Wednesday, July 19, 2006

ഒരു കന്യാകുമാരിയാത്ര... നഷ്‌ടവസന്തത്തിന്‍ സ്വപ്നയാത്ര...

കൊന്നപ്പൂവുകള്‍ എങ്ങും പൂത്തുനില്‍ക്കുന്ന ഒരു വിഷുദിനത്തില്‍ ഞങ്ങള്‍ യാത്ര പുറപ്പെട്ടു. ഞങ്ങളെന്നു പറഞ്ഞാല്‍ ഞാനും എന്റെ ജീവിതസഖിയായിരുന്ന സഹയാത്രികയും. ഇത്‌ ഞങ്ങളുടെ 'ഹണിമൂണ്‍' യാത്രയാണ്‌. അവള്‍ തിരഞ്ഞെടുത്ത സ്ഥലം കന്യാകുമാരിയായിരുന്നു. ഞാന്‍ മനസ്സില്‍ വിചാരിച്ചിരുന്നത്‌ ഊട്ടിയോ കൊടൈക്കനാലോ എന്നത്‌ എന്റെ സഖിയുടെ ഇഷ്‌ടത്തിന്‌ മുന്നില്‍ ഉപേക്ഷിക്കേണ്ടിവന്നു.

ഒരു സുഹൃത്ത്‌ വഴി തരപ്പെടുത്തിയ 'സാന്‍ട്രൊ' കാറില്‍ രാവിലെ ജീവിതസഖിയുടെ തിരുവനന്തപുരത്തുള്ള ഗൃഹത്തില്‍ നിന്നും പുറപ്പെട്ടു. നഗരപരിധി വിട്ട്‌ കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ അവള്‍ എന്നും കേള്‍ക്കുവാനിഷ്‌ടപ്പെടുന്ന ചില തമിഴ്‌ഗാനങ്ങള്‍ സ്റ്റീരിയോയില്‍നിന്നും ഒഴുകിവന്നു.

"ദേവതയെ കണ്ടേന്‍.. കാതലില്‍ വിഴുന്തേന്‍..എന്നുയിരുടന്‍ കലൈന്ത്‌വിട്ടാന്‍..", "ഉയിരിനുയിരേ.. നദിയിന്‍ മടിയില്‍ കാത്ത്‌ കിടക്കിന്‍ട്രേന്‍.." എന്നീ പാട്ടുകളെന്നെയിന്നും വിരഹാര്‍ദ്രവും ഒരു ഉല്ലാസയാത്രയുടെ സുഖമുള്ള ഓര്‍മ്മകളിലേക്ക്‌ വീഴ്‌ത്തുകയും ചെയ്യാറുണ്ട്‌... ആ ..എല്ലാം വെറും മായക്കാഴ്‌ചകളായിരുന്നോ? ഒരു സ്വപ്നാടകനായിരുന്നോ ഞാനന്ന്? എനിക്ക്‌ ചിലപ്പോള്‍ തോന്നാറുണ്ട്‌. പിന്നിലെ സീറ്റില്‍ ഞങ്ങള്‍ പരസ്പരം ഇമവെട്ടാതെ കുറേനേരം ഇരുന്നു. ആ പാട്ടിലെ നായികാനായകന്മാരായി സ്വയം സങ്കല്‍പിച്ചുകൊണ്ട്‌ അവളും ഞാനും മന്ദഹസിച്ചു, ചിലപ്പോഴൊക്കെ. കാറ്റില്‍ പാറിയ അവളുടെ ലോലമായ മുടിയിഴകള്‍ എന്നെ തഴുകികൊണ്ടിരുന്നു. കൂടെ കൊണ്ടുവന്ന ആപ്പിളും മുന്തിരിയുമെല്ലാം ഞങ്ങള്‍ കൊറേശ്ശെ ആസ്വദിച്ച്‌ കഴിക്കുവാന്‍ തുടങ്ങിയിരുന്നു. കൊതി വരാതിരിക്കുവാനാണോ എന്നെനിക്കറിയില്ല, അല്‍പം ഡ്രൈവര്‍ക്കും കൊടുത്തെങ്കിലും അയാളത്‌ നിരസിച്ചുകൊണ്ട്‌ വണ്ടിയോടിക്കുന്നതില്‍ മുഴുകി.

കാര്‍ ഏറെ ദൂരം താണ്ടിയതിനുശേഷം പത്മനാഭപുരത്തെത്തി. അവിടെ സര്‍വ്വപ്രതാപത്തിലും നിലകൊള്ളുന്ന മാര്‍ത്താണ്‍ഠരാജാവിന്റെ പ്രൗഡിയുള്ള കൊട്ടാരം സന്ദര്‍ശിച്ചു. പണ്ട്‌ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇവിടെ ഉല്ലാസയാത്ര വന്നിട്ടുണ്ടായിരുന്നത്‌ ഞാനോര്‍ത്തുപോയി. അന്നെന്റെ പക്കലുണ്ടായിരുന്ന പണം നഷ്‌ടപ്പെട്ടതും മറ്റും സഖിയോട്‌ പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു.

