Monday, July 03, 2006
വിരഹാര്‍ദ്രമാം ഓര്‍മ്മകള്‍ ...
അവളുടെ വിവാഹം കഴിഞ്ഞിട്ട് നാളുകളേറെ കഴിഞ്ഞിരിക്കുന്നു. എന്നും എന്നെ മുട്ടിയുരുമ്മി നടക്കാനാഗ്രഹിച്ചിരുന്ന, ഞാനില്ലാതെ ഒരു ജീവിതമില്ല എന്ന് പറഞ്ഞിരുന്ന, ഒരു ദിവസമെങ്കിലും ഞാന്‍ നേരിട്ടോ ഫോണിലോ സംസാരിച്ചില്ലെങ്കില്‍ എന്നോട് കെറുവിക്കുമായിരുന്ന എന്റെ കാമുകിയുടെ വിവാഹം, അല്ല, എന്റെ മുന്‍കാമുകിയുടെ വിവാഹം.
ഞാന്‍ ഇപ്പോള്‍ കരയുന്നില്ല. ഇന്നീ കമ്പ്യുട്ടറിന്റെ മുന്നില്‍ ഇരുന്ന് തിരക്ക് അഭിനയിച്ച് ജോലി ചെയ്യുമ്പോള്‍ എന്റെ കണ്ണുകള്‍ നിറയുന്നില്ല. എന്റെ തൊണ്ട ഇടറുന്നുമില്ല. എങ്കിലും എന്റെ മനസ്സ് തേങ്ങുന്നുണ്ട് എന്റെ പിടിയിലൊതുങ്ങാതെ.
എത്രയോ പകലുകളില്‍ ഞങ്ങള്‍ കൈകോര്‍ത്ത് നടന്നിരിക്കുന്നു. എത്രയോ രാത്രികള്‍ ഞങ്ങള്‍ ടെലിഫോണിന്റെ രണ്ടറ്റത്തിരുന്ന് വെളുപ്പിച്ചിരിക്കുന്നു. എത്രയോ സ്വപ്നങ്ങള്‍ ഞങ്ങള്‍ ഒരുമിച്ച് നെയ്തിരിക്കുന്നു. എല്ലാം ഇന്ന് പഴമയുടെ താളുകളില്‍ പൊടി പിടിച്ച് ആര്‍ക്കും വേണ്ടാത്ത ഓട്ടപ്പാത്രം പോലെ ഒരു മൂലയില്‍ അനാഥനായിക്കിടക്കുന്നു.
അവളുടെകൂടെ ഇരുന്നിരുന്ന പാര്‍ക്കിലെ ബെഞ്ചിന് ആ അല്‍മരം ഇന്നും തണല്‍ നല്‍കുന്നുണ്ടാകുമോ? അന്ന് ഞങ്ങളോട് കിന്നാരം പറഞ്ഞിരുന്ന കാറ്റിന് പുതിയ കൂട്ടുകാരെ കിട്ടിക്കാണുമോ? എന്നും അവള്‍ക്ക് കൊടുക്കാന്‍ പൂ വാങ്ങിയിരുന്ന കടയില്‍ നിന്ന് ഇന്നും ആരെങ്കിലും പൂ വാങ്ങുന്നുണ്ടാകുമോ? അവര്‍ക്കാര്‍ക്കും ഈ വിധി വന്നിട്ടുണ്ടാകില്ല എന്ന് സമാധാനിക്കട്ടെ ഞാന്‍.
ശുഭരാത്രി നേരാതെ ഒരു നാളിലും ഞാന്‍ ഉറങ്ങിയിരുന്നില്ല. അവളില്ലാത്ത ഒരു സ്വപ്നവും ഞാന്‍ കണ്ടിരുന്നില്ല. അവളോട് ശുഭദിനം പറയാതെ ഒരു ദിവസവും എന്റെ തുടങ്ങിയിരുന്നില്ല. ഒരു നല്ല കാര്യവും അവളോട് പറയാതെ ചെയ്തിരുന്നില്ല. ഇന്ന് എന്റെ ദിനങ്ങള്‍ വിരസങ്ങളാകുന്നു. എന്റെ ചെയ്തികള്‍ പലപ്പോഴും ഞാന്‍ തന്നെ അറിയാതെയാകുന്നു. എന്നെ ഞാന്‍ തന്നെ ശ്രദ്ധിക്കാതായിരിക്കുന്നു.
