Sunday, April 08, 2007

പിറന്നാള്‍സ്മരണകള്‍
ശീലമായിരുന്നെനിക്ക് മറ്റാരേക്കാള്‍മുന്നേ-
നിന്നെ രാവിലെ വിളിച്ചെഴുന്നേല്‍പ്പിക്കാന്‍,
ഉറക്കച്ചടവിലെ നിന്റെ ഹലോ കേള്‍ക്കാന്‍
പിന്നെ പിറന്നാളിന്നാശംസകള്‍ പറയുവാനും.

മറ്റെന്തും മറന്നേക്കാം പക്ഷെ നിന്‍ നക്ഷത്രത്തെ,
എത്ര തിരക്കിലും ഉറക്കത്തിലും മറക്കുകില്ല
മൂലംനാള്‍ നല്ലതല്ലെന്ന് ആരൊക്കെചൊല്ലുകിലും
വിശ്വസിച്ചതില്ല എല്ലാം പുശ്ചിച്ച്തള്ളിക്കൊണ്ട്.

വന്നു നിന്‍‍പിറന്നാള്‍ ഒരിക്കല്‍ക്കൂടെയിന്ന്
ആശംസിക്കുവാന്‍ നീയെന്‍ ചാരെയില്ല
മറ്റാരിലും മുന്നേ നിന്നെ വിളിച്ചുണര്‍ത്താന്‍
ആഗ്രഹമുണ്ടെങ്കിലുമതിനെനിക്കര്‍ഹതയില്ല

സന്തോഷത്തോടെ എന്നും നിന്നെക്കാണണ-
മെന്നതില്‍ക്കവിഞ്ഞൊന്നുമിന്നെനിക്ക് മോഹമില്ല
നിന്‍‌ചിരി എന്നും വാടാതെയിരിക്കേണമെന്ന്
പ്രാര്‍ത്ഥിക്കുമെനിക്ക് മറ്റൊന്നും വേണ്ടതില്ല.

Posted by Sreejith K @ 11:25 PM   41 comments
Friday, October 27, 2006

വിരഹം
എന്‍കണ്ണിനേറ്റമാനന്ദമാം നിന്‍ മുഖദര്‍ശ്ശനം
എനിക്കന്യമായി വര്‍ഷമേറെക്കഴിഞ്ഞുപോം
നോക്കുന്നിടമെല്ലാം കാണ്മാന്‍ കൊതിച്ചിരുന്നെന്‍
സ്വപ്നങ്ങള്‍പോലും നിന്നെത്തേടുന്നതറിഞ്ഞീടുക.

നിന്‍ ചിരി നിറഞ്ഞിരുന്നതെന്‍ മനസ്സിലായിരുന്നു
ഇന്നതിനു തുല്യമായ് ഒരു ശബ്ദവും കേള്‍പ്പുവതില്ല
രസിച്ചിരുന്നതേറ്റം നിന്‍ ചിണുങ്ങലായിരുന്നു
അവയില്ലാതെയിന്നെന്‍ ലോകം വരണ്ടതുപോലാകുന്നു.

നിന്‍ കൂടെ നടന്നൊരാ നിമിഷങ്ങള്‍പോല്‍ ഒന്നും
പിന്നീടൊരിക്കലും ആസ്വാദ്യകരമായി തീര്‍ന്നതില്ല
അന്നെന്‍ ഹൃദയത്തോടുചേര്‍ന്നുനിന്നീടും നിന്‍ മൌനം
ഇന്നെന്നെ ദഹിപ്പിക്കുമതുപോല്‍‍ തോന്നീടുന്നു.

നീ ജീവിച്ചിരുന്നതെന്‍ ഹൃത്തിലായിരുന്നു,
ഇന്നു നീ വസിക്കുന്നതെന്‍ ഓര്‍മ്മകളിലും
നീയില്ലാതൊരീ ജീവിതതമതികഠിനം-ഞാന്‍
എന്നോര്‍മ്മകളില്‍ ജീവിക്കുവാന്‍ കൊതിച്ചീടുന്നു.

*സമര്‍പ്പണം: ഇന്ന് പിറന്നാളാഘോഷിക്കുന്ന എന്റെ സഹമുറിയനും അവന്റെ പഴയ കൂട്ടുകാരിക്കും

Posted by Sreejith K @ 12:03 AM   15 comments
Monday, October 16, 2006

കാണാമറയത്തെ നായികയും, പുന:സമാഗമവും
നൊമ്പരങ്ങള്‍ ബാക്കിയാക്കി ദൂരേ മറഞ്ഞുപോയ എന്റെ കൂട്ടുകാരി മിനിയെ വീണ്ടും കണ്ടുമുട്ടുവാന്‍ സാധിച്ച സന്തോഷം ഒന്നറിയിക്കുവാന്‍ തോന്നുന്നു.

"കാണാമറയത്തെ പ്രണയ" കഥയിലെ മിനിയെ വര്‍ഷങ്ങള്‍ക്കിപ്പുറം അറിയാനൊത്തു. ഒരു പക്ഷെ, വിരഹദു:ഖവും കുറ്റബോധവും പശ്ചാത്താപവും നിറഞ്ഞ ഒരു കാത്തിരിപ്പിന്റെ വ്യഥ നിങ്ങളുമായി പങ്കിട്ടപ്പോള്‍ ചിലരുടേയെങ്കിലും പ്രാര്‍ത്ഥനയാലാണോ എന്നറിയില്ല, ഒരു പുന:സമാഗമം സാധ്യമായി.

തികച്ചും യാദൃശ്ചികമായിട്ട്‌, പ്രണയാനുഭവം മനോരമയില്‍ പ്രസിദ്ധീകരിച്ചിട്ട്‌ അല്‍പനാളുകള്‍ക്ക്‌ ശേഷം...

ഒരു സായാഹ്നത്തില്‍ വിരസത വന്നപ്പോള്‍ ഇന്റര്‍നെറ്റിലൊന്ന് കയറി. മൂന്ന് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌. ബൂലോഗമൊന്നും അപ്പോള്‍ ഉടലെടുത്തിട്ടില്ല. അതിനാല്‍ ഏകാശ്രയമായ യാഹൂ ചാറ്റ്‌ മുറിയില്‍ ഒരു അപരനാമത്തിന്റെ മറയില്‍ ചുമ്മാ ഒന്നു കറങ്ങി. (ഇത്തരം അത്യാധുനിക ടെക്‍നോളജി വികസിപ്പിച്ചെടുത്ത ബില്‍ഗേറ്റ്‌സ്‌ പ്രഭുക്കള്‍ക്കെന്റെ ഒരായിരം പൂച്ചെണ്ടുകള്‍!)

ആ കുശലചര്‍ച്ചാ മുറിയില്‍ 'മിനി...' എന്നാരംഭിക്കുന്ന ഒരു യൂസര്‍ നാമത്തിലെന്റെ കണ്ണുടക്കി. വെറുതെയൊരു രസത്തിന്‌ ഒരു സ്വകാര്യ സന്ദേശം എയ്‌തുവിട്ടു. അതിങ്ങനെ തുടര്‍ന്നു:

"ഹായ്‌, തിരുവനന്തപുരമാണോ സ്ഥലം?"

അല്‍പം കഴിഞ്ഞ്‌ മറുപടിയെത്തി: "അതേ"

"ടാന്‍ഡം കോളേജില്‍ പഠിച്ചിരുന്നുവോ?"

കണ്ണിമക്കാതെ നോക്കിയിരിക്കെ വന്നു വീണ്ടും മറുപടി: "അതേലോ, നിങ്ങളാരാണ്‌? എന്നെ അറിയുന്നതുപോലെ!"

എന്റെ ഹൃദയമിടിപ്പ്‌ ഏറിവന്നു. ഞാനുദ്ദേശിക്കുന്ന മിനിയാവുമോ എന്നറിയാന്‍ വീണ്ടും ഏതാനും ചോദ്യങ്ങള്‍ കൂടി വിട്ടു. എന്റെ ശരിയായ പേരെന്തെന്നറിയാന്‍ അവള്‍ വാശിപിടിക്കുന്നതായി തോന്നി. ഞാന്‍ മെസ്സേജ്‌ വിട്ടു.

"എട്ട്‌ കൊല്ലങ്ങള്‍ക്ക്‌ മുന്‍പ്‌ മിനി എന്ന ഒരു സുഹൃത്തിനെ എനിക്ക്‌ നഷ്‌ടമായി. അവളാണോ ഇതെന്ന് വൃഥാ ഒരു മോഹം."

"അതേയോ. ശരി. നിങ്ങള്‍ക്ക്‌ ആളുമാറിയിരിക്കാം."

"ബുദ്ധിമുട്ടില്ലെങ്കില്‍ ഇയാളുടെ സുഹൃത്തുക്കളുടെ പേര്‍ ഒന്നുപറയാവോ? എനിക്കറിയാവുന്നവരുണ്ടോ എന്നറിയാനാണ്‌."

അവളുടെ കൂട്ടുകാരുടെ പേരുകള്‍ ഓരോന്നായി മോണിറ്ററില്‍ തെളിഞ്ഞുകൊണ്ടിരുന്നു. എന്റെ കണ്ണുകള്‍ ആഹ്ലാദവും അത്‌ഭുതവും കലര്‍ന്ന് വികസിച്ചു! സന്തോഷത്തിന്റെ പെരുമഴ പെയ്‌തുതുടങ്ങി. ഹൃദയം പെരുമ്പറ കൊട്ടി. അവളുടെ കൂട്ടുകാരെല്ലാം എനിക്കും വളരെ സുപരിചിതം! കൂട്ടത്തിലതാ തെളിയുന്നു എന്റെ,, എന്റെ സ്വന്തം പേര്‍!