പാസ്സെടുത്ത്‌ അകത്ത്‌ പ്രവേശിച്ചപ്പോള്‍ അധികം സന്ദര്‍ശകരെയൊന്നും കണ്ടില്ല. അവളേറെ ആഹ്ലാദിച്ചത്‌ കണ്ട്‌ ചോദിച്ചപ്പോള്‍ പറഞ്ഞത്‌ "നമുക്ക്‌ നമ്മുടെ മാത്രം കൊട്ടാരം പോലെ അല്‍പസമയത്തേക്കെങ്കിലും കിട്ടുമല്ലോ, ചേട്ടന്റെ റാണിയായി ഞാനും എന്റെ രാജകുമാരനായി.." - പറഞ്ഞത്‌ മുഴുമിക്കാതെ സഖി മുഖം പൊത്തി കുറേ ചിരിച്ചു. ഞാനവളുടെ തോളില്‍ കൈയ്യിട്ട്‌ കൊട്ടാരത്തിന്റെ അകത്തളത്തേക്ക്‌ നടന്നു.

ഈ തമാശ അന്വര്‍ത്ഥമാക്കുന്നത്‌പോലെ തന്നെ പത്മനാഭപുരം കൊട്ടാരത്തിന്റെ ഇരുള്‍ മൂടിക്കിടക്കുന്ന ഇടനാഴികളിലും പണ്ട്‌ രാജകുമാരിയും തോഴിമാരും ചിലവഴിച്ചിരുന്ന മുറികളും വരാന്തകളും എല്ലാം പൊതുവെ ആളൊഴിഞ്ഞ്‌ കിടന്നിരുന്നു, വല്ലപ്പോഴും മാര്‍ഗ്ഗം പറഞ്ഞുതരുവാന്‍ പ്രത്യക്ഷപ്പെടുന്ന 'ടൂറിസ്റ്റ്‌ ഗൈഡും' ഒന്നോ രണ്ടോ ചെറുസംഘങ്ങളും ഒഴിച്ച്‌.

ഇരുള്‍ മൂടിയ ഇടനാഴികളില്‍ പലതിലും ഞങ്ങള്‍ പലപ്പോഴും ഇണക്കുരുവികളായി മാറി. ചിലനേരങ്ങളില്‍ കുട്ടികളെപ്പോലെ ഒളിച്ചുകളിയും പഴയ സിനിമകളിലെ പ്രേംനസീര്‍-ഷീല ജോഡിയെപ്പോലെ പ്രണയരംഗങ്ങളും അന്ന് കൊട്ടാരത്തിനുള്ളില്‍ പുനരവതരിക്കപ്പെട്ടു. ഇതിനിടയ്ക്ക്‌ ഒരു വില്ലനെന്ന പോലെ കൊട്ടാരത്തിലെ കാര്യങ്ങള്‍ നോക്കുവാന്‍ സര്‍ക്കാര്‍ ശമ്പളംകൊടുത്ത്‌ നിര്‍ത്തിയിരിക്കുന്ന കാര്യസ്ഥന്‍ രംഗത്ത്‌ വന്നത്‌ അലോസരം തന്നെയായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇങ്ങനെ പൈങ്കിളികളായിരുന്നെങ്കിലും അവിടെ നൂറ്റാണ്ടുകളായി നശിക്കാതെയിരിക്കുന്ന അമൂല്യങ്ങളായ ചരിത്രസ്മാരകങ്ങളും ചിത്രപ്പണികളും ഓരോരൊ മുറികളുടെ ഘടനകളും നാണയശേഘരങ്ങളും മറ്റുമൊക്കെ വീക്ഷിച്ചിരുന്നൂട്ടോ. പ്രത്യേകിച്ചും അവള്‍ ശ്രദ്ധിച്ച്‌ മനസ്സിലാക്കിയിരുന്നത്‌ കൊട്ടാരത്തിന്റെ കെട്ടുറപ്പും മുറികളുടെ തരംതിരിവും മറ്റുമായിരുന്നു. (സഖിയൊരു സിവില്‍ എഞ്ചിനിയറാണല്ലോ..) ഞാനൊരു കലാഹൃദയത്തിന്റെ ഉടമയായതുകൊണ്ട്‌ നേരത്തെ സൂചിപ്പിച്ച സംഗതികളാണ്‌ കണ്ണില്‍ പതിഞ്ഞത്‌.