ചിലപ്പോള്‍ തോന്നും അവള്‍ എങ്ങും പോയിട്ടില്ലെന്ന്. എന്റെ കൂടെത്തന്നെയുണ്ടെന്ന്. എന്ത് ചെയ്യുമ്പോഴും “എടാ, ഞാന്‍ എല്ലാം കാണുന്നുണ്ടെന്ന്” പറഞ്ഞും, ഒറ്റയ്ക്കിരിക്കുമ്പോള്‍ “ഞാനില്ലേടാ കൂടേ” എന്ന് പറഞ്ഞും, ഞാന്‍ മറ്റെന്തെങ്കിലും ആലോചിക്കുമ്പോള്‍ “നീ എന്നെ മറന്നോടാ” എന്ന് പറഞ്ഞും അവള്‍ എന്റെ ചാരെയുണ്ടെന്ന്.
ഇന്നീക്കാണുന്നതെല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു എനിക്ക്. എന്റെ സ്വപ്നങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഞാനുള്ള ലോകവും. കാരണം ഞാനിന്ന് ജീവിക്കുന്നത് എന്റെ ഓര്‍മ്മകള്‍ക്കുള്ളിലാകുന്നു.
Posted by Sreejith K. @ 3:02 PM
10 Comments:
Home
|
|
|
Previous Posts
എനിക്ക് നഷ്‌ടപ്പെട്ട ഒരു വളപ്പൊട്ട് .....
ആദ്യാനുരാഗമേ....
നഷ്ടങ്ങളുടെ കാവല്‍ക്കാരെ..
|
മണ്ടത്തരം പറഞ്ഞു നടക്കുന്ന നിനക്കു വേദനിപ്പിക്കാനും അറിയാം അല്ലേ ശ്രീ. തികട്ടി വരുന്ന ഓര്‍മ്മകള്‍ നന്നായി അവതരിപ്പിച്ചു... :)
നിരാശാകാമുകചരിതം ഒഴുകുകയാണ്..മറ്റേതൊരു ബ്ലോഗിനേക്കാളും സൃഷ്ടികള്‍ ഇവിടെയുണ്ടാകുമെന്ന് പ്രത്യാശിക്കാം..
പ്രണയിച്ച്, വേദനിച്ച് , കണ്ണീരൊഴുക്കി ..ചില തത്വങ്ങള്‍ നമുക്കിവിടെ പങ്കുവെക്കാന്‍ കഴിയുമെങ്കില്‍ നന്നായേനെ..
ശ്രീജിത്തിന്റെ ഈ പ്രണയം നല്‍കിയ പാഠം പങ്ക് വെക്കണമെന്നാഗ്രഹിക്കുന്നു.നന്നായി അവതരിപ്പിച്ച വേദന!!
ശ്രീജിത്,
സത്യം പറയട്ടെ.ഇത് എഴുതുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു.പഴയ മുറിവുകളില്‍ രക്തം കിനിയുന്നു.
എത്ര മനോഹരമായ സ്വപ്നം.. ;)
നന്നായി എഴുതിയിരിക്കുന്നു....