ഞാന്‍ തേങ്ങി. ഒരു വല്ലാത്ത വികാരവിക്ഷോഭത്തിലകപ്പെട്ട ഞാന്‍ കണ്ണടച്ചു ദൈവത്തെ പ്രകീര്‍ത്തിച്ചു. എന്റെ വിരലുകള്‍ കീബോര്‍ഡിലൂടെ നൃത്തം ചെയ്‌തു. അകമ്പടിയായി ടൈപ്പ്‌ ചെയ്യുന്ന സ്വരം മാത്രം മൂകതയെ മുറിച്ചു.

"മിനീ... നീയെവിടെയാണ്‌? എന്നെ മറന്നിട്ടില്ലാലേ!
അതേ.. ഇത്‌ ഞാന്‍ തന്നെ, അവസാനം മിനി എഴുതിയ കൂട്ടുകാരന്റെ പേര്‌ ഇല്ലേ, അതെന്റേതാണ്‌!"

"ഭഗവാനേ! എനിക്ക്‌ വിശ്വസിക്കുവാനാവുന്നില്ല. നീയെവിടെയാണ്‌? എങ്ങിനേയാണിപ്പോള്‍ എന്നെ തിരിച്ചറിഞ്ഞത്‌?"

എല്ലാം ഭഗവാന്റെ ഓരോരോ ലീലാവിലാസങ്ങള്‍!

ഇരുവരും വിശേഷങ്ങള്‍ കൈമാറിയങ്ങനെ കഴിഞ്ഞു. അവള്‍ക്കിനിയും നേരിയ സംശയമുണ്ട്‌, വല്ല അപരനുമാവുമോ എന്നൊക്കെ. ഞാന്‍ പണ്ട്‌ അവളോട്‌ കാണിച്ച അതിക്രമത്തിന്‌ ഇപ്പോള്‍ മാപ്പ്‌ പറഞ്ഞു. ആ പാപത്തിന്റെ തീച്ചൂളയില്‍ വെന്തുരുകികൊണ്ടിരുന്ന എന്നോട്‌ മിനി ക്ഷമിച്ചിരിക്കുന്നു! അവള്‍ അന്നേ പൊറുത്തിട്ടുണ്ടായിരുന്നുവത്രേ!

എന്റെ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരുന്ന പഴയ ക്ലാസ്‌മേറ്റ്‌സിന്റെ ഫോട്ടോ എനിക്കോര്‍മ്മ വന്നു. അതില്‍ മിനിയുടെ അരികിലാണ്‌ ഞാന്‍ നില്‍ക്കുന്നത്‌. ഉടനെ അതവള്‍ക്ക്‌ ഫോര്‍വേഡ്‌ ചെയ്‌തു. അതേ പടം ഇന്നും അവള്‍ സ്വകാര്യ ആല്‍ബത്തില്‍ സൂക്ഷിക്കുന്നുവെന്നറിഞ്ഞപ്പോള്‍ സന്തോഷിച്ചു.

ഓര്‍മ്മയില്ലേ, പഠിക്കുമ്പോള്‍ ഒരാലോചന വന്നതും ഞാന്‍ അത്‌ സ്വീകരിക്കാന്‍ പറഞ്ഞ്‌ ഞങ്ങള്‍ തെറ്റിപിരിഞ്ഞതുമൊക്കെ? എന്റെ ഉപദേശം കേട്ട്‌ മിനി അയാളുടെ ഭാര്യയായി. സുഖമായി ജീവിക്കുന്നു. രണ്ടു പിള്ളേരുടെ അമ്മയായിട്ട്‌ യൂറോപ്പിലെ പ്രസിദ്ധമായ ഒരിടത്ത്‌ സന്തോഷജീവിതം നയിക്കുന്നു. തീര്‍ച്ചയായും മനസ്സിലെങ്കിലും മിനിയെന്നോട്‌ കൃതാര്‍ത്ഥത പറഞ്ഞിട്ടുണ്ടാവും, ഒരിക്കലെങ്കിലും.

ഞങ്ങളുടെ പ്രണയാനുഭവം മനോരമത്താളുകളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത അവളെ അറിയിച്ചു. അത്‌ഭുതത്തോടെ അവള്‍ അതൊന്ന് വായിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. സ്‌കാന്‍ ചെയ്തുവെച്ച അതിന്റെ പകര്‍പ്പ്‌ മടിയോടെ ഞാന്‍ അവള്‍ക്കയച്ചു. അക്ഷമനായി കാത്ത്രിക്കെ നിമിഷങ്ങള്‍ക്കൊടുവില്‍ മിനിയുടെ മറുപടി മോണിറ്ററില്‍ മിന്നി. കഥ വായിച്ച്‌ അവള്‍ സങ്കടത്തിലാണ്‌. അവള്‍ കാരണം ഞാന്‍ ഇത്രമാത്രം വിഷമം നേരിട്ടതില്‍ എങ്ങനെ ക്ഷമാപണം ചെയ്യേണ്ടുവെന്നറിയാതെ വിതുമ്പുന്നതായി എനിക്ക്‌ അനുഭവപ്പെട്ടു.

മണിക്കൂറുകള്‍ കൊഴിഞ്ഞുപോകവേ അവള്‍ക്കും കുടുംബത്തിനും നന്മ നേര്‍ന്നുകൊണ്ട്‌ ഞാന്‍ ഇന്റര്‍നെറ്റിന്റെ മായികവലയുടെ വെളിയിലേക്ക്‌ മനസ്സില്ലാമനസ്സോടെ യാഥാര്‍ഥ്യലോകത്തെത്തി. ഇനിയെന്നും ഒരുത്തമ സുഹൃത്ത്‌ മാത്രമായി സൗഹൃദം തുടരുമെന്ന് ആശിച്ചുകൊണ്ട്‌... അവളുടെ സന്തുഷ്‌ടമായ കുടുംബജീവിതത്തിന്‌ നല്ലത്‌ മാത്രം വരട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്‌...

Posted by ഏറനാടന്‍ @ 5:08 AM   12 comments
Saturday, October 14, 2006

കാണാമറയത്തെ പ്രണയം - അദ്ധ്യായം ഒന്ന്.
നൊമ്പരമുണര്‍ത്തുന്ന ഏതാനും ഓര്‍മ്മകള്‍മാത്രം എന്നും താലോലിച്ചു നടക്കുവാന്‍ ബാക്കിയാക്കി അകലങ്ങളിലെവിടേയോ മറഞ്ഞുപോയ മിനി എന്ന സുന്ദരിക്കുട്ടിയുടെ വ്യത്യസ്‌തമായ ഒരു പ്രണയാനുഭവം ഇവിടെ ഒന്നു കുറിച്ചോട്ടെ..

ഞാന്‍പോലും അറിയാതെ എന്നെ സ്‌നേഹിച്ചുതുടങ്ങിയ മിനി, ഞാന്‍ കാരണം കൊണ്ടുതന്നെ ദൂരത്തേക്ക്‌ പറന്നകന്നുപോയ ഒരു മാടപ്രാവിന്റെ പരിശുദ്ധിയുള്ള അവള്‍ എവിടെയാണെന്നോ ആരുടെകൂടെ ജീവിക്കുന്നുവെന്നോ ഒന്നും എനിക്കറിയില്ല. മിനിയെ ആദ്യം കാണുന്നതും പരിചയപ്പെട്ടതും, കുറച്ചു നാളുകള്‍ക്കുശേഷം ഒരു ചെറുപൊട്ടുപോലെ കാണാമറയത്തേക്ക്‌ അകന്നകന്ന് പോയതും ഞാനിപ്പോഴും ഓര്‍ത്തുപോവുന്നു.

ഡിഗ്രി പഠനം കഴിഞ്ഞ്‌ ഞാന്‍ ഒരു ഏറനാടന്‍ ഗ്രാമത്തില്‍നിന്നും തലസ്ഥാനനഗരിയിലെ ഒരിടത്ത്‌ ഉപരിപഠനത്തിനെത്തി. ആദ്യദിനത്തില്‍ ക്ലാസ്സിലെ സഹപാഠികളെ പരിചയപ്പെടുന്നതിനിടയില്‍ എന്നെതന്നെ നോക്കികൊണ്ടിരിക്കുന്ന മിനി എന്ന സുന്ദരിയെ ഞാന്‍ ശ്രദ്ധിച്ചു. ഏതാനും ദിനങ്ങള്‍ കഴിഞ്ഞ്‌ എന്നോടുള്ള അവളുടെ അടുപ്പം മറ്റുള്ളവര്‍ പറയാന്‍ തുടങ്ങിയപ്പോള്‍ ഞാനും അത്‌ ഗൗരവമായി കാണാന്‍ തുടങ്ങി.