മറഞ്ഞുതിരിഞ്ഞ്‌ കിടക്കുന്ന വഴികളിലൂടേയും ഒരുപാട്‌ രഹസ്യങ്ങളുറങ്ങിക്കിടക്കുന്ന കൊട്ടാരമുറികളും ഒക്കെ കടന്നിട്ടൊടുവില്‍ ക്ഷീണിച്ച്‌ സഖിയും ഞാനും കൊട്ടാരത്തിന്റെ വെളിയില്‍ വന്നു. നോക്കുമ്പോളതാ പായല്‍ പിടിച്ചു ഉപയോഗ്യമല്ലാത്ത ഒരു വലിയ കുളം! അതില്‍ നിറയെ പല വലിപ്പത്തിലും നിറത്തിലുമുള്ള മത്സ്യങ്ങള്‍ നീന്തിത്തുടിക്കുന്നു. അതെല്ലാം ആസ്വദിച്ചുകൊണ്ട്‌ അവളും ഞാനും കുളത്തിന്റെയരികിലുള്ള ഒരു മാവിന്‍ചുവട്ടില്‍ ഇരുന്നു, ഏറെ നേരം അവളുടെ കണ്ണുകളിലെ പരല്‍മീനുകളേയും നോക്കിയിരുന്നു. മാവിന്‍കൊമ്പിലെവിടേയോ ഇരിക്കുന്ന കുയിലിന്റെ വേണുഗാനം രംഗത്തിന്‌ മാറ്റ്‌ കൂട്ടി. ഞാനേറ്റുപാടുവാന്‍ തുടങ്ങിയവേളയില്‍ അവളുടെ മൃദുവായകൈ എന്റെ വായപൊത്തി.

ഒരു ജന്മം മുഴുവന്‍ സഖിയോടൊത്ത്‌ അവിടെ ചിലവഴിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ലക്ഷ്യം സ്വാമിവിവേകാനന്ദന്റെ ധ്യാനസ്ഥലമായ കന്യാകുമാരി ആയതിനാല്‍ ഞങ്ങള്‍ പത്മനാഭപുരം കൊട്ടാരത്തോടും അവിടെത്തെ ശാന്തമായ അന്തരീക്ഷത്തോടും പിന്നെ ചില സ്വകാര്യപ്രണയനിമിഷങ്ങളോടും വിടപറഞ്ഞു പുറപ്പെട്ടു. അടുത്ത ലക്ഷ്യം മൂന്ന് സമുദ്രങ്ങളൊത്തുചേര്‍ന്ന് സല്ലപിക്കുന്ന കന്യാകുമാരി. ഭക്ഷണം കഴിച്ചതിനുശേഷം യാത്ര തുടര്‍ന്നു.

എനിയ്ക്കെന്നും ഇഷ്‌ടമുള്ള ഗസലുകളൊഴുകി വരുമ്പോള്‍ സഖിയുറക്കമായിരുന്നു. കാര്‍ തമിഴ്‌നാടിന്റെ പാതയിലൂടെ ഓടിക്കൊണ്ടിരുന്നു. വാകുന്നേരമായപ്പോള്‍ കന്യാകുമാരിയിലെത്തി. അവിടെ ഏവരും കാണുവാനാഗ്രഹിക്കുന്ന അസ്തമയസൂര്യന്‍ ഞങ്ങള്‍ക്കുവേണ്ടി കാത്തുനില്‍ക്കാതെ മറഞ്ഞുപോയിരുന്നു. ഒരു നല്ല ഹോട്ടല്‍മുറി തേടി അല്‍പം അലഞ്ഞതിനൊടുവില്‍ സാമാന്യം നല്ലതൊന്ന് കിട്ടി. ഒരു സ്റ്റാഫ്‌ ലഗേജുമെടുത്ത്‌ ഞങ്ങളുടെ മുന്നില്‍ നടന്നു. ഗോവണി കയറി അല്‍പം നീങ്ങിയപ്പോള്‍ മുറിയിലെത്തി. അണ്ണാച്ചി ലഗേജെല്ലാം വാതിലിനരികെ വെച്ച്‌ പോവുമ്പോള്‍ ജാള്യതയോടെ തിരിഞ്ഞുനിന്നു ചിരിച്ചോ? ഏയ്‌ തോന്നിയതാവും.

