Thursday, July 06, 2006

ഇതു മണ്‍സൂണ്‍ പ്രണയം
പ്രണയത്തിന്റെ ദൈവം ആരാണ്‌? ദേവനോ അതോ ദേവിയോ?നിശ്ചയമില്ല. അതുകൊണ്ടുതന്നെ വിഗ്രഹമില്ലാത്ത ഒരു ശ്രീകോവില്‍ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്‌ എന്റെ മനസ്സില്‍. ഓരോരോ സ്വപ്നങ്ങള്‍ കണ്ണാടിച്ചില്ലുകള്‍ പോലെയുടയുമ്പോള്‍ ഞാനാ ശ്രീകോവിലില്‍ ഒരു തിരികത്തിച്ചു വക്കും.ഒരിക്കലും അണയാത്ത ആ ചിരാതുകള്‍ ദീപാവലിക്കൊരുക്കുന്ന നിറദീപങ്ങള്‍ പോലെ ആയിട്ടുണ്ട്‌.എന്റെ ഏറ്റവും പുതിയ പ്രണയത്തിന്റെ അന്ത്യം ഇതാ ഇവിടെ.കഥയെന്നു വിളിക്കാമോ എന്നറിഞ്ഞുകൂടാ.

മാനത്തുനിന്നു നൂണിറങ്ങിയ മഴനൂലുകള്‍ക്കൊപ്പമാണ്‌ ഈ മണ്‍സൂണ്‍ കാലത്ത്‌ പ്രണയം എന്റെ മനസ്സിലേക്കു കടന്നുവന്നത്‌. തപിപ്പിക്കുന്ന ഭൂതകാലത്തിനെ മറ്റൊരു പട്ടു കമ്പളത്താല്‍ മറച്ച്‌, മനോജ്ഞമയ ആ വികാരം എന്നെ പൊതിഞ്ഞുനിന്നു. കാണുന്നതിലോ കേള്‍ക്കുന്നതിലോ ഏറെ ഭംഗി?

പരിഭവത്തിന്റെ മൂടുപടമണിഞ്ഞ്‌ തെന്നിമായുന്ന കാര്‍മുകിലിനെ തടഞ്ഞുനിര്‍ത്തുമ്പോള്‍ ഉത്തുൊഗശൃൊഗത്തിനോട്‌ അവന്‍ എന്താണു പറഞ്ഞിരിക്കുക? ഏറ്റവും മാധുര്യമുള്ള തേന്മഴകൊണ്ട്‌ നിന്നെ ഞാന്‍ നിറക്കുമെന്നോ?അവന്റെ ആ പ്രഖ്യാപനത്തില്‍ മനം കുളിര്‍ത്ത്‌ ആകെ വിവശയായി അവളും ആവശ്യപ്പെട്ടിട്ടുണ്ടാവുമോ? നിന്നിലെ സ്നേഹം മുഴോനും ആ തേന്മഴയിലൂടെ എന്റെ ഓരോ അണുവിലൂടെയും കിനിഞ്ഞിറങ്ങട്ടെയെന്ന്. അതിലൂടെ എന്നിലെ ഓരോ അണുക്കളും ഊഷരതയില്‍ നിന്നുയിര്‍ത്ത്‌ ഉര്‍വരതയെ പുല്‍കട്ടെയെന്ന്.പിന്നെ നിന്റെ സ്പര്‍ശം കൊണ്ട്‌ സഫലമായ ഈ തളിര്‍ മേനിയില്‍ പ്രതീക്ഷയുടെ പുതുനാമ്പുകളോരൊന്നായി പൊട്ടിമുളക്കട്ടെയെന്ന്.