ക്ലാസ്സില്‍ എന്റെ അരികിലുള്ള സീറ്റില്‍ മിനി വന്നിരിക്കുമായിരുന്നു. വെറുതെ സംസാരിക്കുന്നതിനായിട്ട്‌ അവള്‍ ഓരോരോ സംശയങ്ങള്‍ എപ്പോഴും ചോദിക്കും. ഞാനാണെങ്കില്‍ പ്രണയിച്ച്‌ പരിചയമില്ലാത്ത ഒരു ഏറനാടനും. എന്നിലെ ഗ്രാമീണത പലപ്പോഴും കാര്യങ്ങള്‍ എവിടെയുമെത്താതെ നീക്കി. മിനിയുടെ എന്നോടുള്ള സാമീപ്യം മറ്റുചില പിള്ളേര്‍ക്ക്‌ അത്ര രസിച്ചിരുന്നില്ല. അല്ലേലും അവരുടെ സിറ്റിയില്‍ വന്ന് അവര്‍ "നോക്കിനില്‍ക്കെ അവിടത്തുകാരി സുന്ദരിയെ പ്രണയിച്ച്‌ 'ഡ്യുയറ്റും' പാടി നടക്കാന്‍, ശ്ശെടാ ഇവനാരടേയ്‌?" എന്ന രീതിയിലാണ്‌ അവന്‍മാര്‍!

ഒരു ദിവസം, ക്ലാസ്സ്‌ തുടങ്ങുന്നതിനു മുന്‍പ്‌ പതിവുപോലെ മിനിയുടെ അരികെയിരിക്കുമ്പോള്‍ എന്നോടുള്ള ഇഷ്‌ടത്തിന്റെ കാരണം അവള്‍ വെളിപ്പെടുത്തി. മിനിയുടെ മുടിയിലെ ഷാംപൂമണം ആസ്വദിച്ചങ്ങനെ ഇരിക്കുമ്പോള്‍ അവള്‍ ഒരു പൂര്‍വകാല സംഭവം പറഞ്ഞു.

അവള്‍ക്കൊരു മുറച്ചെറുക്കനുണ്ടായിരുന്നു. എന്റെ തനിപ്പകര്‍പ്പായിരുന്നുവത്രേ അവനും! കുട്ടിക്കാലം മുതല്‍ അവര്‍ കളിക്കൂട്ടുകാരായിരുന്നുവെന്നുമൊക്കെ പറയവേ ആ നേത്രങ്ങള്‍ ഈറനണിയുന്നത്‌ ഞാന്‍ കണ്ടു. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ഒരു ബൈക്കപകടത്തില്‍ അവന്‍ മരിച്ചു. എനിക്ക്‌ വല്ലാതെ സങ്കടം വന്നു. മിനി തുടര്‍ന്നു. എന്നെ കാണുമ്പോഴും ചാരെ വന്നിരിക്കുമ്പോഴുമെല്ലാം നഷ്‌ടപ്പെട്ട കളിക്കൂട്ടുകാരനെ തിരിച്ചുകിട്ടിയതുപോലെയൊരു തോന്നല്‍!

കണ്ണീര്‍ തൂകികൊണ്ടവള്‍ എന്റെ കരം ഗ്രഹിച്ചു. ഞാനെന്തു പറയണം? ആ, എന്നിലൂടെ മരിച്ചുപോയ മുറച്ചെറുക്കന്റെ സാമീപ്യം മിനി അറിയുന്നുവെങ്കില്‍ സമാധാനമായേക്കമെന്ന് ഞാന്‍ വിചാരിച്ചു. പിന്നീടങ്ങോട്ട്‌ അവളോട്‌ സംസാരിക്കാനും നേരമുള്ളപ്പോഴെല്ലാം ഒരുമിക്കുവാനെല്ലാം ഞാന്‍ ശ്രമിച്ചു. ഞാനറിയാതെ എന്റെ മനസ്സില്‍ അവള്‍ താമസമാരംഭിക്കുന്നുവോ!

ഒരു നാള്‍ മിനിയെ കണ്ടില്ല. അന്നെനിക്ക്‌ വിരസത തോന്നി. സുഖമില്ലായെന്നറിയിച്ച്‌ ക്ലാസ്സ്‌ വിട്ട്‌ ഞാന്‍ തിരികെ മുറിയില്‍ വന്ന് കിടന്നു. അവളുടെ ഫോണ്‍നമ്പറിതുവരെ ഞാന്‍ ചോദിച്ചിട്ടില്ല. അതിനാല്‍ വിളിച്ചറിയാനും പറ്റുന്നില്ല. പിറ്റേന്ന് പതിവിലും നേരത്തെ കിഴക്കേകോട്ടയില്‍നിന്നും ശാസ്‌തമംഗലം ഡബിള്‍ഡെക്കര്‍ ബസ്സില്‍ പുറപ്പെട്ടു. വൈകുന്നേരങ്ങളില്‍ മിനിയും ഞാനും ഇതേ ബസ്സിലെ മുകളിലെ സ്ഥിരം സീറ്റിലിരുന്നാണ്‌ വരാറുള്ളത്‌. അതിലിപ്പോളിരിക്കുന്നത്‌ ഒരു അണ്ണാച്ചി. ഞാന്‍ സീറ്റ്‌ മാറി ഇരുന്നു.

ക്ലാസ്സില്‍ മാറിയിരുന്ന് കരയുന്ന മിനിയെ ഞാന്‍ കണ്ടു. കൂട്ടുകാരി ബ്ലെസ്സിയും നിഷയും എന്നെ കണ്ട്‌ എഴുന്നേറ്റുപോയി. അവളെ സാന്ത്വനിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും അവള്‍ വിതുമ്പിയങ്ങനെ ഇരുന്നു. തലേ ദിവസം വരാഞ്ഞതിന്റെ കാരണം ഒരുവിധം അവള്‍ പറഞ്ഞു. വീട്ടുകാര്‍ അവളുടെ വിവാഹാലോചന തുടങ്ങിയത്രേ! യൂറോപ്പിലെവിടെയോ ഉന്നതോദ്യോഗമുള്ള ഒരുത്തന്‍ പെണ്ണുകാണല്‍ കഴിഞ്ഞ്‌ ഇഷ്‌ടം വീട്ടുകാരെ അറിയിച്ചുവത്രേ. പരുക്കന്‍പ്രകൃതക്കാരനും മിനിയേക്കാള്‍ പത്തുവയസ്സ്‌ പ്രായക്കൂടുതലുള്ള ഒരാളാണെന്നും അറിഞ്ഞപ്പോള്‍ എനിക്ക്‌ എന്താണ്‌ എങ്ങനെയാണ്‌ അവളെ സാന്ത്വനിപ്പിക്കേണ്ടതെന്നറിഞ്ഞില്ല. അവള്‍ക്കീ ബന്ധം തീരെയിഷ്‌ടമായിട്ടില്ല.

ഞാന്‍ തലതാഴ്‌ത്തിയിരിക്കവേ മിനി എന്റെ കൈകള്‍ പിടിച്ചൊരു കരച്ചില്‍, പിന്നെ വന്ന ചോദ്യം എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഞാന്‍ അവളെ വിവാഹം ചെയ്യാമോ, എവിടെയാണേലും ഏത്‌ കഷ്‌ടപ്പാടിലായാലും ഒന്നിച്ചുണ്ടാവാമെന്നുമൊക്കെ അവള്‍ പുലമ്പികൊണ്ടിരുന്നു. ജീവിതത്തിലാദ്യമായി ഒരു യുവതിയുടെ നിസ്സഹായാവസ്ഥ എന്നെ വട്ടം കറക്കി. ഇത്രയൊന്നും ഒരിക്കലും പ്രതീക്ഷിച്ചതല്ല. വീട്ടിലെ അന്നത്തെ ചില പ്രശ്‌നങ്ങളും മറ്റുമോര്‍ത്തുപോയ ഞാന്‍ എന്റെ പ്രാണേശ്വരിയുടെ ചോദ്യത്തിന്‌ രണ്ടാമതൊന്ന് ആലോചിക്കാതെ മറുപടി കൊടുത്തു:

"മിനീ, എന്നേക്കാളും എന്തിനും യോഗ്യനായ ഒരാളായിരിക്കും നിന്റെ ജീവിതപങ്കാളിയാവുന്നത്‌. എനിക്കൊരിക്കലും പ്രാരാബ്‌ദമേറിയ എന്റെ ജീവിതത്തിലേക്ക്‌ നിന്നെ കൊണ്ടുവരാനാവില്ല. ഇപ്പോള്‍ വന്ന ആലോചന നീ സമ്മതിക്കുക. All the Best!"

ഒട്ടും പ്രതീക്ഷിക്കാത്ത എന്റെ മറുപടി കേട്ട്‌ മിനിയുടെ ഭാവം മാറി. അവള്‍ എന്റെ കൈ തട്ടിമാറ്റി ചാടിയെഴുന്നേറ്റു. ദു:ഖം ദേഷ്യമായി തീര്‍ന്നു. എന്നോടവള്‍ പൊട്ടിത്തെറിച്ചു.

"താനെന്താ പറഞ്ഞത്‌? എന്നെ മോഹിപ്പിച്ച്‌ ചതിക്കാനായിരുന്നൂലേ.. വേണ്ട, വേണ്ട എനിക്കിനി കാണേണ്ട! പോ, മുന്നീന്ന് ഒന്നു പോയിതരുവോ. ഇനി കാണേണ്ടയെനിക്ക്‌! You Flirt!"