ഞങ്ങളുടെ മാത്രം സ്വര്‍ഗ്ഗലോകത്തേക്ക്‌ കടന്നപ്പോള്‍ നേരെമുന്നിലെ ജനാലയിലൂടെ ആകാശത്ത്‌ തേന്‍തൂകിനില്‍ക്കുന്ന ചന്ദ്രനും അങ്ങ്‌താഴെ വിവേകാനന്ദപാറയും തൊട്ടടുത്ത്‌ സ്ഥിതിചെയ്യുന്ന ശ്രീതിരുവള്ളുവരുടെ ഭീമാകാരപ്രതിമയുള്ള പാറയും വ്യക്തമായി കാണപ്പെട്ടു. ആകമാനം ദീപാങ്ങളാല്‍ അലങ്കരിച്ച ആ സ്മാരകസൗധങ്ങളും ചുറ്റുമുള്ള തിരയടങ്ങിയ സമുദ്രവും.. എല്ലാം തേന്‍നിലാവില്‍ കുളിച്ചുകിടക്കുന്ന സുഖമുള്ള ദൃശ്യം, എന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു.

കുറച്ച്‌ സമയം വിശ്രമിച്ച്‌ കുളിച്ചപ്പോള്‍ തിരിച്ചുകിട്ടിയ ഉന്മേഷത്തില്‍ സഖിയോടൊത്ത്‌ വെറുതെ പുറത്തിറങ്ങി അലസമായി നടന്നു. വഴിയോരക്കാഴ്ചകള്‍ കണ്ട്‌ ഏറെ ദൂരം പോയി. പാതവക്കില്‍ ഇരുവശത്തും തമിഴ്‌പെണ്ണുങ്ങള്‍ നിരന്നിരുന്ന് രാത്രിയിലും മുല്ലപ്പൂ വില്‍ക്കുന്നുണ്ടായിരുന്നു. കുറച്ച്‌ വാങ്ങി സഖിയ്ക്ക്‌ കൊടുത്തത്‌ അവള്‍ മുടിയില്‍ ചൂടി. പിന്നെ പലവിധം അലങ്കാരവസ്തുക്കള്‍ വില്‍ക്കുന്ന കടകളുമൊക്കെ സന്ദര്‍ശിച്ചു. വലുതും ചെറുതുമായ ശംഖുകളും ഭംഗിയുള്ള മാല, വള എന്നിത്യാദി സാധനങ്ങളും സഖി വാങ്ങിക്കൂട്ടി.

അപരിചിതമായ ആ തമിഴ്‌നഗരത്തെ ക്ഷേത്രങ്ങളും കെട്ടിടങ്ങളും ചുറ്റുമുള്ള അന്യരായ ആളുകളേയും എല്ലാം വീക്ഷിച്ച്‌ നവദമ്പതികളായ ഞങ്ങള്‍ താമസസ്ഥലത്തേക്ക്‌ തിരിച്ചു. എല്ലാത്തിനും സാക്ഷിയായിട്ട്‌ അല്‍പമകലെ വിവേകാനനന്ദസ്വാമികളും ശ്രീതിരുവള്ളുവരും സമുദ്രത്തിനുമുകളില്‍ ഉയരത്തില്‍ നില്‍പുണ്ട്‌.

ഏറെ വൈകി ഉറങ്ങുവാന്‍ കിടന്നു. മങ്ങിയ വെളിച്ചം ജനാലപ്പാളികളിലൂടെ ഞങ്ങളെ തേടിയെത്തി. മുറിയാകെ സഖിയുടെ മുടിയില്‍ ചൂടിയ മുല്ലപ്പൂമണം പരന്നു. ഏല്ലാം ഒരുന്മാദത്തിന്റെ വക്കിലെത്തിച്ചെങ്കിലും വേഗം നിദ്രയുടെ കയത്തിലേക്ക്‌ വഴുതിപ്പോയിരുന്നു ഇരുവരും..

നേരം വെളുത്തപ്പോള്‍ ആരോ കതകില്‍ തട്ടുന്ന ശബ്ദം കേട്ട്‌ ഞാനുണര്‍ന്നു. സഖി സുഖനിദ്രയില്‍ തന്നെ. വീണ്ടും മുട്ടുന്നുവാരോ.. ഞാന്‍ വാതിലിനരികെ കാതോര്‍ത്ത്‌ നിന്നു ആരാണെന്ന് ചോദിച്ചപ്പോള്‍ തമിഴിലുള്ള മറുപടി വന്നപ്പോള്‍ മാത്രമാണ്‌ സമാധാനമായത്‌.

"സാര്‍, ഉങ്കള്‍ക്ക്‌ സൂര്യോദയം പാക്കണമാ.. ശീഘ്രം വാങ്കോ.. നേരമായാച്ച്‌.."