പൂത്തുലഞ്ഞ കുടത്തെറ്റിയില്‍ നിന്ന് വളരെ സാവധാനം തേനൂറ്റിക്കൊണ്ടിരുന്ന ആ കരിവണ്ടിനോടു തികച്ചും അസൂയയാണു തോന്നിയിട്ടുള്ളത്‌.എനിക്കു നഷ്ടമായ ആ വിശേഷമാധുര്യത്തോടുള്ള അഭിനിവേശത്തിന്റെ തിരുശേഷിപ്പായിരുന്നില്ലേ ഈ കാപട്യത്തിന്റെ മൂലക്കല്ല്. എങ്കിലും ഈ പൂവുകള്‍ എന്താവും ഈ കരിവണ്ടിനോടു പറഞ്ഞിട്ടുണ്ടാവുക.സവിശേഷമായ ഈ മധു നിനക്കു മാത്രമായിട്ടണ്‌ ഞാന്‍ കരുതിവച്ചിരുന്നതെന്നോ? നിന്റെ ചുണ്ടുകള്‍ എന്നെ നുകരുമ്പോള്‍ നിന്റെ ചുണ്ടുകളുടെ മാധുര്യം എന്നെ മത്തുപിടിപ്പിക്കുന്നുവെന്നോ?

വീശിയടിക്കുന്ന കാറ്റിനൊപ്പം മുളങ്കാടിന്റെ സംഗീതം ഉയര്‍ന്നുപൊങ്ങിയപ്പോള്‍ ഉള്ളം ഉടുക്കുപാട്ടിന്റെ ഈണം ഏറ്റുവാങ്ങുകയായിരുന്നു.പിന്നീടെപ്പൊഴോ അകാലത്തില്‍ മണ്‍സൂണ്‍ നിലച്ചപ്പോള്‍ ആ പ്രണയവും, ഒഴുകിപ്പോയ വെള്ളത്തിനൊപ്പം ഒലിച്ചുപോയി. പൊള്ളൂന്ന നെഞ്ചും വിരസമായ ദിവസങ്ങളും നീണ്ട കാത്തിരിപ്പും ഇനിയും ബാക്കി.

Posted by Nileenam @ 3:22 AM  




3 Comments:
Blogger ചില നേരത്ത്.. said...

മഴ..കാത്തിരിപ്പിന്റെ ഋതുവായാണ് പരക്കെ പരാമര്‍ശിക്കപ്പെടുന്നത്..ഇവിടെ നിലീനം പ്രണയം തന്നെ മഴയായ് കാണുന്നു..വ്യത്യസ്തം ..
കാത്തിരിപ്പുകളൊടുങ്ങി പ്രണയം പെയ്തിറങ്ങുന്നതിന്റെ നേര്‍ത്ത നിസ്വനം കേള്‍ക്കുമ്പൊള്‍ മൃദുവികാരങ്ങള്‍ ഓര്‍മ്മകളില്‍ അലോസരമാകുന്നു..
ചിന്തകള്‍ കനം തൂങ്ങുന്ന തലവാചകങ്ങള്‍ അതീവ ഹൃദ്യമായി..
മഞ്ഞക്കിളിയിലേക്ക് സ്വാഗതം..

4:03 AM  

Blogger Cibu C J (സിബു) said...

വായിച്ചിട്ടില്ല.. പക്ഷെ, കണ്ടു. ലേയൌട്ട് ഗംഭീരം.

താഴെ എഴുതിയ ആളുടെ പേര് അയാളുടെ പ്രൊഫൈലിലേയ്ക്ക്‌ ഒരു ലിങ്കായി വരുന്നില്ലല്ലോ. കൂടാതെ, പോസ്റ്റിനു ശേഷം, *****.. ഇടണോ വലതു വശത്തേപ്പോലെ ഒരു കറുത്ത വരപോരെ?

7:56 AM  

Blogger Ajith Krishnanunni said...

ഞാനും പ്രണയിക്കുന്നു, മണ്‍സൂണിനെ....

1:37 AM  

Post a Comment

Home

 
Previous Posts

വിരഹാര്‍ദ്രമാം ഓര്‍മ്മകള്‍ ...
എനിക്ക്‌ നഷ്‌ടപ്പെട്ട ഒരു വളപ്പൊട്ട്‌ .....
ആദ്യാനുരാഗമേ....
നഷ്ടങ്ങളുടെ കാവല്‍ക്കാരെ..