Saturday, October 14, 2006

കാണാമറയത്തെ പ്രണയം - അദ്ധ്യായം ഒന്ന്.
നൊമ്പരമുണര്‍ത്തുന്ന ഏതാനും ഓര്‍മ്മകള്‍മാത്രം എന്നും താലോലിച്ചു നടക്കുവാന്‍ ബാക്കിയാക്കി അകലങ്ങളിലെവിടേയോ മറഞ്ഞുപോയ മിനി എന്ന സുന്ദരിക്കുട്ടിയുടെ വ്യത്യസ്‌തമായ ഒരു പ്രണയാനുഭവം ഇവിടെ ഒന്നു കുറിച്ചോട്ടെ..

ഞാന്‍പോലും അറിയാതെ എന്നെ സ്‌നേഹിച്ചുതുടങ്ങിയ മിനി, ഞാന്‍ കാരണം കൊണ്ടുതന്നെ ദൂരത്തേക്ക്‌ പറന്നകന്നുപോയ ഒരു മാടപ്രാവിന്റെ പരിശുദ്ധിയുള്ള അവള്‍ എവിടെയാണെന്നോ ആരുടെകൂടെ ജീവിക്കുന്നുവെന്നോ ഒന്നും എനിക്കറിയില്ല. മിനിയെ ആദ്യം കാണുന്നതും പരിചയപ്പെട്ടതും, കുറച്ചു നാളുകള്‍ക്കുശേഷം ഒരു ചെറുപൊട്ടുപോലെ കാണാമറയത്തേക്ക്‌ അകന്നകന്ന് പോയതും ഞാനിപ്പോഴും ഓര്‍ത്തുപോവുന്നു.

ഡിഗ്രി പഠനം കഴിഞ്ഞ്‌ ഞാന്‍ ഒരു ഏറനാടന്‍ ഗ്രാമത്തില്‍നിന്നും തലസ്ഥാനനഗരിയിലെ ഒരിടത്ത്‌ ഉപരിപഠനത്തിനെത്തി. ആദ്യദിനത്തില്‍ ക്ലാസ്സിലെ സഹപാഠികളെ പരിചയപ്പെടുന്നതിനിടയില്‍ എന്നെതന്നെ നോക്കികൊണ്ടിരിക്കുന്ന മിനി എന്ന സുന്ദരിയെ ഞാന്‍ ശ്രദ്ധിച്ചു. ഏതാനും ദിനങ്ങള്‍ കഴിഞ്ഞ്‌ എന്നോടുള്ള അവളുടെ അടുപ്പം മറ്റുള്ളവര്‍ പറയാന്‍ തുടങ്ങിയപ്പോള്‍ ഞാനും അത്‌ ഗൗരവമായി കാണാന്‍ തുടങ്ങി.

ക്ലാസ്സില്‍ എന്റെ അരികിലുള്ള സീറ്റില്‍ മിനി വന്നിരിക്കുമായിരുന്നു. വെറുതെ സംസാരിക്കുന്നതിനായിട്ട്‌ അവള്‍ ഓരോരോ സംശയങ്ങള്‍ എപ്പോഴും ചോദിക്കും. ഞാനാണെങ്കില്‍ പ്രണയിച്ച്‌ പരിചയമില്ലാത്ത ഒരു ഏറനാടനും. എന്നിലെ ഗ്രാമീണത പലപ്പോഴും കാര്യങ്ങള്‍ എവിടെയുമെത്താതെ നീക്കി. മിനിയുടെ എന്നോടുള്ള സാമീപ്യം മറ്റുചില പിള്ളേര്‍ക്ക്‌ അത്ര രസിച്ചിരുന്നില്ല. അല്ലേലും അവരുടെ സിറ്റിയില്‍ വന്ന് അവര്‍ "നോക്കിനില്‍ക്കെ അവിടത്തുകാരി സുന്ദരിയെ പ്രണയിച്ച്‌ 'ഡ്യുയറ്റും' പാടി നടക്കാന്‍, ശ്ശെടാ ഇവനാരടേയ്‌?" എന്ന രീതിയിലാണ്‌ അവന്‍മാര്‍!