ആ പയ്യന്‍ അടുത്ത മുറിയുടെ കതകില്‍ പോയി മുട്ടുവാന്‍ തുടങ്ങിയിരുന്നു. ഒരു പക്ഷെ അതവന്റെ പ്രഭാതചര്യയായിരിക്കാം. ഞാനുടനെ സഖിയെ തട്ടിവിളിച്ചെഴുന്നേല്‍പിച്ചു. കന്യാകുമാരിയില്‍ വന്നിട്ട്‌ ഉദയമോ അസ്തമയമോ കാണാതെ പോയാല്‍ അതൊരു തീരാനഷ്ടം തന്നെയല്ലേ. അവള്‍ അലങ്കോലമായിക്കിടന്ന വസ്‌ത്രങ്ങളും കെട്ടഴിച്ച്‌ പരത്തിയിട്ടിരുന്ന മുടിയുമെല്ലാം ശരിയാക്കി എഴുന്നേറ്റു. പെട്ടെന്ന് പ്രഭാതകൃത്യങ്ങളെല്ലാം നടത്തി വസ്‌ത്രം മാറിയ ഞങ്ങള്‍ ഹോട്ടലിന്റെ മുകളിലേക്ക്‌ പോയി. അവിടെ ധാരാളമാളുകള്‍ കാത്തിരിപ്പുണ്ടായിരുന്നു, ഉദയസൂര്യനെ വരവേല്‍ക്കുവാന്‍ ഞങ്ങളും ഒരിടത്തില്‍ ഒതുങ്ങിനിന്നു. കാമറ തയ്യാറാക്കി കിഴക്കു ചക്രവാളത്തിലെ മാറിമറിഞ്ഞുകളിക്കുന്ന നിറക്കൂട്ടുകളില്‍ തന്നെ കണ്ണൂംനട്ട്‌ നില്‍ക്കുമ്പോള്‍ അതാ പ്രത്യക്ഷപ്പെടുന്നു - സ്വര്‍ണ്ണകിരണങ്ങളുടെ അരുണിമയോടെ ഒരു തേരിലേറി വരുന്ന യോദ്ധാവിനെപോലെ ദിനകരന്‍! സമുദ്രത്തിന്റെ വിരിമാറില്‍ ദൂരെയേതോ രാജ്യത്തില്‍നിന്നുള്ള കപ്പല്‍ നീങ്ങുന്നതും കാണാമായിരുന്നു. ഇങ്ങരികെ മുക്കുവന്മാരുടെ കട്ടമരമെന്നറിപ്പെടുന്ന ചെറുമരത്തോണികളും ധാരാളം കടലിലിറങ്ങുന്നതും ഉദയസൂര്യന്റെ വെളിച്ചത്തില്‍ നല്ലയൊരു ദൃശ്യവിരുന്നൊരുക്കി.

പിന്നീട്‌ സന്ദര്‍ശിച്ചത്‌ വിശ്വവിഖ്യാതമായ വിവേകാനന്ദപാറയാണ്‌. അഭൂതപൂര്‍വ്വമായ തിരക്കായിരുന്നുവന്ന്. നാനാദേശക്കാരായ ആളുകള്‍ നിരന്ന് ബോട്ടിനുവേണ്ടി കാത്തുനിന്നു. കൊള്ളാവുന്നതിലധികം ആളുകളെ കുത്തിനിറച്ച ഒരു വലിയ ബോട്ടില്‍ ഞാനും സഖിയും ബദ്ധപ്പെട്ട്‌ കയറിക്കൂടി. ബോട്ട്‌ ആടിയുലഞ്ഞ്‌ ഓളങ്ങളെ വകഞ്ഞുമാറ്റി ലക്ഷ്യത്തിലേക്ക്‌ കുതിച്ചു. ശരിക്കും ഭയപ്പാടുണ്ടാക്കുന്ന യാത്രയായി. ഉത്സവത്തിരക്കിലകപ്പെട്ടവരെ പോലെ ഞെരുങ്ങിനില്‍ക്കേണ്ടിവന്നു ഞങ്ങളിരുവര്‍ക്കും. ആയുസ്സിന്റെ ബലം കൊണ്ടോ അതോ ഭാഗ്യമാണോ എന്നറിയില്ല ചുരുങ്ങിയ സമയത്തിനുള്ളില്‍ ബോട്ട്‌ അവിടെയെത്തി.