ഹൃദയരക്‍തത്തില്‍ കുതിര്‍ന്ന തൂലികയില്‍ നിന്നുമുതിര്‍ന്ന വാക്കുകള്‍....!! `
പിന്നല്ലാതെ,
അന്നു നിങ്ങള്‍ മുട്ടിയുരുമ്മി ഇരുന്ന ബെഞ്ചിന്റേയും തണലേകിയ ആല്‍മരത്തിന്റേയും,അന്ന് വീശിയ കാറ്റിന്റേയും ഓര്‍മ്മകളില്‍ ഔട് ഓഫ് ഫോകസ് ആയി പോലും നിങ്ങളുണ്ടാകാന്‍ വഴിയില്ല.പറഞറിഞു വരുമ്പോള്‍ ചിലപ്പോള്‍ അത്‌ഭുതം കാണുമായിരിക്കും,അതിന് ശേഷം നി അവിടെ മറ്റൊരു കുട്ടുകാരിയുമായി പോയിട്ടില്ല എന്നറിയുമ്പോള്‍ :)
ഓര്‍മ്മകളുടെ മാറാല തുടച്ചുമാറ്റുമ്പോള്‍ തെളിയുന്ന ലോകവും നിനക്കുള്ളതാണ്.
ശ്രീജിത്തേ, നന്നായി എഴുതിയിട്ടുണ്ട്.
ഓഫ് ടോപ്പിക്ക്:
ഈ മഞ്ഞക്കിളിബ്ലോഗിന്റെ പ്രിയ സ്ഥാപകരേ, ഞാനൊരു കാര്യം പറഞ്ഞോട്ടേ?
ഈ “അവശകാമുകാവസ്ഥ“ എന്ന് പറയുന്ന ദുരവസ്ഥയില്‍ നിങ്ങള്‍ ഫോക്കസ് ചെയ്യുന്നതിനോട് സത്യം പറഞ്ഞാല്‍ എനിക്ക് വല്യ താല്പര്യമില്ല.
ഒരു കിളി പറന്നുപോയാല്‍ അടുത്ത കിളിയെ വളയ്ക്കാന്‍ നോക്കാതെ കിളി പോയേന്നും പറഞ്ഞോണ്ടിരുന്ന് കരയുന്നതില്‍ വല്ല അര്‍ത്ഥവുമുണ്ടോ? ഞാനിത് പണ്ടൊരിക്കല്‍ ഇബ്രാനോട് പറഞ്ഞിട്ടുള്ളതാണ്. വിട്ടുപോയ ബസ്സിന്റെ പിന്നാലെ ഓടരുതെന്ന്.
കലേഷണ്ണോ അടുത്ത ബസ്സ് വരും വരെ ഇവിടെ ആ അവശകലാകാരന്മാര്‍ വന്നിരുന്നു വിശ്രമിച്ചാല്‍ തന്നെ ഈ ശ്രമം പാഴായില്ല എന്നു ഞങ്ങല്‍ വിചാരിക്കും... :)
ചൊറിച്ചില്‍ വരുന്നസമയത്ത്‍ ചൊറിയുമ്പോള്‍ കിട്ടുന്ന സുഖം തന്നെയാണ് ഇങ്ങനെ നൊമ്പരപ്പെടുമ്പോള്‍ കിട്ടുന്നത്. അവനവനെ വിഷമിപ്പിക്കുന്ന കാര്യങ്ങളാണ് നമ്മള്‍ വെറുതേയിരിക്കുമ്പോള്‍ ആലോചിക്കാന്‍ ഇഷ്ടപ്പെടുക. അതിന്റെ രസം ഒന്ന് വേറെ തന്നെ. പായസം കുടിക്കുമ്പോള്‍ ഇടയ്ക്ക് ഒരിത്തിരി അച്ചാര്‍ തൊട്ട് നക്കുന്നത്പോലെ ഇടയ്ക്ക് നമ്മള്‍ക്ക് ഇങ്ങനെ സ്വന്ത് മുറിവുകളില്‍ മുളകിട്ട് ആ എരിവ് അസ്വദിക്കാം. മറ്റ് സന്തോഷങ്ങള്‍ നന്നായി ആസ്വദിക്കാന്‍ അത് നമ്മളെ സഹായിക്കും എന്നാണ് എന്റെ വിശ്വാസം.
എല്ലാം മറക്കാനുള്ള നല്ലൊരു വഴിയാണ് ശ്രീജിത്തേയ് ഈ തിരക്കഭിനയിക്കല്‍..
നന്നായി ശ്രീജിത്തേയ്