ഒരു ദിവസം, ക്ലാസ്സ്‌ തുടങ്ങുന്നതിനു മുന്‍പ്‌ പതിവുപോലെ മിനിയുടെ അരികെയിരിക്കുമ്പോള്‍ എന്നോടുള്ള ഇഷ്‌ടത്തിന്റെ കാരണം അവള്‍ വെളിപ്പെടുത്തി. മിനിയുടെ മുടിയിലെ ഷാംപൂമണം ആസ്വദിച്ചങ്ങനെ ഇരിക്കുമ്പോള്‍ അവള്‍ ഒരു പൂര്‍വകാല സംഭവം പറഞ്ഞു.

അവള്‍ക്കൊരു മുറച്ചെറുക്കനുണ്ടായിരുന്നു. എന്റെ തനിപ്പകര്‍പ്പായിരുന്നുവത്രേ അവനും! കുട്ടിക്കാലം മുതല്‍ അവര്‍ കളിക്കൂട്ടുകാരായിരുന്നുവെന്നുമൊക്കെ പറയവേ ആ നേത്രങ്ങള്‍ ഈറനണിയുന്നത്‌ ഞാന്‍ കണ്ടു. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ഒരു ബൈക്കപകടത്തില്‍ അവന്‍ മരിച്ചു. എനിക്ക്‌ വല്ലാതെ സങ്കടം വന്നു. മിനി തുടര്‍ന്നു. എന്നെ കാണുമ്പോഴും ചാരെ വന്നിരിക്കുമ്പോഴുമെല്ലാം നഷ്‌ടപ്പെട്ട കളിക്കൂട്ടുകാരനെ തിരിച്ചുകിട്ടിയതുപോലെയൊരു തോന്നല്‍!

കണ്ണീര്‍ തൂകികൊണ്ടവള്‍ എന്റെ കരം ഗ്രഹിച്ചു. ഞാനെന്തു പറയണം? ആ, എന്നിലൂടെ മരിച്ചുപോയ മുറച്ചെറുക്കന്റെ സാമീപ്യം മിനി അറിയുന്നുവെങ്കില്‍ സമാധാനമായേക്കമെന്ന് ഞാന്‍ വിചാരിച്ചു. പിന്നീടങ്ങോട്ട്‌ അവളോട്‌ സംസാരിക്കാനും നേരമുള്ളപ്പോഴെല്ലാം ഒരുമിക്കുവാനെല്ലാം ഞാന്‍ ശ്രമിച്ചു. ഞാനറിയാതെ എന്റെ മനസ്സില്‍ അവള്‍ താമസമാരംഭിക്കുന്നുവോ!

ഒരു നാള്‍ മിനിയെ കണ്ടില്ല. അന്നെനിക്ക്‌ വിരസത തോന്നി. സുഖമില്ലായെന്നറിയിച്ച്‌ ക്ലാസ്സ്‌ വിട്ട്‌ ഞാന്‍ തിരികെ മുറിയില്‍ വന്ന് കിടന്നു. അവളുടെ ഫോണ്‍നമ്പറിതുവരെ ഞാന്‍ ചോദിച്ചിട്ടില്ല. അതിനാല്‍ വിളിച്ചറിയാനും പറ്റുന്നില്ല. പിറ്റേന്ന് പതിവിലും നേരത്തെ കിഴക്കേകോട്ടയില്‍നിന്നും ശാസ്‌തമംഗലം ഡബിള്‍ഡെക്കര്‍ ബസ്സില്‍ പുറപ്പെട്ടു. വൈകുന്നേരങ്ങളില്‍ മിനിയും ഞാനും ഇതേ ബസ്സിലെ മുകളിലെ സ്ഥിരം സീറ്റിലിരുന്നാണ്‌ വരാറുള്ളത്‌. അതിലിപ്പോളിരിക്കുന്നത്‌ ഒരു അണ്ണാച്ചി. ഞാന്‍ സീറ്റ്‌ മാറി ഇരുന്നു.