ഭകതിസാന്ദ്രമായ അവിടെയെല്ലാം നടന്നുകണ്ടപ്പോള്‍ മനസ്സിനൊരുണര്‍വ്വ്‌ കിട്ടിയത്‌പോലെ. പ്രധാനസൗധത്തിലുള്ള സ്വാമി വിവേകാനന്ദന്റെ മാര്‍ബിള്‍പ്രതിമ നോക്കിയല്‍പനേരം നിന്നുപോയി. എന്തൊരു ആകാരവും മുഖകാന്തിയും! ചൈതന്യമേറിയ ആ വ്യക്തിയുടെ പ്രഭാക്ഷണം ശ്രവിച്ച സായിപ്പന്മാര്‍ ശിശുക്കളെപ്പോലെ ഇരുന്നുപോയില്ലെങ്കിലേ ആശ്ചര്യപ്പെടേണ്ടതുള്ളൂ. പിന്നിട്‌ ഞങ്ങള്‍ എത്തിയത്‌ തികച്ചും നിശ്ശബ്‌ദമായ ധ്യാനസ്ഥലത്താണ്‌. സര്‍വ്വമതവിശ്വാസികളും മങ്ങിയ പ്രകാശം മാത്രമുള്ള ഒരു ഹാളിലെ മാര്‍ബിള്‍തറയില്‍ ചമ്രം പടിഞ്ഞിരുന്ന് അവരവരുടെ ദൈവങ്ങളെ സ്മരിച്ച്‌ നിശ്ചലരായി ഇരിക്കുന്നു. സഖിയുടെ കൈപിടിച്ച്‌ ഞാന്‍ അങ്ങോട്ട്‌ ചെന്നു. ഇരുളില്‍ ഹിന്ദുക്കളുടെ അടയാളമായ 'ഓം' എന്നത്‌ മാത്രം സ്വര്‍ണ്ണലിപിയില്‍ തെളിഞ്ഞു കാണാം. ചന്ദനത്തിരിയും മറ്റ്‌ സുഗന്ധവസ്തുക്കളും പുകയുന്നതിന്റെ മാസ്മരികാനുഭൂതി നാസാരന്ധ്രങ്ങളെ തഴുകിയുണര്‍ത്തി. കുറച്ച്‌ സമയം കണ്ണുകടച്ച്‌ കൈകൂപ്പി ഇരുന്നുപോയി. സമീപമിരുന്ന സഖിയുടെ സ്പര്‍ശം കിട്ടിയപ്പോള്‍ മാത്രമാണ്‌ ധ്യാനത്തില്‍ നിന്നുമുണര്‍ന്നത്‌.

അവിടെ നിന്നും അടുത്തുള്ള ശ്രീതിരുവള്ളുവര്‍പ്രതിമയുള്ള സ്ഥലവും സന്ദര്‍ശിച്ചു. അതും ഒരല്‍ഭുതചാരുതയുള്ള നിര്‍മ്മിതിയാണ്‌. ഭയങ്കരകാറ്റില്‍ ബോട്ട്‌ അവിടെയെത്തി. ആകെ ജനസാന്ദ്രമായിരുന്ന ചുറ്റുപാടില്‍നിന്നും കാറ്റില്‍ നിന്നും ഞങ്ങള്‍ അജാനുബാഹുവായ തിരുവള്ളുവര്‍പ്രതിമയ്ക്കുള്ളില്‍ പ്രവേശിച്ചു. അതേകദേശം ഒരു നാലുനില കെട്ടിടത്തിന്റെ ഉയരത്തിലാണുള്ളത്‌. കരിങ്കല്ലുകള്‍ മാത്രമുപയോഗിച്ച്‌ നിര്‍മ്മിച്ച ഏതുഭാഗത്തുനിന്നും കാറ്റെപ്പോഴും അകത്തു പ്രത്യേകരീതിയില്‍ അനുഭവപ്പെടുന്ന രീതിയിലാണ്‌ സംവിധാനം ചെയ്തിരിക്കുന്നത്‌. അവിടം ചുറ്റിനടന്ന് കണ്ട്‌ ഒരു ജാലകത്തിനരുകില്‍ ഞങ്ങളിരുന്നു. പിന്നെ മടക്കയാത്ര തിരിച്ചു.

വൈകുന്നേരം നാലുമണിയായപ്പോള്‍ കന്യാകുമാരിയോട്‌ വിടവാങ്ങി. രണ്ടുവര്‍ഷം കഴിഞ്ഞതേയുള്ളൂവെങ്കിലും ഈ യാത്രയുടെ ഓര്‍മ്മകള്‍ ഞാന്‍ മായാതെ നെഞ്ചിലേറ്റി മനസ്സിന്റെ തിരശ്ശീലയില്‍ ദര്‍ശിക്കാറുണ്ട്‌. സഖിയും അങ്ങിനെയാണോയെന്നെനിക്ക്‌ നിശ്ചയമില്ല.

കാരണം ഒരു നിസ്സാരപിണക്കം മറ്റുള്ള ചിലര്‍ പെരുപ്പിച്ചിട്ടൊടുവില്‍ ഞങ്ങള്‍ ജീവിതയാത്രയില്‍ വേര്‍പിരിയേണ്ടിവന്നു. ഒരു ഗാനത്തിന്റെ വരികള്‍ കടമെടുത്തോട്ടെ:

'പറയാതെയറിയാതെ നീ പോയതെന്തേ..
ഒരു വാക്കും മിണ്ടാഞ്ഞതെന്തേ...
എന്നുമോര്‍ക്കുന്നു ഞാന്‍.. '

നഷ്‌ടവസന്തത്തിന്‍ സുഖമുള്ള ഒരു യാത്രയുടെ ഓര്‍മ്മകളോടെ ഈ വിവരണം അവസാനിപ്പിച്ചോട്ടെ...