മിനി പുറത്തേക്ക്‌ ഓടിമറഞ്ഞു. ഇത്ര വേഗം ഞാനങ്ങനെ പറയേണ്ടിയിരുന്നില്ല എന്നു തോന്നി. വല്ലാത്ത നൊമ്പരമുണ്ടായി ശരിക്കും. ഞങ്ങളുടെ പിണക്കം കുശുമ്പുള്ള ഏതാനും അനന്തപുരിക്കാര്‍ ശരിക്കും മുതലെടുത്തു. അവര്‍ പാര പണിതു. ഒരു പുതിയ കഥാപാത്രം അവതരിക്കപ്പെട്ടു. എന്നെ ഒതുക്കാന്‍, മിനിയെ പ്രേമിക്കുവാന്‍ ഒരു ദയാലുവായിട്ട്‌ അവന്‍ വന്നു! എന്റെ പകരക്കാരന്‍, പേര്‌ ബ്രില്ല്യന്‍മാത്യു. ഒരു കോടീശ്വരപുത്രന്‍, പൊണ്ണത്തടിയന്‍. അവന്റെ കുപ്പിസേവയിലകപ്പെട്ട എന്റെ സഹപാഠികള്‍ കിട്ടിയ അവസരം പാഴാക്കിയില്ല. എന്നോടുള്ള പക തീര്‍ക്കാന്‍ ഇവനെ അവര്‍ കരുവാക്കി. മിനിയുടെ പിറകെ നടന്ന് അവനും അവരും അവളുടെ മനസ്സില്‍നിന്നും എന്നെ മായ്‌ച്ചുകാളയുന്നതില്‍ ഒരുവിധം വിജയിച്ചു. അവളും എന്നെ മാനസ്സികമായി തകര്‍ക്കുവാനെന്നോളം ബ്രില്ല്യനെ പ്രേമിക്കുന്നതായി നടിച്ചു. എന്റെ മുന്നിലൂടെ അവള്‍ എന്റെ പകരക്കാരന്റെയൊപ്പം ഇണക്കുരുവികളെപോലെ പെരുമാറി നടന്നു. രക്ഷകിട്ടാനായിട്ട്‌ ഞാന്‍ പതിയെ ധൂമപാനവും ബാറുകളില്‍ സന്ദര്‍ശനവും പതിവാക്കി. അവിടെവെച്ചും എന്റെ ശത്രുക്കളെ പലപ്പോഴും എതിരിടേണ്ടിവന്നു. ചെമ്മീനിലെ പരീക്കുട്ടിയായി തീര്‍ന്ന ഞാന്‍ ശംഖുമുഖം കടപ്പുറത്തെ, അനന്തപുരിവീഥികളിലെ, മ്യൂസിയം പാര്‍ക്കിലെയൊക്കെ ജനക്കൂട്ടങ്ങളില്‍ ഒരു പൊട്ടായി തീര്‍ന്നു.

ഒരിക്കല്‍ യാദൃശ്ചികമായി നാട്ടിലുള്ള എന്റെയൊരു കൂട്ടുകാരനെ സെക്രട്ടേറിയറ്റിനു മുന്നില്‍വെച്ച്‌ കാണാനിടയായി. നല്ലയൊരു ഫുട്‌ബോള്‍ കളിക്കാരനായ മമ്മദുട്ടി പരിശീലനത്തിനുവേണ്ടി വന്നതാണ്‌. എന്റെ പ്രണയം അറിയാവുന്ന അവന്‍ കാര്യങ്ങളൊക്കെ ചോദിച്ചു. ഞാനെല്ലാം പറഞ്ഞു.

മമ്മദുട്ടിയും ഞാനും എതിരെയുള്ള അരുള്‍ജ്യോതി ഹോട്ടലിലെ ഏസിമുറിയില്‍ കയറി. അവിടെ ചെന്നപ്പോള്‍ അതാ ഇരിക്കുന്നു ഇണക്കുരുവികളും ചില പാരകളും! എന്നേയും കൂടെയുള്ള അപരിചിതന്‍ മമ്മദുട്ടിയേയും കണ്ടിട്ടായിരിക്കാം മിനിയും നവകാമുകന്‍ ബ്രില്ല്യനും വെപ്രാളത്തോടെ വേഗം വെളിയില്‍ പോയി. അടുത്ത ദിവസം ക്ലാസ്സില്‍ ചെന്നപ്പോള്‍ എല്ലാവരും എന്നോട്‌ ചോദിച്ചതെന്താണേന്നോ? മിനിയുടെ കമിതാവിനെ ഒതുക്കുവാന്‍ ഒരു മല്ലന്‍യുവാവിനെ ഇറക്കുമതി ചെയ്‌ത്‌ ഞാന്‍ കൂടെ കൊണ്ടുനടക്കുകയാണോയെന്ന്! നൈരാശ്യമുള്ള ഞാന്‍ അന്നുമാത്രം ഏറെ പൊട്ടിച്ചിരിച്ചു.

മാസങ്ങള്‍ കൊഴിഞ്ഞുപോകവേ ഞങ്ങളുടെ കോഴ്‌സ്‌ തീരാറായി. ആറുമാസത്തെ പഠനം കഴിഞ്ഞ്‌ പലഭാഗത്തുനിന്നുമെത്തിയവര്‍ പരസ്‌പരം യാത്ര പറഞ്ഞ്‌ പിരിയുന്ന ദിനമെത്തി. യാത്രയയപ്പില്‍ മിനി അരികിലെത്തി, ഒരു ഡയറിത്താളില്‍ മേല്‍വിലാസം എഴുതികൊടുക്കുവാന്‍ അഭ്യര്‍ത്ഥിച്ചു. എഴുതിക്കൊടുത്തിട്ട്‌ ഒന്നുമുരിയാടാതെ തിരിഞ്ഞുനടക്കവേ.. ദേഷ്യമുണ്ടെങ്കില്‍ ക്ഷമിക്കുവാനും ശപിക്കരുതെന്നുമെല്ലാം മിനി പറഞ്ഞു. ഞാന്‍ ഒന്നുമുരിയാടിയില്ല.

കലാപരിപാടികള്‍ അരങ്ങേറികൊണ്ടിരിക്കെ എന്നോട്‌ സഹതാപം പുലര്‍ത്തുന്ന ജെറി അരികില്‍ വന്ന് എന്നെ അടുത്തുള്ള ബാറിലേക്ക്‌ ക്ഷണിച്ചു. ചില രഹസ്യങ്ങളറിയിക്കാനെന്നും ഇനി നമ്മളാരും തമ്മില്‍ കണ്ടെന്നുവരില്ല എന്നും പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചു. അല്‍പം ബിയര്‍ കഴിച്ച്‌ തിരികെ വന്നു. എന്റെ മനസ്സിലെ പകയും ദേഷ്യവുമെല്ലാം പതച്ചുപൊങ്ങുന്നു. അതു തീവ്രമാക്കാന്‍ ജെറിയുടെ വക ചില ഉപദേശങ്ങളും..

"എടാ നിനക്ക്‌ അവളോട്‌ വല്ലതും പറയാനോ ചെയ്യാനോ ഒണ്ടേലതിപ്പോ ആയിക്കോ! ഇനിയവളെ ഈ ജന്മത്ത്‌ നിനക്ക്‌ കിട്ടൂല. കാണുകയുമില്ല. ദേ.. മിനിയും മറ്റും ബാത്ത്‌റൂമില്‍ പോവുന്നു. ചെല്ലെടോ."

ബാത്ത്‌റൂമില്‍ മിനിയും ബ്ലെസ്സിയും നിഷയും പലതും പറഞ്ഞ്‌ ചിരിച്ച്‌ മുഖം മിനുക്കി നില്‍ക്കുന്നു. ഞാന്‍ ബിയറിന്റെ ലഹരിയില്‍ അങ്ങോട്ട്‌ ചെന്നു. മിനിയോട്‌ ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് അറിയിച്ചപ്പോള്‍ അവളെ തനിച്ചാക്കി കൂട്ടുകാരികള്‍ പുറത്തേക്ക്‌ പോയി. മിനിയും ഞാനും മാത്രം അകത്ത്‌! അവള്‍ പേടിച്ചു.

വാതില്‍ താനേ അടയുന്നതാണ്‌. അവള്‍ എന്റെ കൈ തട്ടിമാറ്റി തുറക്കുവാന്‍ ശ്രമിച്ചു. ഞാന്‍ അവളെ ഒരു നിമിഷത്തേക്ക്‌ എന്റെ കരവലയത്തിലൊതുക്കി. മനസ്സ്‌ കൊതിച്ചിരുന്ന അസുലഭനിമിഷം! ഒരു മാന്‍പേടയെപോലെ അവള്‍..

"മിനീ ആരുടെയൊപ്പം ജീവിച്ചാലും എന്നെ നീ മറക്കുവാന്‍ പാടില്ല." - മദ്യലഹരിയില്‍ അതുമിതും ഞാന്‍ പറയുന്നുണ്ടായിരുന്നു.

ഞാന്‍ അവളുടെ കവിളില്‍ ചുംബിക്കാന്‍ ഒരുങ്ങുമ്പോള്‍ വാതില്‍ തുറന്ന് ജെറി കുതിച്ചെത്തി എന്നെ പിടിച്ചുമാറ്റി. മിനി പുറത്തേക്കോടി. ബ്ലെസ്സിയും നിഷയും മറ്റുള്ളവരെല്ലാം പാഞ്ഞെത്തി. അന്നേരം എന്റെ സ്വബോധം വെളിവായി. പാരകളും കുതിച്ചെത്തി. ജെറി എന്റെ രക്ഷകനായിമാറി.