ക്ലാസ്സില്‍ മാറിയിരുന്ന് കരയുന്ന മിനിയെ ഞാന്‍ കണ്ടു. കൂട്ടുകാരി ബ്ലെസ്സിയും നിഷയും എന്നെ കണ്ട്‌ എഴുന്നേറ്റുപോയി. അവളെ സാന്ത്വനിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും അവള്‍ വിതുമ്പിയങ്ങനെ ഇരുന്നു. തലേ ദിവസം വരാഞ്ഞതിന്റെ കാരണം ഒരുവിധം അവള്‍ പറഞ്ഞു. വീട്ടുകാര്‍ അവളുടെ വിവാഹാലോചന തുടങ്ങിയത്രേ! യൂറോപ്പിലെവിടെയോ ഉന്നതോദ്യോഗമുള്ള ഒരുത്തന്‍ പെണ്ണുകാണല്‍ കഴിഞ്ഞ്‌ ഇഷ്‌ടം വീട്ടുകാരെ അറിയിച്ചുവത്രേ. പരുക്കന്‍പ്രകൃതക്കാരനും മിനിയേക്കാള്‍ പത്തുവയസ്സ്‌ പ്രായക്കൂടുതലുള്ള ഒരാളാണെന്നും അറിഞ്ഞപ്പോള്‍ എനിക്ക്‌ എന്താണ്‌ എങ്ങനെയാണ്‌ അവളെ സാന്ത്വനിപ്പിക്കേണ്ടതെന്നറിഞ്ഞില്ല. അവള്‍ക്കീ ബന്ധം തീരെയിഷ്‌ടമായിട്ടില്ല.

ഞാന്‍ തലതാഴ്‌ത്തിയിരിക്കവേ മിനി എന്റെ കൈകള്‍ പിടിച്ചൊരു കരച്ചില്‍, പിന്നെ വന്ന ചോദ്യം എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഞാന്‍ അവളെ വിവാഹം ചെയ്യാമോ, എവിടെയാണേലും ഏത്‌ കഷ്‌ടപ്പാടിലായാലും ഒന്നിച്ചുണ്ടാവാമെന്നുമൊക്കെ അവള്‍ പുലമ്പികൊണ്ടിരുന്നു. ജീവിതത്തിലാദ്യമായി ഒരു യുവതിയുടെ നിസ്സഹായാവസ്ഥ എന്നെ വട്ടം കറക്കി. ഇത്രയൊന്നും ഒരിക്കലും പ്രതീക്ഷിച്ചതല്ല. വീട്ടിലെ അന്നത്തെ ചില പ്രശ്‌നങ്ങളും മറ്റുമോര്‍ത്തുപോയ ഞാന്‍ എന്റെ പ്രാണേശ്വരിയുടെ ചോദ്യത്തിന്‌ രണ്ടാമതൊന്ന് ആലോചിക്കാതെ മറുപടി കൊടുത്തു:

"മിനീ, എന്നേക്കാളും എന്തിനും യോഗ്യനായ ഒരാളായിരിക്കും നിന്റെ ജീവിതപങ്കാളിയാവുന്നത്‌. എനിക്കൊരിക്കലും പ്രാരാബ്‌ദമേറിയ എന്റെ ജീവിതത്തിലേക്ക്‌ നിന്നെ കൊണ്ടുവരാനാവില്ല. ഇപ്പോള്‍ വന്ന ആലോചന നീ സമ്മതിക്കുക. All the Best!"

ഒട്ടും പ്രതീക്ഷിക്കാത്ത എന്റെ മറുപടി കേട്ട്‌ മിനിയുടെ ഭാവം മാറി. അവള്‍ എന്റെ കൈ തട്ടിമാറ്റി ചാടിയെഴുന്നേറ്റു. ദു:ഖം ദേഷ്യമായി തീര്‍ന്നു. എന്നോടവള്‍ പൊട്ടിത്തെറിച്ചു.

"താനെന്താ പറഞ്ഞത്‌? എന്നെ മോഹിപ്പിച്ച്‌ ചതിക്കാനായിരുന്നൂലേ.. വേണ്ട, വേണ്ട എനിക്കിനി കാണേണ്ട! പോ, മുന്നീന്ന് ഒന്നു പോയിതരുവോ. ഇനി കാണേണ്ടയെനിക്ക്‌! You Flirt!"