Posted by ഏറനാടന്‍ @ 10:27 PM  




15 Comments:
Blogger Sreejith K. said...

ഏറനാടാ, മനസ്സില്‍ തട്ടി. സത്യമായിട്ടും വിഷമം വരുന്നു എനിക്ക്.

അവസാനം എത്തും വരെ ഈ പോസ്റ്റ് എന്തിന് മഞ്ഞക്കിളിയില്‍ ഇട്ടു എന്ന ആലോചനയില്‍ ആയിരുന്നു. അവസാനം കണ്ടപ്പോള്‍ വല്ലാതെ ആയിപ്പോയി. എല്ലാം കണ്ണിന്‍ മുന്നിലെന്ന പോലെ കാണാന്‍ കഴിയുന്നുണ്ട്.താങ്കളുടെ വിഷമത്തില്‍ ഞാനും പങ്ക് ചേരുന്നു. സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു സംഭവിച്ചത്. എല്ലാ വിഷമങ്ങളും മറക്കാനുള്ള ശക്തി സര്‍വ്വേശ്വരന്‍ തരട്ടെ എന്നാശംസിക്കുന്നു.

10:57 PM  

Blogger മുല്ലപ്പൂ said...

നല്ല പോസ്റ്റ്..
ചില സംശയങ്ങള്‍ ‍ ഇപ്പൊളും ബാക്കി...

കഥയായി കാണുന്നു ഞാന്‍...
കഥയില്‍ ചോദ്യമില്ലല്ലോ..

11:41 PM  

Blogger സു | Su said...

കഥയാണോ? ആണെങ്കില്‍ സാരമില്ല. എവിടെയോ സംഭവിച്ചിരിക്കാം എന്ന് വിചാരിച്ച് സമാധാനിക്കുന്നു.

സത്യമാണോ? എന്നാല്‍... ഏറനാടാ എന്താ പറയേണ്ടതെന്നറിയില്ല. ഇനിയും ഒരു നീണ്ട ജീവിതയാത്രയ്ക്കായി നിങ്ങള്‍ ഒരുമിക്കും എന്ന് കരുതട്ടെ.

11:57 PM  

Blogger ചില നേരത്ത്.. said...

ഏറനാടാ..
കഥയിലുടനീളം സഖിക്കിത്ര പ്രാധാന്യമെന്തെന്ന് കരുതി മുഷിഞ്ഞപ്പോഴാണ് കഥാന്ത്യത്തിലേക്കെത്തിയത്..ഒരു വിനോദയാത്ര പോയത് പോലെയുള്ള വിവരണം..വേദനപ്പെടുത്തുന്ന കഥാന്ത്യം..

12:10 AM  

Blogger ഏറനാടന്‍ said...

നന്ദി ശ്രീജിത്ത്‌, മുല്ലപ്പൂ, സൂ, ചിലനേരത്ത്‌ & ഇനി കമന്റുകള്‍ ചെയ്യുന്നവര്‍ക്കും, ഇതൊരു കഥയായി മാത്രം കരുതുക. എവിടെയോ ഏതോ അപരിചിതരായ രണ്ടുപേര്‍ക്ക്‌ സംഭവിച്ചതാവാം.

12:48 AM  

Blogger Unknown said...

ഏറനാടന്‍,
നല്ല കഥ. മഞ്ഞക്കിളി ഒരു വന്‍ ഹിറ്റായി മാറുന്നു. ഏറനാടന്റെ കിളിയും ചിലച്ചു.ഇനി ആരൊക്കെ ബാക്കി?

5:54 AM  

Blogger Ajith Krishnanunni said...

ഏറനാടാ ഉള്ളില്‍ തട്ടിയ കഥ..
ആര്‍ക്കും ഉണ്ടാവാന്‍ പാടില്ലാത്ത അവസ്ഥ ആണിത്‌

6:41 AM  

Blogger സ്വാര്‍ത്ഥന്‍ said...

ഏറനാടാ,
മുത്തശ്ശിക്കഥകളിലേപ്പോലെ, ഈ രാജകുമാരനും രാജകുമാരിയും അവരുടെ മാത്രം കൊട്ടാരത്തില്‍ വീണ്ടും സംഗമിക്കാന്‍ ഇടയകട്ടെ!!!

ഓണ്‍ / ഓഫ് ടോപ്പിക്:
ഒരു മെമ്പര്‍ഷിപ്പ് കിട്ടിയിരുന്നെങ്കില്‍ ......
പ്രണയവും പരിഭവവും വിരഹവും എന്റേയും വീക്ക്നെസ്സ് ആണേ!