എന്നേയും വലിച്ചിഴച്ച്‌ പാവം ജെറി പുറത്തെ കവാടത്തിലെത്തി. വെറുതെയൊന്ന് തിരിഞ്ഞ്‌ നോക്കിയയെനിക്ക്‌ കണ്ണുകള്‍ നിറഞ്ഞു. മുകളിലെ ജാലകത്തിനരികെ എന്നെ സാകൂതം നോക്കികൊണ്ട്‌ മിനി നില്‍ക്കുന്നുവോ! നിറമിഴികളോടെ എന്നെ കൈവീശി യാത്രയാക്കുന്നതുപോലെ? തിരിച്ച്‌ ഞാനും കൈവീശി. ഞാനെന്റെ കണ്ണുകള്‍ തുടച്ചു. എന്തൊക്കെയോ പരസ്‌പരം കൈമാറാനുള്ളതുപോലെ ഞങ്ങള്‍ക്കിടയില്‍ ഉണ്ടോയെന്ന് തോന്നിയിരുന്നുവപ്പോള്‍.

നൊമ്പരങ്ങള്‍ മാത്രം ബാക്കിവെച്ച്‌ എവിടേയോ മറഞ്ഞുപോയ മിനി ഇന്നെവിടെ ആയിരിക്കാം? നഷ്‌ടപ്രണയവും താലോലിച്ച്‌ ഈ മണലാരണ്യത്തില്‍ കഴിയവേ അവളെ വീണ്ടും എവിടെയെങ്കിലും കണ്ടുമുട്ടുമോയെന്ന് വെറുതെ നിനച്ചുപോയി.

എന്നാല്‍ അങ്ങിനെ സംഭവിച്ചു..! അതു ഞാന്‍ ഉടനെ നിങ്ങളെ അറിയിക്കാം.

Posted by ഏറനാടന്‍ @ 12:02 AM   17 comments
Tuesday, August 01, 2006

അതുപോലൊരു പകല്‍
പ്രിയപ്പെട്ട ബിന്‍ന്ദൂ... ഞാന്‍ നിന്നെക്കുറിച്ചു എല്ലാ നേരവും ചിന്തിക്കുന്നൂ കുത്ത്‌ നിന്നെ സ്വപ്നം കാണാന്‍ ഞാനെന്നും പുലര്‍ച്ചെ വൈകിയെഴുന്നേല്‍ക്കുന്നൂ കുത്ത്‌ ഞാനെറെ ആശിക്കുന്ന നിന്റെ സാമീപ്യം അറിയുന്നത്തു പുലര്‍ച്ചെയുള്ള കുറച്ചു നിമിഷങ്ങല്‍ മാത്രം നീളുന്ന ആ സ്വപ്നങ്ങളിലാണ്‌. സ്വപ്നത്തിനും ബോധത്തിനും ഇടയിലുള്ള ആ സ്പ്‌ളിറ്റ്‌ സെക്കന്റിനെയാണു ഞാനേറേ ഭയക്കുന്നത്തു. ഞാനറിഞ്ഞതും ആസ്വതിച്ചതും സത്യമാണൊ മിധ്യാണൊ എന്നു തിരിച്ചറിയാനകാത്ത ആ ചുരുങ്ങിയ സമയത്തെ. മേശപ്പുറത്തിരുന്ന കടലാസു പ്രിയ ഉറക്കെ വായിച്ചു.

"ആരാടാ ഈ ബിന്ദു?". അവള്‍ ബാത്‌റൂമിന്റെ വാതിലില്‍ തൊഴിച്ചു. ചാരിയിരുന്ന വാതില്‍ മലര്‍ക്കെ തുറന്നു പോയി. "അയ്യേ!". അവള്‍ വാതില്‍ വലിച്ചടച്ചു. "സോറീടാ നീ വാതില്‍ അടച്ചിരിക്കുമെന്നാ ഞാന്‍ കരുതിയതു". "സാരമില്ല" അകത്തു നിന്നു ഗിരീഷ്‌, "മിനിഞ്ഞാന്നു മനോജിന്റെ ബാച്ചിലര്‍ പാര്‍ട്ടിക്കു പോയി വന്നതില്‍ പിന്നെ വയറിനു വലിയ സുഖമില്ല. നീയിരി. ഞാനിപ്പൊ വരാം" അവല്‍ മേശപ്പുറത്തിരുന്ന അവന്റെ കൈപ്പട വീണ്ടും അലസമായി വായിച്ചു.

"ആരാടാ ഈ ബിന്ദു?" ഗിരീഷ്‌ പുറത്തിറങ്ങിയപ്പോള്‍ പ്രിയ വീണ്ടും ചോദിച്ചു.

"നീ വല്ലതും കണ്ടോ?".

"ഓ പുതുതായൊന്നും കണ്ടില്ല. ഈ പെണ്ണാരാന്നു പറ".

"ഒരാഴ്ചയായി കാലത്തു ഭക്ഷണം കഴിക്കാന്‍ പോകുമ്പോല്‍ ഇവളെ കാണുന്നു. നല്ല വെളുത്തു മെലിഞ്ഞ പെണ്ണാ. മലയാളിയാണൊ എന്തോ. പേരൊന്നും അറിയില്ല. അതു കൊണ്ടു ഞാന്‍ തന്നെ ഒരു പേരു കൊടുത്തു. അവളോടു മിണ്ടാനൊന്നും ചാന്‍സ്‌ കിട്ടിയില്ല അപ്പൊ ഒരു ലവ്‌ ലെറ്റര്‍ എഴുതിക്കളയാം എന്നു കരുതി. ഇങ്ങനെ ലവ്‌ ലെറ്റര്‍ എഴുതുമ്പോള്‍ ഞങ്ങല്‍ തമ്മിലുള്ള ആ ഗ്യാപ്‌ കുറയുന്ന പോലെ. ഇങ്ങനെ കുറെ എഴുമ്പോളേക്കും ആ ഗ്യാപ്‌ മൊത്തമായി അലിഞ്ഞലിഞ്ഞു ഒരു തിന്‍ ഫിലിം മാത്രമാകും. അപ്പൊ ഞാന്‍ കേറി മിണ്ടും".

"അടി വാങ്ങുകേം ചെയ്യും. പിന്നെ ചൊമക്കാന്‍ ഞാന്‍ മാത്രമെ കാണു. നീ വേഗം റെഡി ആവ്‌".

"എന്തിനു?"

"മറന്നോ? ഞാന്‍ പറഞ്ഞതല്ലെ ഇന്നെനിക്കു പാസ്‌പോര്‍ട്ട്‌ ഓഫീസില്‍ പോകണമെന്നു. നീ കൂടെവരാമെന്നു സമ്മതിച്ചതല്ലേ". പരാതിയുടെ ശബ്ദത്തില്‍ അവള്‍ പറഞ്ഞു.

"അയ്യോ, ഈ വയറും വെച്ചോണ്ട്‌ ഞാന്‍ വന്നാല്‍ ആകെ പ്രശ്നമാകും. നമ്മുക്കു പിന്നെ ഒരിക്കല്‍ പോകാം".

"അതൊന്നും സാരമില്ല. നീ വാ. ഇന്നു തന്നെ പോണം"

ഗിരീഷിനു കൂടുതല്‍ എതിര്‍ക്കാന്‍ തോന്നിയില്ല. കാറിലിരിക്കുമ്പോള്‍ പ്രിയ ചോദിച്ചു, "നീയെന്നെങ്കിലും എനിക്കു വേണ്ടി കത്തെഴുതിയിട്ടുണ്ടോ. ഉണ്ടാവില്ല. നിന്റെ ഇഷ്ടത്തിനൊക്കെ വിടുന്നതു കൊണ്ടല്ലേ നിനക്കു എന്നോടൊരു റെസ്പെക്ട്‌ ഇല്ലാത്തത്‌. ഐ നോ വാട്ട്‌ കൈന്റാ ഗേള്‍ യു വിഷ്‌. തനി പാലക്കാടന്‍ ഭാഷ പറയുന്ന ഒരു അമ്മിയാരു പെണ്ണു. നിക്കു വയ്യാ, ന്റെ ഭഗോതി. സിക്ക്‌ ഡയലക്റ്റ്‌". അവള്‍ പിന്നെയുമെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. രണ്ടു വര്‍ഷമായുള്ള സൌഹൃദം. പലപ്പോഴും അവനവളെ തീഷ്ണമായി പ്രണയിച്ചിട്ടുണ്ട്‌. അവളുടെ സാമീപ്യം വല്ലാതെ കൊതിച്ചിട്ടുണ്ട്‌. ഇപ്പോള്‍ കൈയെത്തുന്ന ദൂരത്തില്‍.

"ലുക്ക്‌ അറ്റ്‌ ദ ഡാം ക്യൂ. നീയാ വൈകിയതു. നിനക്കു നിന്റെ കാര്യം മാത്രമെ ചിന്തയൊള്ളു". അവള്‍ ദേഷ്യം ഭാവിച്ചു.

"പ്രിയാ, എനിക്കൊരു വിളി വരുന്നുണ്ട്‌. ഞാനാ ടോയ്‌ലെറ്റ്‌ തപ്പട്ടെ".