മിനി പുറത്തേക്ക്‌ ഓടിമറഞ്ഞു. ഇത്ര വേഗം ഞാനങ്ങനെ പറയേണ്ടിയിരുന്നില്ല എന്നു തോന്നി. വല്ലാത്ത നൊമ്പരമുണ്ടായി ശരിക്കും. ഞങ്ങളുടെ പിണക്കം കുശുമ്പുള്ള ഏതാനും അനന്തപുരിക്കാര്‍ ശരിക്കും മുതലെടുത്തു. അവര്‍ പാര പണിതു. ഒരു പുതിയ കഥാപാത്രം അവതരിക്കപ്പെട്ടു. എന്നെ ഒതുക്കാന്‍, മിനിയെ പ്രേമിക്കുവാന്‍ ഒരു ദയാലുവായിട്ട്‌ അവന്‍ വന്നു! എന്റെ പകരക്കാരന്‍, പേര്‌ ബ്രില്ല്യന്‍മാത്യു. ഒരു കോടീശ്വരപുത്രന്‍, പൊണ്ണത്തടിയന്‍. അവന്റെ കുപ്പിസേവയിലകപ്പെട്ട എന്റെ സഹപാഠികള്‍ കിട്ടിയ അവസരം പാഴാക്കിയില്ല. എന്നോടുള്ള പക തീര്‍ക്കാന്‍ ഇവനെ അവര്‍ കരുവാക്കി. മിനിയുടെ പിറകെ നടന്ന് അവനും അവരും അവളുടെ മനസ്സില്‍നിന്നും എന്നെ മായ്‌ച്ചുകാളയുന്നതില്‍ ഒരുവിധം വിജയിച്ചു. അവളും എന്നെ മാനസ്സികമായി തകര്‍ക്കുവാനെന്നോളം ബ്രില്ല്യനെ പ്രേമിക്കുന്നതായി നടിച്ചു. എന്റെ മുന്നിലൂടെ അവള്‍ എന്റെ പകരക്കാരന്റെയൊപ്പം ഇണക്കുരുവികളെപോലെ പെരുമാറി നടന്നു. രക്ഷകിട്ടാനായിട്ട്‌ ഞാന്‍ പതിയെ ധൂമപാനവും ബാറുകളില്‍ സന്ദര്‍ശനവും പതിവാക്കി. അവിടെവെച്ചും എന്റെ ശത്രുക്കളെ പലപ്പോഴും എതിരിടേണ്ടിവന്നു. ചെമ്മീനിലെ പരീക്കുട്ടിയായി തീര്‍ന്ന ഞാന്‍ ശംഖുമുഖം കടപ്പുറത്തെ, അനന്തപുരിവീഥികളിലെ, മ്യൂസിയം പാര്‍ക്കിലെയൊക്കെ ജനക്കൂട്ടങ്ങളില്‍ ഒരു പൊട്ടായി തീര്‍ന്നു.

ഒരിക്കല്‍ യാദൃശ്ചികമായി നാട്ടിലുള്ള എന്റെയൊരു കൂട്ടുകാരനെ സെക്രട്ടേറിയറ്റിനു മുന്നില്‍വെച്ച്‌ കാണാനിടയായി. നല്ലയൊരു ഫുട്‌ബോള്‍ കളിക്കാരനായ മമ്മദുട്ടി പരിശീലനത്തിനുവേണ്ടി വന്നതാണ്‌. എന്റെ പ്രണയം അറിയാവുന്ന അവന്‍ കാര്യങ്ങളൊക്കെ ചോദിച്ചു. ഞാനെല്ലാം പറഞ്ഞു.