വേര്‍ഡ് വെരി: കൊടക് (kodagu)

12:23 PM  

Blogger Peelikkutty!!!!! said...

കുറച്ചു മാസങ്ങൾക്കു മുമ്പായിരുന്നെങ്കിൽ ഞാൻ കഥയാണെന്നു പറഞ്ഞു പൊട്ടിച്ചിരിച്ചേനേ.പക്ഷേ ഞാനിപ്പോൾ ദുപ്പട്ടകൊണ്ട് ആരും കാണാതെ കീബോർഡിലെ നനവ് തുടച്ചോണ്ടിരിക്കുകയാ!

4:55 AM  

Blogger asdfasdf asfdasdf said...

ഏറനാടാ‍.. ഇത് വായിച്ചിട്ട് എനിക്ക് ചെറുതായി പേടിയാവുന്നു. കുറച്ചു വര്‍ഷം മുന്‍പ് ഇതുപോലെ ഒരു ഹണിമൂണായിരുന്നു ഞങ്ങളുടേതും.യാത്രയുടെ വിവരണമെല്ലാം ഒരുപോലെ തന്നെ.ക്ലൈമാക്സൊഴിച്ച്.. ഗുരുവായൂരപ്പാ.. ഭാര്യ ഈ ബ്ലോഗ് കാണല്ലേ.. അപ്പൊ നേരും ഒരു ശയനപ്രദിക്ഷിണം.

5:19 AM  

Blogger ലിഡിയ said...

സ്നേഹിക്കുന്നത് നഷ്ടപെടാതിരിക്കാന്‍, എന്നും ഇതേപോലെ സ്നേഹിക്കാന്‍, സ്നേഹിക്കപെടാന്‍ എന്ത് നേര്‍ച്ചയും നേരാം..മനസ്സാണ് പലപ്പോഴും മാറുന്നത്...

ജീവിതം എന്തൊക്കെ പഠിപ്പിക്കുന്നു നമ്മേ അല്ലേ..?പല അവസരങ്ങളിലും തോന്നുന്നു നമ്മള്‍ ഈ ലോകത്തിന്റെ വിശാല വീഥിയില്‍ വെറും കാഴ്ച്ചക്കാരാണെന്ന്,കാലിക്കീശയുള്ള കാഴ്ചക്കാര്‍, വല്ലാത്ത അന്യഥാ ബോധം.

എന്നാലും ഋതുക്കളും ആവര്‍ത്തിക്കാറുണ്ടല്ലോ..നമുക്ക് ശുഭാപ്തിവിശ്വാസം കാത്തുസൂക്ഷിക്കാം

-പാര്‍വതി

7:24 AM  

Blogger ബിന്ദു said...

'ഞങ്ങളെന്നു പറഞ്ഞാല്‍ ഞാനും എന്റെ ജീവിതസഖിയായിരുന്ന സഹയാത്രികയും'. ഇതു വായിച്ചപ്പോള്‍ എന്തോ പന്തികേടു തോന്നിയിരുന്നു.
:( വല്ലാത്ത വിഷമം തോന്നുന്നു.

8:55 AM  

Blogger ഏറനാടന്‍ said...

ഈ പ്രണയപര്‍വ്വം ഇവിടെയിട്ടതിനുശേഷം ഏറെനാളുകള്‍ക്കൊടുവിലിപ്പോള്‍ നോക്കുമ്പോളാണ്‌ ആന്യരായിരുന്ന നിങ്ങളുടേയെല്ലാം ആശിര്‍വാദവും പ്രാര്‍ത്ഥനയുമെല്ലാം കാണുന്നത്‌. അതുമതി, അതുമാത്രം മതി.. കഥയിലെ നായകന്റെ വിരഹാര്‍ദ്രമാം മനസ്സിനൊരു സാന്ത്വനമായിട്ട്‌...

3:21 AM  

Anonymous Anonymous said...

arkko evideyo sambhavichath. avarippozhum randidath jeevikkunnundavam, veendum avar onnikkuvan padachvan thirumanikkatte.
nazir doha qatar

4:40 AM  

Blogger ഏറനാടന്‍ said...

This comment has been removed by the author.

1:59 AM  

Post a Comment

Home

 
Previous Posts

പൂരിപ്പിക്കാതെ.....
ആ നീലക്കുറിഞ്ഞി പൂത്തിട്ടില്ലായിരുന്നു.
ഇതു മണ്‍സൂണ്‍ പ്രണയം
വിരഹാര്‍ദ്രമാം ഓര്‍മ്മകള്‍ ...
എനിക്ക്‌ നഷ്‌ടപ്പെട്ട ഒരു വളപ്പൊട്ട്‌ .....
ആദ്യാനുരാഗമേ....
നഷ്ടങ്ങളുടെ കാവല്‍ക്കാരെ..