ടോയ്‌ലെറ്റില്‍ വച്ചു ഗിരീഷിന്റെ മൊബൈല്‍ അടിച്ചു.

"നീ അവിടെ എന്തെടുക്കുവാ?"

"നമ്മുടെ നാട്ടുകാര്‍ക്കു ഒരു വൃത്തീം ഇല്ലടോ. ഞാന്‍ ഒരു വിധത്തില്‍ അഡ്‌ജസ്റ്റ്‌ ചെയ്യുവാ".

"എനിക്കറിയാം, നീയവിടിരുന്നു ആ ബിന്ദുവിനെക്കുറിച്ചോര്‍ക്കുവല്ലേ".

"അല്ല... വില്‍ യൂ മാരി മീ".

Posted by bodhappayi @ 10:11 PM   11 comments
Thursday, July 20, 2006

വസന്തവും കാത്ത്‌...
വായനശാല സംഘടിപ്പിച്ച അവധിക്കാല ക്യാമ്പിലാണ്‌ അവന്‍ അവളെ ആദ്യമായി കാണുന്നത്‌. മറ്റുള്ള പെണ്‍ക്കുട്ടികളില്‍ നിന്നു അവളെ വ്യത്യസ്തയാക്കിയത്‌ അവള്‍ മാറി മാറി ഇട്ടിരുന്ന പല നിറത്തില്‍ പൂക്കള്‍ തുന്നിയ ചുരിദാറുകളായിരുന്നു... പാവാടയും ഉടുപ്പും കണ്ട്‌ മടുത്ത ഒരു പതിമൂന്നുകാരന്റെ മനസിലേക്ക്‌ അവള്‍ കുടിയേറിയത്‌ ചുരിദാറിലെ ആ പൂക്കളിലൂടെ ആയിരുന്നു..

പൂക്കളെ അവന്‌ എന്നും ഇഷ്ടമായിരുന്നു.. അയലത്തെ വീട്ടിലെ റോസാമൊട്ടു മോഷ്ടിച്ചതിന്‌ അവന്‌ ആവോളം തല്ലു കിട്ടിയിട്ടുണ്ട്‌. എന്നിട്ടും അവന്‍ പൂക്കളെ വെറുത്തില്ല.. അവനത്‌ കഴിയുമായിരുന്നില്ല.

അവളെ അവന്‍ ചിലപ്പോള്‍ സൂര്യകാന്തിയെന്നു വിളിക്കുമായിരുന്നു, ചിലപ്പോള്‍ ചെമ്പകമെന്നും. അത്‌ കേട്ടിരിക്കുന്ന ചെമ്പകമൊട്ടുകള്‍ അവനെ നോക്കി പിണക്കം പറഞ്ഞിരിക്കണം..

മുറ്റത്തെ കിളിമരചോട്ടിലെ അരിമുല്ല മൊട്ടിട്ടപ്പോള്‍ വണ്ടുകളേക്കള്‍ സന്തോഷം അവനായിരുന്നു.. അതില്‍ നിന്നൊരു മുല്ലപ്പൂ മാല അവള്‍ക്കു സമ്മാനിക്കാന്‍ അവന്‍ പലപോഴും ശ്രമിച്ചു.. സാഹചര്യങ്ങള്‍ അവനെ വിലക്കി.

ഉച്ചമയക്കത്തിലെ സ്വപ്നത്തില്‍ അവളും അവനും രണ്ട്‌ വണ്ടുകളായി വന്നു ആവോളം മധു നുകര്‍ന്നു.. അവര്‍ മുല്ലവള്ളികള്‍ക്കു ചുറ്റും ആടി രസിച്ചു.

നേരത്തെ എത്തിയ കാലവര്‍ഷത്തിലെ ഇടിമുഴക്കം കേട്ടാണ്‌ അവന്‍ ഞെട്ടിയുണര്‍ന്നത്‌ പക്ഷെ അവന്‍ താമസിച്ച്‌ പോയിരുന്നു.. അന്നായിരുന്നു അവധിക്കാല ക്യാമ്പിന്റെ അവസാനനാള്‍... പനി കാരണം അമ്മ പുതച്ച്‌ തന്ന കരിമ്പടം മുകളിലേക്കു വലിച്ച്‌ കൊണ്ട്‌ അവന്‍ ജനലിന്റെ നേര്‍ത്ത വിടവിലൂടെ പുറത്തേക്കു നോക്കി. കറുത്തിരുണ്ട മാനം കരയാന്‍ വിതുമ്പുന്നത്‌ അവന്‍ കണ്ടു, സ്വന്തം മനസ്‌ പോലെ. ആ വിതുമ്പല്‍ മഴയായ്‌ പെയ്തിറങ്ങിയപ്പോള്‍, ആ കുളിരില്‍ കഴിഞ്ഞു പോയ വസന്തത്തിന്റെ ഓര്‍മകളും പൊതിഞ്ഞ്‌ പുതു സ്വപ്നങ്ങളുമായി അവന്‍ കാത്തിരുപ്പ്‌ ആരംഭിച്ചു, അടുത്ത വസന്തത്തിനായി.എത്തുമെന്നു അവന്‌ തന്നെ ഉറപ്പില്ലാത്ത വസന്തത്തിനായി...

Posted by Ajith Krishnanunni @ 6:42 AM   5 comments
Wednesday, July 19, 2006

ഒരു കന്യാകുമാരിയാത്ര... നഷ്‌ടവസന്തത്തിന്‍ സ്വപ്നയാത്ര...

കൊന്നപ്പൂവുകള്‍ എങ്ങും പൂത്തുനില്‍ക്കുന്ന ഒരു വിഷുദിനത്തില്‍ ഞങ്ങള്‍ യാത്ര പുറപ്പെട്ടു. ഞങ്ങളെന്നു പറഞ്ഞാല്‍ ഞാനും എന്റെ ജീവിതസഖിയായിരുന്ന സഹയാത്രികയും. ഇത്‌ ഞങ്ങളുടെ 'ഹണിമൂണ്‍' യാത്രയാണ്‌. അവള്‍ തിരഞ്ഞെടുത്ത സ്ഥലം കന്യാകുമാരിയായിരുന്നു. ഞാന്‍ മനസ്സില്‍ വിചാരിച്ചിരുന്നത്‌ ഊട്ടിയോ കൊടൈക്കനാലോ എന്നത്‌ എന്റെ സഖിയുടെ ഇഷ്‌ടത്തിന്‌ മുന്നില്‍ ഉപേക്ഷിക്കേണ്ടിവന്നു.

ഒരു സുഹൃത്ത്‌ വഴി തരപ്പെടുത്തിയ 'സാന്‍ട്രൊ' കാറില്‍ രാവിലെ ജീവിതസഖിയുടെ തിരുവനന്തപുരത്തുള്ള ഗൃഹത്തില്‍ നിന്നും പുറപ്പെട്ടു. നഗരപരിധി വിട്ട്‌ കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ അവള്‍ എന്നും കേള്‍ക്കുവാനിഷ്‌ടപ്പെടുന്ന ചില തമിഴ്‌ഗാനങ്ങള്‍ സ്റ്റീരിയോയില്‍നിന്നും ഒഴുകിവന്നു.

"ദേവതയെ കണ്ടേന്‍.. കാതലില്‍ വിഴുന്തേന്‍..എന്നുയിരുടന്‍ കലൈന്ത്‌വിട്ടാന്‍..", "ഉയിരിനുയിരേ.. നദിയിന്‍ മടിയില്‍ കാത്ത്‌ കിടക്കിന്‍ട്രേന്‍.." എന്നീ പാട്ടുകളെന്നെയിന്നും വിരഹാര്‍ദ്രവും ഒരു ഉല്ലാസയാത്രയുടെ സുഖമുള്ള ഓര്‍മ്മകളിലേക്ക്‌ വീഴ്‌ത്തുകയും ചെയ്യാറുണ്ട്‌... ആ ..എല്ലാം വെറും മായക്കാഴ്‌ചകളായിരുന്നോ? ഒരു സ്വപ്നാടകനായിരുന്നോ ഞാനന്ന്? എനിക്ക്‌ ചിലപ്പോള്‍ തോന്നാറുണ്ട്‌. പിന്നിലെ സീറ്റില്‍ ഞങ്ങള്‍ പരസ്പരം ഇമവെട്ടാതെ കുറേനേരം ഇരുന്നു. ആ പാട്ടിലെ നായികാനായകന്മാരായി സ്വയം സങ്കല്‍പിച്ചുകൊണ്ട്‌ അവളും ഞാനും മന്ദഹസിച്ചു, ചിലപ്പോഴൊക്കെ. കാറ്റില്‍ പാറിയ അവളുടെ ലോലമായ മുടിയിഴകള്‍ എന്നെ തഴുകികൊണ്ടിരുന്നു. കൂടെ കൊണ്ടുവന്ന ആപ്പിളും മുന്തിരിയുമെല്ലാം ഞങ്ങള്‍ കൊറേശ്ശെ ആസ്വദിച്ച്‌ കഴിക്കുവാന്‍ തുടങ്ങിയിരുന്നു. കൊതി വരാതിരിക്കുവാനാണോ എന്നെനിക്കറിയില്ല, അല്‍പം ഡ്രൈവര്‍ക്കും കൊടുത്തെങ്കിലും അയാളത്‌ നിരസിച്ചുകൊണ്ട്‌ വണ്ടിയോടിക്കുന്നതില്‍ മുഴുകി.