മമ്മദുട്ടിയും ഞാനും എതിരെയുള്ള അരുള്‍ജ്യോതി ഹോട്ടലിലെ ഏസിമുറിയില്‍ കയറി. അവിടെ ചെന്നപ്പോള്‍ അതാ ഇരിക്കുന്നു ഇണക്കുരുവികളും ചില പാരകളും! എന്നേയും കൂടെയുള്ള അപരിചിതന്‍ മമ്മദുട്ടിയേയും കണ്ടിട്ടായിരിക്കാം മിനിയും നവകാമുകന്‍ ബ്രില്ല്യനും വെപ്രാളത്തോടെ വേഗം വെളിയില്‍ പോയി. അടുത്ത ദിവസം ക്ലാസ്സില്‍ ചെന്നപ്പോള്‍ എല്ലാവരും എന്നോട്‌ ചോദിച്ചതെന്താണേന്നോ? മിനിയുടെ കമിതാവിനെ ഒതുക്കുവാന്‍ ഒരു മല്ലന്‍യുവാവിനെ ഇറക്കുമതി ചെയ്‌ത്‌ ഞാന്‍ കൂടെ കൊണ്ടുനടക്കുകയാണോയെന്ന്! നൈരാശ്യമുള്ള ഞാന്‍ അന്നുമാത്രം ഏറെ പൊട്ടിച്ചിരിച്ചു.

മാസങ്ങള്‍ കൊഴിഞ്ഞുപോകവേ ഞങ്ങളുടെ കോഴ്‌സ്‌ തീരാറായി. ആറുമാസത്തെ പഠനം കഴിഞ്ഞ്‌ പലഭാഗത്തുനിന്നുമെത്തിയവര്‍ പരസ്‌പരം യാത്ര പറഞ്ഞ്‌ പിരിയുന്ന ദിനമെത്തി. യാത്രയയപ്പില്‍ മിനി അരികിലെത്തി, ഒരു ഡയറിത്താളില്‍ മേല്‍വിലാസം എഴുതികൊടുക്കുവാന്‍ അഭ്യര്‍ത്ഥിച്ചു. എഴുതിക്കൊടുത്തിട്ട്‌ ഒന്നുമുരിയാടാതെ തിരിഞ്ഞുനടക്കവേ.. ദേഷ്യമുണ്ടെങ്കില്‍ ക്ഷമിക്കുവാനും ശപിക്കരുതെന്നുമെല്ലാം മിനി പറഞ്ഞു. ഞാന്‍ ഒന്നുമുരിയാടിയില്ല.

കലാപരിപാടികള്‍ അരങ്ങേറികൊണ്ടിരിക്കെ എന്നോട്‌ സഹതാപം പുലര്‍ത്തുന്ന ജെറി അരികില്‍ വന്ന് എന്നെ അടുത്തുള്ള ബാറിലേക്ക്‌ ക്ഷണിച്ചു. ചില രഹസ്യങ്ങളറിയിക്കാനെന്നും ഇനി നമ്മളാരും തമ്മില്‍ കണ്ടെന്നുവരില്ല എന്നും പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചു. അല്‍പം ബിയര്‍ കഴിച്ച്‌ തിരികെ വന്നു. എന്റെ മനസ്സിലെ പകയും ദേഷ്യവുമെല്ലാം പതച്ചുപൊങ്ങുന്നു. അതു തീവ്രമാക്കാന്‍ ജെറിയുടെ വക ചില ഉപദേശങ്ങളും..

"എടാ നിനക്ക്‌ അവളോട്‌ വല്ലതും പറയാനോ ചെയ്യാനോ ഒണ്ടേലതിപ്പോ ആയിക്കോ! ഇനിയവളെ ഈ ജന്മത്ത്‌ നിനക്ക്‌ കിട്ടൂല. കാണുകയുമില്ല. ദേ.. മിനിയും മറ്റും ബാത്ത്‌റൂമില്‍ പോവുന്നു. ചെല്ലെടോ."

ബാത്ത്‌റൂമില്‍ മിനിയും ബ്ലെസ്സിയും നിഷയും പലതും പറഞ്ഞ്‌ ചിരിച്ച്‌ മുഖം മിനുക്കി നില്‍ക്കുന്നു. ഞാന്‍ ബിയറിന്റെ ലഹരിയില്‍ അങ്ങോട്ട്‌ ചെന്നു. മിനിയോട്‌ ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് അറിയിച്ചപ്പോള്‍ അവളെ തനിച്ചാക്കി കൂട്ടുകാരികള്‍ പുറത്തേക്ക്‌ പോയി. മിനിയും ഞാനും മാത്രം അകത്ത്‌! അവള്‍ പേടിച്ചു.

