‍ ഒരാലോചന വന്നതും ഞാന്‍ അത്‌ സ്വീകരിക്കാന്‍ പറഞ്ഞ്‌ ഞങ്ങള്‍ തെറ്റിപിരിഞ്ഞതുമൊക്കെ? എന്റെ ഉപദേശം കേട്ട്‌ മിനി അയാളുടെ ഭാര്യയായി. സുഖമായി ജീവിക്കുന്നു. രണ്ടു പിള്ളേരുടെ അമ്മയായിട്ട്‌ യൂറോപ്പിലെ പ്രസിദ്ധമായ ഒരിടത്ത്‌ സന്തോഷജീവിതം നയിക്കുന്നു. തീര്‍ച്ചയായും മനസ്സിലെങ്കിലും മിനിയെന്നോട്‌ കൃതാര്‍ത്ഥത പറഞ്ഞിട്ടുണ്ടാവും, ഒരിക്കലെങ്കിലും.

ഞങ്ങളുടെ പ്രണയാനുഭവം മനോരമത്താളുകളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത അവളെ അറിയിച്ചു. അത്‌ഭുതത്തോടെ അവള്‍ അതൊന്ന് വായിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. സ്‌കാന്‍ ചെയ്തുവെച്ച അതിന്റെ പകര്‍പ്പ്‌ മടിയോടെ ഞാന്‍ അവള്‍ക്കയച്ചു. അക്ഷമനായി കാത്ത്രിക്കെ നിമിഷങ്ങള്‍ക്കൊടുവില്‍ മിനിയുടെ മറുപടി മോണിറ്ററില്‍ മിന്നി. കഥ വായിച്ച്‌ അവള്‍ സങ്കടത്തിലാണ്‌. അവള്‍ കാരണം ഞാന്‍ ഇത്രമാത്രം വിഷമം നേരിട്ടതില്‍ എങ്ങനെ ക്ഷമാപണം ചെയ്യേണ്ടുവെന്നറിയാതെ വിതുമ്പുന്നതായി എനിക്ക്‌ അനുഭവപ്പെട്ടു.

മണിക്കൂറുകള്‍ കൊഴിഞ്ഞുപോകവേ അവള്‍ക്കും കുടുംബത്തിനും നന്മ നേര്‍ന്നുകൊണ്ട്‌ ഞാന്‍ ഇന്റര്‍നെറ്റിന്റെ മായികവലയുടെ വെളിയിലേക്ക്‌ മനസ്സില്ലാമനസ്സോടെ യാഥാര്‍ഥ്യലോകത്തെത്തി. ഇനിയെന്നും ഒരുത്തമ സുഹൃത്ത്‌ മാത്രമായി സൗഹൃദം തുടരുമെന്ന് ആശിച്ചുകൊണ്ട്‌... അവളുടെ സന്തുഷ്‌ടമായ കുടുംബജീവിതത്തിന്‌ നല്ലത്‌ മാത്രം വരട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്‌...

Posted by ഏറനാടന്‍ @ 5:08 AM  




12 Comments:
Blogger ഏറനാടന്‍ said...

നൊമ്പരങ്ങള്‍ ബാക്കിയാക്കി ദൂരേ മറഞ്ഞുപോയ എന്റെ കൂട്ടുകാരി മിനിയെ വീണ്ടും കണ്ടുമുട്ടുവാന്‍ സാധിച്ച സന്തോഷം ഒന്നറിയിക്കുവാന്‍ തോന്നുന്നു.

5:12 AM  

Blogger പാര്‍വതി said...

ഇത് തന്നെയാണ് എന്റെ മനസ്സ് പറഞ്ഞത്,ഒന്നാശ്വസിപ്പിക്കനെങ്കിലും അണച്ച് പിടിച്ചിരുന്നെങ്കില്‍ എന്ന് അവള്‍ ആഗ്രഹിച്ചിരുന്നിരിക്കും എന്ന്..മനസ്സില്‍ കരുതിയ പോലെ ഈ വരികള്‍ അവസാനിച്ചതിന് നന്ദി.

ഈ ലക്കത്തില്‍ എന്റെ കണ്ണ് നിറഞ്ഞു,നഷ്ടപെട്ടതിന്റെയും സ്നേഹിക്കുമ്പോളാണ് നമ്മളൊക്കെ മനുഷ്യരിലും ഉയരുന്നത്.

-പാര്‍വതി

5:15 AM  

Blogger പടിപ്പുര said...

This comment has been removed by a blog administrator.

5:19 AM  

Blogger പടിപ്പുര said...

ആകസ്മിതകള്‍ തന്നെ ജീവിതം!

5:22 AM  

Blogger അതുല്യ said...

ഇത്‌ ശ്രീനിവാസന്‍ പറയുന്ന പോലെ ഇത്‌ ഒരു ഉലക്കയാണു... ഇത്‌ ഒരു ചെരുപ്പാണു...

അമ്മച്ചിയാണെ ഇത്‌ ഞാന്‍ വിശ്വസിയ്കില്ല. ചാറ്റ്‌ റൂം കഥ ഒരു "കഥ" മാത്രമാണു കൂട്ടരെ.. വഞ്ചിതരാവല്ലേ.....

5:41 AM  

Blogger ചന്തു said...

കൊള്ളാം :-))

6:23 AM  

Blogger അരവിശിവ. said...

മിനിയെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് ഹൃദയസ്പര്‍ശിയായി....ഒരിയ്ക്കല്‍ എന്റെ സൈറ്റിലിട്ടൊരു കമന്റില്‍ തിരുവനതപുരത്തെക്കുറിച്ച് വാചാലനായപ്പോള്‍ പറഞ്ഞ പ്രീയപ്പെട്ടവള്‍ മിനിയാണെന്നറിഞ്ഞതില്‍ സന്തോഷം.....എവിടെയായാലും ആ കൂട്ടുകാരി സുഖമായിത്തന്നെയിരിയ്ക്കട്ടെ...

6:46 AM  

Blogger തണുപ്പന്‍ said...

ഊം ഊം...തന്നെ തന്നെ..
ഞാനിതൊക്കെയങ്ങ് വിശ്വസിച്ചു.
അതുല്യേച്ചിക്ക് സപ്പോര്‍ട്ട്.

3:43 PM  

Blogger ഇത്തിരിവെട്ടം|Ithiri said...

ഏറനാടന്‍ മാഷേ... നന്നായിരിക്കുന്നു കെട്ടോ.

9:31 PM  

Blogger ഏറനാടന്‍ said...

പാര്‍വതീ: താങ്‌ക്‍സ്‌

പടിപ്പുരയ്‌ക്കുമെന്റെ നന്ദി.

തണുപ്പാ... താനും!! കണ്ടൊ കണ്ടോ തിരോന്തരംകാരായ ചന്തൂജിയും അരവിശിവയും, അവര്‍ക്കറിയാം സംഭവത്തിന്റെ കാതല്‍..

അമ്മയാണേ സത്യം! അതുല്ല്യേച്ചി ഇക്കാര്യത്തിലെന്നെ ശ്രീനിവാസനായിട്ട്‌ ഉപമിക്കരുത്‌. പണ്ടൊരു ജാലവിദ്യക്കാരന്‍ നമ്പറുകളൊന്നുമേശാഞ്ഞിട്ട്‌ സ്വന്തം ഹൃദയം പറിച്ചെടുത്ത്‌ കാണിച്ചപ്പോ കൂടിനിന്നവന്മാരൊക്കെ ചിരിച്ചോണ്ട്‌ പറഞ്ഞില്ലേ: "ഇതൊക്കെ ലവന്റെ നമ്പറുകളല്ലെടേയ്‌, അതുവെറുമൊരു ചെമ്പരത്തിപ്പൂ മാത്രം!" (ദൈവമേ നീയെന്റെ ചെവിയില്‍ ചെമ്പരത്തിപ്പൂ തിരുകാനിടയാക്കരുതേ!)

9:40 PM  

Anonymous ഇവിടെ പേരില്ലാതിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു said...

സ്ക്രീനൊന്ന് മങ്ങിയപോലെ, ഇടയ്ക്കൊക്കെ കണ്ണടയുടെ ചില്ലിളകി വീഴാറുള്ളതിനാല്‍ ആദ്യം പിടിച്ചത് ഫ്രെയിമിലാണ്... ഇല്ല, അതിനൊരുകുഴപ്പവുമില്ല, പക്ഷേ സ്ക്രീനിലെ വാക്കുകള്‍ക്ക് മങ്ങല്‍, കണ്ണിനു ചെറിയൊരു പുകച്ചില്‍പോലെ, ഒരു നിമിഷം മാത്രമേ എനിക്കത് അനുഭവപ്പെട്ടുള്ളു, രണ്ട് കവിളിലൂടെയും ഒഴുകിയ കണ്ണുനീരിര്‍ ചാലിലൊന്ന് മെല്ലെ ചുണ്ടില്‍ വന്നുമുട്ടി. കണ്ണു തുടച്ചിട്ടും, ബ്ളോഗ് ക്ലോസ് ചെയ്തിട്ടും അരമണിക്കൂര്‍ കിടക്കയിലമര്‍ന്നിട്ടും, ഒരു ശൂന്യത... മനസ്സില്‍! എന്‍റെ അനുഭവം തന്നെ ഏറനാണടന്‍ പറഞ്ഞപ്പോള്‍...

ലോകത്ത് ഇങ്ങനെ ചിലവ നടക്കുന്നു, ഇത്രയും കാലത്തെ പ്രവാസി ജീവിത്തത്തില്‍ നേടിയതൊക്കെ ഒന്നുമല്ലായിരുന്നുവെന്ന് തിരിച്ചറിഞ്ഞ നിമിഷത്തെ വീണ്ടും ഓര്‍മ്മിപ്പിച്ചതിന്, പഴയ നല്ലകാലത്തെ വീണ്ടും ഒരല്‍പനേരത്തേക്കെങ്കിലും മനസ്സില്‍ വീണ്ടും പൂത്തുതളിര്‍പ്പിച്ചതിന് നന്ദി

8:37 AM  

Anonymous Anonymous said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

11:31 PM  

Post a Comment

Home

 
Previous Posts

കാണാമറയത്തെ പ്രണയം - അദ്ധ്യായം ഒന്ന്.
അതുപോലൊരു പകല്‍
വസന്തവും കാത്ത്‌...
ഒരു കന്യാകുമാരിയാത്ര... നഷ്‌ടവസന്തത്തിന്‍ സ്വപ്നയാ...
പൂരിപ്പിക്കാതെ.....
ആ നീലക്കുറിഞ്ഞി പൂത്തിട്ടില്ലായിരുന്നു.
ഇതു മണ്‍സൂണ്‍ പ്രണയം
വിരഹാര്‍ദ്രമാം ഓര്‍മ്മകള്‍ ...
എനിക്ക്‌ നഷ്‌ടപ്പെട്ട ഒരു വളപ്പൊട്ട്‌ .....
ആദ്യാനുരാഗമേ....