കാര്‍ ഏറെ ദൂരം താണ്ടിയതിനുശേഷം പത്മനാഭപുരത്തെത്തി. അവിടെ സര്‍വ്വപ്രതാപത്തിലും നിലകൊള്ളുന്ന മാര്‍ത്താണ്‍ഠരാജാവിന്റെ പ്രൗഡിയുള്ള കൊട്ടാരം സന്ദര്‍ശിച്ചു. പണ്ട്‌ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇവിടെ ഉല്ലാസയാത്ര വന്നിട്ടുണ്ടായിരുന്നത്‌ ഞാനോര്‍ത്തുപോയി. അന്നെന്റെ പക്കലുണ്ടായിരുന്ന പണം നഷ്‌ടപ്പെട്ടതും മറ്റും സഖിയോട്‌ പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു.

പാസ്സെടുത്ത്‌ അകത്ത്‌ പ്രവേശിച്ചപ്പോള്‍ അധികം സന്ദര്‍ശകരെയൊന്നും കണ്ടില്ല. അവളേറെ ആഹ്ലാദിച്ചത്‌ കണ്ട്‌ ചോദിച്ചപ്പോള്‍ പറഞ്ഞത്‌ "നമുക്ക്‌ നമ്മുടെ മാത്രം കൊട്ടാരം പോലെ അല്‍പസമയത്തേക്കെങ്കിലും കിട്ടുമല്ലോ, ചേട്ടന്റെ റാണിയായി ഞാനും എന്റെ രാജകുമാരനായി.." - പറഞ്ഞത്‌ മുഴുമിക്കാതെ സഖി മുഖം പൊത്തി കുറേ ചിരിച്ചു. ഞാനവളുടെ തോളില്‍ കൈയ്യിട്ട്‌ കൊട്ടാരത്തിന്റെ അകത്തളത്തേക്ക്‌ നടന്നു.

ഈ തമാശ അന്വര്‍ത്ഥമാക്കുന്നത്‌പോലെ തന്നെ പത്മനാഭപുരം കൊട്ടാരത്തിന്റെ ഇരുള്‍ മൂടിക്കിടക്കുന്ന ഇടനാഴികളിലും പണ്ട്‌ രാജകുമാരിയും തോഴിമാരും ചിലവഴിച്ചിരുന്ന മുറികളും വരാന്തകളും എല്ലാം പൊതുവെ ആളൊഴിഞ്ഞ്‌ കിടന്നിരുന്നു, വല്ലപ്പോഴും മാര്‍ഗ്ഗം പറഞ്ഞുതരുവാന്‍ പ്രത്യക്ഷപ്പെടുന്ന 'ടൂറിസ്റ്റ്‌ ഗൈഡും' ഒന്നോ രണ്ടോ ചെറുസംഘങ്ങളും ഒഴിച്ച്‌.

ഇരുള്‍ മൂടിയ ഇടനാഴികളില്‍ പലതിലും ഞങ്ങള്‍ പലപ്പോഴും ഇണക്കുരുവികളായി മാറി. ചിലനേരങ്ങളില്‍ കുട്ടികളെപ്പോലെ ഒളിച്ചുകളിയും പഴയ സിനിമകളിലെ പ്രേംനസീര്‍-ഷീല ജോഡിയെപ്പോലെ പ്രണയരംഗങ്ങളും അന്ന് കൊട്ടാരത്തിനുള്ളില്‍ പുനരവതരിക്കപ്പെട്ടു. ഇതിനിടയ്ക്ക്‌ ഒരു വില്ലനെന്ന പോലെ കൊട്ടാരത്തിലെ കാര്യങ്ങള്‍ നോക്കുവാന്‍ സര്‍ക്കാര്‍ ശമ്പളംകൊടുത്ത്‌ നിര്‍ത്തിയിരിക്കുന്ന കാര്യസ്ഥന്‍ രംഗത്ത്‌ വന്നത്‌ അലോസരം തന്നെയായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇങ്ങനെ പൈങ്കിളികളായിരുന്നെങ്കിലും അവിടെ നൂറ്റാണ്ടുകളായി നശിക്കാതെയിരിക്കുന്ന അമൂല്യങ്ങളായ ചരിത്രസ്മാരകങ്ങളും ചിത്രപ്പണികളും ഓരോരൊ മുറികളുടെ ഘടനകളും നാണയശേഘരങ്ങളും മറ്റുമൊക്കെ വീക്ഷിച്ചിരുന്നൂട്ടോ. പ്രത്യേകിച്ചും അവള്‍ ശ്രദ്ധിച്ച്‌ മനസ്സിലാക്കിയിരുന്നത്‌ കൊട്ടാരത്തിന്റെ കെട്ടുറപ്പും മുറികളുടെ തരംതിരിവും മറ്റുമായിരുന്നു. (സഖിയൊരു സിവില്‍ എഞ്ചിനിയറാണല്ലോ..) ഞാനൊരു കലാഹൃദയത്തിന്റെ ഉടമയായതുകൊണ്ട്‌ നേരത്തെ സൂചിപ്പിച്ച സംഗതികളാണ്‌ കണ്ണില്‍ പതിഞ്ഞത്‌.

മറഞ്ഞുതിരിഞ്ഞ്‌ കിടക്കുന്ന വഴികളിലൂടേയും ഒരുപാട്‌ രഹസ്യങ്ങളുറങ്ങിക്കിടക്കുന്ന കൊട്ടാരമുറികളും ഒക്കെ കടന്നിട്ടൊടുവില്‍ ക്ഷീണിച്ച്‌ സഖിയും ഞാനും കൊട്ടാരത്തിന്റെ വെളിയില്‍ വന്നു. നോക്കുമ്പോളതാ പായല്‍ പിടിച്ചു ഉപയോഗ്യമല്ലാത്ത ഒരു വലിയ കുളം! അതില്‍ നിറയെ പല വലിപ്പത്തിലും നിറത്തിലുമുള്ള മത്സ്യങ്ങള്‍ നീന്തിത്തുടിക്കുന്നു. അതെല്ലാം ആസ്വദിച്ചുകൊണ്ട്‌ അവളും ഞാനും കുളത്തിന്റെയരികിലുള്ള ഒരു മാവിന്‍ചുവട്ടില്‍ ഇരുന്നു, ഏറെ നേരം അവളുടെ കണ്ണുകളിലെ പരല്‍മീനുകളേയും നോക്കിയിരുന്നു. മാവിന്‍കൊമ്പിലെവിടേയോ ഇരിക്കുന്ന കുയിലിന്റെ വേണുഗാനം രംഗത്തിന്‌ മാറ്റ്‌ കൂട്ടി. ഞാനേറ്റുപാടുവാന്‍ തുടങ്ങിയവേളയില്‍ അവളുടെ മൃദുവായകൈ എന്റെ വായപൊത്തി.

ഒരു ജന്മം മുഴുവന്‍ സഖിയോടൊത്ത്‌ അവിടെ ചിലവഴിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ലക്ഷ്യം സ്വാമിവിവേകാനന്ദന്റെ ധ്യാനസ്ഥലമായ കന്യാകുമാരി ആയതിനാല്‍ ഞങ്ങള്‍ പത്മനാഭപുരം കൊട്ടാരത്തോടും അവിടെത്തെ ശാന്തമായ അന്തരീക്ഷത്തോടും പിന്നെ ചില സ്വകാര്യപ്രണയനിമിഷങ്ങളോടും വിടപറഞ്ഞു പുറപ്പെട്ടു. അടുത്ത ലക്ഷ്യം മൂന്ന് സമുദ്രങ്ങളൊത്തുചേര്‍ന്ന് സല്ലപിക്കുന്ന കന്യാകുമാരി. ഭക്ഷണം കഴിച്ചതിനുശേഷം യാത്ര തുടര്‍ന്നു.

എനിയ്ക്കെന്നും ഇഷ്‌ടമുള്ള ഗസലുകളൊഴുകി വരുമ്പോള്‍ സഖിയുറക്കമായിരുന്നു. കാര്‍ തമിഴ്‌നാടിന്റെ പാതയിലൂടെ ഓടിക്കൊണ്ടിരുന്നു. വാകുന്നേരമായപ്പോള്‍ കന്യാകുമാരിയിലെത്തി. അവിടെ ഏവരും കാണുവാനാഗ്രഹിക്കുന്ന അസ്തമയസൂര്യന്‍ ഞങ്ങള്‍ക്കുവേണ്ടി കാത്തുനില്‍ക്കാതെ മറഞ്ഞുപോയിരുന്നു. ഒരു നല്ല ഹോട്ടല്‍മുറി തേടി അല്‍പം അലഞ്ഞതിനൊടുവില്‍ സാമാന്യം നല്ലതൊന്ന് കിട്ടി. ഒരു സ്റ്റാഫ്‌ ലഗേജുമെടുത്ത്‌ ഞങ്ങളുടെ മുന്നില്‍ നടന്നു. ഗോവണി കയറി അല്‍പം നീങ്ങിയപ്പോള്‍ മുറിയിലെത്തി. അണ്ണാച്ചി ലഗേജെല്ലാം വാതിലിനരികെ വെച്ച്‌ പോവുമ്പോള്‍ ജാള്യതയോടെ തിരിഞ്ഞുനിന്നു ചിരിച്ചോ? ഏയ്‌ തോന്നിയതാവും.