വാതില്‍ താനേ അടയുന്നതാണ്‌. അവള്‍ എന്റെ കൈ തട്ടിമാറ്റി തുറക്കുവാന്‍ ശ്രമിച്ചു. ഞാന്‍ അവളെ ഒരു നിമിഷത്തേക്ക്‌ എന്റെ കരവലയത്തിലൊതുക്കി. മനസ്സ്‌ കൊതിച്ചിരുന്ന അസുലഭനിമിഷം! ഒരു മാന്‍പേടയെപോലെ അവള്‍..

"മിനീ ആരുടെയൊപ്പം ജീവിച്ചാലും എന്നെ നീ മറക്കുവാന്‍ പാടില്ല." - മദ്യലഹരിയില്‍ അതുമിതും ഞാന്‍ പറയുന്നുണ്ടായിരുന്നു.

ഞാന്‍ അവളുടെ കവിളില്‍ ചുംബിക്കാന്‍ ഒരുങ്ങുമ്പോള്‍ വാതില്‍ തുറന്ന് ജെറി കുതിച്ചെത്തി എന്നെ പിടിച്ചുമാറ്റി. മിനി പുറത്തേക്കോടി. ബ്ലെസ്സിയും നിഷയും മറ്റുള്ളവരെല്ലാം പാഞ്ഞെത്തി. അന്നേരം എന്റെ സ്വബോധം വെളിവായി. പാരകളും കുതിച്ചെത്തി. ജെറി എന്റെ രക്ഷകനായിമാറി.

എന്നേയും വലിച്ചിഴച്ച്‌ പാവം ജെറി പുറത്തെ കവാടത്തിലെത്തി. വെറുതെയൊന്ന് തിരിഞ്ഞ്‌ നോക്കിയയെനിക്ക്‌ കണ്ണുകള്‍ നിറഞ്ഞു. മുകളിലെ ജാലകത്തിനരികെ എന്നെ സാകൂതം നോക്കികൊണ്ട്‌ മിനി നില്‍ക്കുന്നുവോ! നിറമിഴികളോടെ എന്നെ കൈവീശി യാത്രയാക്കുന്നതുപോലെ? തിരിച്ച്‌ ഞാനും കൈവീശി. ഞാനെന്റെ കണ്ണുകള്‍ തുടച്ചു. എന്തൊക്കെയോ പരസ്‌പരം കൈമാറാനുള്ളതുപോലെ ഞങ്ങള്‍ക്കിടയില്‍ ഉണ്ടോയെന്ന് തോന്നിയിരുന്നുവപ്പോള്‍.

നൊമ്പരങ്ങള്‍ മാത്രം ബാക്കിവെച്ച്‌ എവിടേയോ മറഞ്ഞുപോയ മിനി ഇന്നെവിടെ ആയിരിക്കാം? നഷ്‌ടപ്രണയവും താലോലിച്ച്‌ ഈ മണലാരണ്യത്തില്‍ കഴിയവേ അവളെ വീണ്ടും എവിടെയെങ്കിലും കണ്ടുമുട്ടുമോയെന്ന് വെറുതെ നിനച്ചുപോയി.

എന്നാല്‍ അങ്ങിനെ സംഭവിച്ചു..! അതു ഞാന്‍ ഉടനെ നിങ്ങളെ അറിയിക്കാം.

Posted by ഏറനാടന്‍ @ 12:02 AM  
17 Comments:
Blogger ഏറനാടന്‍ said...

നിലാവുള്ള രാത്രിയില്‍ നിദ്രയിലൊരു കിനാവില്‍ മഞ്ഞക്കിളി വന്നു. വീണ്ടും പാടിയൊരു പ്രണയഗീതം - കാണാമറയത്തെ പ്രണയം!

12:11 AM  

Blogger ശ്രീജിത്ത്‌ കെ said...

എഴുത്ത് നന്നായി. ഇവിടെ പക്ഷെ വിരഹം സാഹചര്യത്തിന്റേതാണ് അല്ലേ. അതോര്‍ത്ത് സമാധാനിക്കാം.

അവസാനം ആ കുട്ടിയെ കടന്ന് പിടിച്ചത് ഇത്തിരി കടുത്ത് പോയി. മദ്യത്തിന്റെ പുറത്തായാല്‍ പോലും ഇത്ര ക്രൂരത ചെയ്യാന്‍ എങ്ങിനെ തോന്നി.

12:16 AM  

Blogger ഇത്തിരിവെട്ടം|Ithiri said...

ഏറനാടന്‍ മാഷേ നല്ല വിവരണം...

12:34 AM  

Blogger പട്ടേരി l Patteri said...

ഫസ്റ്റ് പാര്‍ട്ട് വാസ് ടച്ചിങ്ങ്.....വെള്ളമടിച്ചാള്‍ വയറ്റില്‍ കിടക്കണമ്...അക്രമണം വേണ്ടായിരുന്നു...പാര്‍ട്ട് 2 ഉണ്ടല്ലേ ;;)
(ഓ ടോ..നായിക ഒരു പെണ്ണായിരുന്നു അല്ലേ :-)) :-))

1:08 AM  

Blogger പടിപ്പുര said...

കശ്മലാ, വല്ലവരും വല്ലതും പറഞ്ഞത്‌ കേട്ട്‌, കള്ളിന്റെപുറത്ത്‌ ഒരു പാവം പെണ്ണിനെ കേറിപ്പിടിക്കുകയോ! (നോട്ട്‌ ചെയ്തു) ഏതായലും കഥ തുടരൂ.

6:10 AM  

Blogger ബിന്ദു said...

മിനിയായിരുന്നു ഇത് മഞ്ഞക്കിളിയില്‍ എഴുതേണ്ടിയിരുന്നത്. എഴുതി വന്നപ്പോള്‍ നിങ്ങള്‍ക്ക് വില്ലന്‍ ഛായയായി എനിക്കു തോന്നി.:)

6:51 AM  

Blogger ദില്‍ബാസുരന്‍ said...

അയ്യേ.... ആ കുട്ടിയെ കേറി പിടിച്ചത് മോശമായിപ്പോയി. കഥ എന്തായാലും തുടരൂ.

7:17 AM  

Blogger തണുപ്പന്‍ said...

മോസം മോസം...അങ്ങനെയങ്ങ് കേറിപ്പിടിക്കുകയോ? നമ്മള് നിരാശകാമുകന്മാര്‍ക്ക് മോശപ്പേരുണ്ടാക്കിയല്ലോ..വെള്ളമടിച്ചാ വയറ്റില്‍ കിടക്കണം.

7:13 PM  

Blogger ഏറനാടന്‍ said...

എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, ഒരു തെറ്റൊക്കെ മനുഷ്യസഹജമല്ലേ. ഞാനിപ്പോഴും അതിന്റെ ശിക്ഷയേറ്റുകഴിയുകയാണ്‌. നിങ്ങളെന്നെ വില്ലനായി കണ്ടാലും കശ്‌മലനായി കാണരുത്‌. പെണ്ണിന്റെ ശാപത്തില്‍ നിന്നൊരു മോചനം ലഭിക്കുന്നത്‌ അത്യപൂര്‍വം മാത്രം! (ഓ:ടോ:- പ്രേക്ഷകരെ മാനിച്ച്‌ ക്ലൈമാക്സ്‌ മാറ്റിയേക്കാം, രണ്ടുരീതിയില്‍ വേണേലങ്ങനെ..)

9:06 PM  

Blogger Adithyan said...

ഓളെ തന്നെ കെട്ടി എന്ന സെക്കന്‍ഡ് പാര്‍ട്ടിങ്ങ് ഇറക്കിവിട് ഏറനാടാ :))

9:09 PM  

Blogger അനംഗാരി said...

ഏറനാടാ..എനിക്കെന്തൊക്കെയോ പറയണമെന്നുണ്ട്.പെണ്ണിനെ കേറി പിടിച്ചു എന്നതിനല്ല.ഇതിന്റെ രണ്ടാം ഭാഗത്തെ കുറിച്ചാണ്.ഏറനാടന്‍ ഗ്രാമത്തിലെ ഒരു ചെറുക്കന്‍,ഉപ്പാന്റെ ഭീഷണിക്ക് വഴങ്ങി നല്ല തുക സ്ത്രീധനം വാങ്ങി വേറൊരുത്തിയെ കെട്ടിയെന്ന് മാത്രം പറയരുത്.ബാക്കി ഞാന്‍ പറയുന്നില്ല.ഇനി വായിച്ചിട്ട്..
ഓ:ടോ:ആദിത്യന്‍ ബാച്ചിയുടെ ഒരു ആവേശം കണ്ടോ?....അതു തന്നെ എനിക്കും പറയാനുള്ളത്...

9:51 PM  

Blogger ഏറനാടന്‍ said...

അനംഗാരിയും ആദിത്യനും പ്രത്യേകം അറിയുവാന്‍,
വര്‍ഷങ്ങള്‍ക്കിപ്പുറം മിനിയുടെ നാട്ടിലെ ഒരുവളെ തന്നെ ഞാനങ്ങ്‌ കെട്ടി. വായിക്കണേല്‍ ഇതാ ഇവിടെ ലിങ്കിട്ടിരിക്കുന്നു:
http://manjakili.blogspot.com/2006/07/blog-post_19.html

10:05 PM  

Blogger ഉത്സവം : Ulsavam said...

ടച്ചിങ്ങ്‌...!
പക്ഷേ ആ കേറിപ്പിടിത്തം വായിച്ചപ്പോള്‍ വേണു നാഗവള്ളി ഒരു നിമിഷം കൊണ്ട്‌ സത്താറായ പോലെ തോന്നി.

9:22 PM  

Blogger അഗ്രജന്‍ said...

നന്നായിരിക്കുന്നു...

... ന്നാലും ആ കയറിപ്പിടുത്തം... അക്രമായില്ലേ... ഏറനാടാ ;)

10:13 PM  

Blogger പാര്‍വതി said...

ഒത്തിരി താമസിച്ച് കഥയും എല്ലാവരുടേയും കമന്റും വായിച്ചു,ആദ്യാവസാനം ഇഷ്ടപെട്ടു..ഒരിക്കലും,സ്നേഹത്തിന് സ്നേഹിക്കാനേ അറിയൂ...നഷ്ടപെടുമ്പോള്‍ ആ നഷ്ടത്തില്‍ മുങ്ങി മരിക്കാനും.

-പാര്‍വതി.

1:56 AM  

Blogger ഏറനാടന്‍ said...

ഏതായാലും കഥയിഷ്‌ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം.

അഗ്രജോ, സത്യസന്ധമായിട്ട്‌ സംഗതി കഥയാക്കിയതില്‍ എന്നെ വെറുക്കാതെ.. ഇതിന്റെ ബാക്കിയൊരു അദ്ധ്യായം കൂടിയുണ്ട്‌. ഭൂരിപക്ഷം താത്‌പര്യപ്പെടുമെങ്കില്‍ ഉടനെ പോസ്‌റ്റാം.. (ഓ:ടോ:- ഇക്കഥ ഒരിക്കല്‍ മനോരമയില്‍ അച്ചടിച്ചു വന്നിരുന്നു.)

3:38 AM  

Blogger കുറുപ്പന്‍ said...

കൊള്ളം മോനെ

1:25 AM  

Post a Comment

Home

 
Previous Posts

അതുപോലൊരു പകല്‍
വസന്തവും കാത്ത്‌...
ഒരു കന്യാകുമാരിയാത്ര... നഷ്‌ടവസന്തത്തിന്‍ സ്വപ്നയാ...
പൂരിപ്പിക്കാതെ.....
ആ നീലക്കുറിഞ്ഞി പൂത്തിട്ടില്ലായിരുന്നു.
ഇതു മണ്‍സൂണ്‍ പ്രണയം
വിരഹാര്‍ദ്രമാം ഓര്‍മ്മകള്‍ ...
എനിക്ക്‌ നഷ്‌ടപ്പെട്ട ഒരു വളപ്പൊട്ട്‌ .....
ആദ്യാനുരാഗമേ....
നഷ്ടങ്ങളുടെ കാവല്‍ക്കാരെ..