ഞങ്ങളുടെ മാത്രം സ്വര്‍ഗ്ഗലോകത്തേക്ക്‌ കടന്നപ്പോള്‍ നേരെമുന്നിലെ ജനാലയിലൂടെ ആകാശത്ത്‌ തേന്‍തൂകിനില്‍ക്കുന്ന ചന്ദ്രനും അങ്ങ്‌താഴെ വിവേകാനന്ദപാറയും തൊട്ടടുത്ത്‌ സ്ഥിതിചെയ്യുന്ന ശ്രീതിരുവള്ളുവരുടെ ഭീമാകാരപ്രതിമയുള്ള പാറയും വ്യക്തമായി കാണപ്പെട്ടു. ആകമാനം ദീപാങ്ങളാല്‍ അലങ്കരിച്ച ആ സ്മാരകസൗധങ്ങളും ചുറ്റുമുള്ള തിരയടങ്ങിയ സമുദ്രവും.. എല്ലാം തേന്‍നിലാവില്‍ കുളിച്ചുകിടക്കുന്ന സുഖമുള്ള ദൃശ്യം, എന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു.

കുറച്ച്‌ സമയം വിശ്രമിച്ച്‌ കുളിച്ചപ്പോള്‍ തിരിച്ചുകിട്ടിയ ഉന്മേഷത്തില്‍ സഖിയോടൊത്ത്‌ വെറുതെ പുറത്തിറങ്ങി അലസമായി നടന്നു. വഴിയോരക്കാഴ്ചകള്‍ കണ്ട്‌ ഏറെ ദൂരം പോയി. പാതവക്കില്‍ ഇരുവശത്തും തമിഴ്‌പെണ്ണുങ്ങള്‍ നിരന്നിരുന്ന് രാത്രിയിലും മുല്ലപ്പൂ വില്‍ക്കുന്നുണ്ടായിരുന്നു. കുറച്ച്‌ വാങ്ങി സഖിയ്ക്ക്‌ കൊടുത്തത്‌ അവള്‍ മുടിയില്‍ ചൂടി. പിന്നെ പലവിധം അലങ്കാരവസ്തുക്കള്‍ വില്‍ക്കുന്ന കടകളുമൊക്കെ സന്ദര്‍ശിച്ചു. വലുതും ചെറുതുമായ ശംഖുകളും ഭംഗിയുള്ള മാല, വള എന്നിത്യാദി സാധനങ്ങളും സഖി വാങ്ങിക്കൂട്ടി.

അപരിചിതമായ ആ തമിഴ്‌നഗരത്തെ ക്ഷേത്രങ്ങളും കെട്ടിടങ്ങളും ചുറ്റുമുള്ള അന്യരായ ആളുകളേയും എല്ലാം വീക്ഷിച്ച്‌ നവദമ്പതികളായ ഞങ്ങള്‍ താമസസ്ഥലത്തേക്ക്‌ തിരിച്ചു. എല്ലാത്തിനും സാക്ഷിയായിട്ട്‌ അല്‍പമകലെ വിവേകാനനന്ദസ്വാമികളും ശ്രീതിരുവള്ളുവരും സമുദ്രത്തിനുമുകളില്‍ ഉയരത്തില്‍ നില്‍പുണ്ട്‌.

ഏറെ വൈകി ഉറങ്ങുവാന്‍ കിടന്നു. മങ്ങിയ വെളിച്ചം ജനാലപ്പാളികളിലൂടെ ഞങ്ങളെ തേടിയെത്തി. മുറിയാകെ സഖിയുടെ മുടിയില്‍ ചൂടിയ മുല്ലപ്പൂമണം പരന്നു. ഏല്ലാം ഒരുന്മാദത്തിന്റെ വക്കിലെത്തിച്ചെങ്കിലും വേഗം നിദ്രയുടെ കയത്തിലേക്ക്‌ വഴുതിപ്പോയിരുന്നു ഇരുവരും..

നേരം വെളുത്തപ്പോള്‍ ആരോ കതകില്‍ തട്ടുന്ന ശബ്ദം കേട്ട്‌ ഞാനുണര്‍ന്നു. സഖി സുഖനിദ്രയില്‍ തന്നെ. വീണ്ടും മുട്ടുന്നുവാരോ.. ഞാന്‍ വാതിലിനരികെ കാതോര്‍ത്ത്‌ നിന്നു ആരാണെന്ന് ചോദിച്ചപ്പോള്‍ തമിഴിലുള്ള മറുപടി വന്നപ്പോള്‍ മാത്രമാണ്‌ സമാധാനമായത്‌.

"സാര്‍, ഉങ്കള്‍ക്ക്‌ സൂര്യോദയം പാക്കണമാ.. ശീഘ്രം വാങ്കോ.. നേരമായാച്ച്‌.."

ആ പയ്യന്‍ അടുത്ത മുറിയുടെ കതകില്‍ പോയി മുട്ടുവാന്‍ തുടങ്ങിയിരുന്നു. ഒരു പക്ഷെ അതവന്റെ പ്രഭാതചര്യയായിരിക്കാം. ഞാനുടനെ സഖിയെ തട്ടിവിളിച്ചെഴുന്നേല്‍പിച്ചു. കന്യാകുമാരിയില്‍ വന്നിട്ട്‌ ഉദയമോ അസ്തമയമോ കാണാതെ പോയാല്‍ അതൊരു തീരാനഷ്ടം തന്നെയല്ലേ. അവള്‍ അലങ്കോലമായിക്കിടന്ന വസ്‌ത്രങ്ങളും കെട്ടഴിച്ച്‌ പരത്തിയിട്ടിരുന്ന മുടിയുമെല്ലാം ശരിയാക്കി എഴുന്നേറ്റു. പെട്ടെന്ന് പ്രഭാതകൃത്യങ്ങളെല്ലാം നടത്തി വസ്‌ത്രം മാറിയ ഞങ്ങള്‍ ഹോട്ടലിന്റെ മുകളിലേക്ക്‌ പോയി. അവിടെ ധാരാളമാളുകള്‍ കാത്തിരിപ്പുണ്ടായിരുന്നു, ഉദയസൂര്യനെ വരവേല്‍ക്കുവാന്‍ ഞങ്ങളും ഒരിടത്തില്‍ ഒതുങ്ങിനിന്നു. കാമറ തയ്യാറാക്കി കിഴക്കു ചക്രവാളത്തിലെ മാറിമറിഞ്ഞുകളിക്കുന്ന നിറക്കൂട്ടുകളില്‍ തന്നെ കണ്ണൂംനട്ട്‌ നില്‍ക്കുമ്പോള്‍ അതാ പ്രത്യക്ഷപ്പെടുന്നു - സ്വര്‍ണ്ണകിരണങ്ങളുടെ അരുണിമയോടെ ഒരു തേരിലേറി വരുന്ന യോദ്ധാവിനെപോലെ ദിനകരന്‍! സമുദ്രത്തിന്റെ വിരിമാറില്‍ ദൂരെയേതോ രാജ്യത്തില്‍നിന്നുള്ള കപ്പല്‍ നീങ്ങുന്നതും കാണാമായിരുന്നു. ഇങ്ങരികെ മുക്കുവന്മാരുടെ കട്ടമരമെന്നറിപ്പെടുന്ന ചെറുമരത്തോണികളും ധാരാളം കടലിലിറങ്ങുന്നതും ഉദയസൂര്യന്റെ വെളിച്ചത്തില്‍ നല്ലയൊരു ദൃശ്യവിരുന്നൊരുക്കി.

പിന്നീട്‌ സന്ദര്‍ശിച്ചത്‌ വിശ്വവിഖ്യാതമായ വിവേകാനന്ദപാറയാണ്‌. അഭൂതപൂര്‍വ്വമായ തിരക്കായിരുന്നുവന്ന്. നാനാദേശക്കാരായ ആളുകള്‍ നിരന്ന് ബോട്ടിനുവേണ്ടി കാത്തുനിന്നു. കൊള്ളാവുന്നതിലധികം ആളുകളെ കുത്തിനിറച്ച ഒരു വലിയ ബോട്ടില്‍ ഞാനും സഖിയും ബദ്ധപ്പെട്ട്‌ കയറിക്കൂടി. ബോട്ട്‌ ആടിയുലഞ്ഞ്‌ ഓളങ്ങളെ വകഞ്ഞുമാറ്റി ലക്ഷ്യത്തിലേക്ക്‌ കുതിച്ചു. ശരിക്കും ഭയപ്പാടുണ്ടാക്കുന്ന യാത്രയായി. ഉത്സവത്തിരക്കിലകപ്പെട്ടവരെ പോലെ ഞെരുങ്ങിനില്‍ക്കേണ്ടിവന്നു ഞങ്ങളിരുവര്‍ക്കും. ആയുസ്സിന്റെ ബലം കൊണ്ടോ അതോ ഭാഗ്യമാണോ എന്നറിയില്ല ചുരുങ്ങിയ സമയത്തിനുള്ളില്‍ ബോട്ട്‌ അവിടെയെത്തി.

ഭകതിസാന്ദ്രമായ അവിടെയെല്ലാം നടന്നുകണ്ടപ്പോള്‍ മനസ്സിനൊരുണര്‍വ്വ്‌ കിട്ടിയത്‌പോലെ. പ്രധാനസൗധത്തിലുള്ള സ്വാമി വിവേകാനന്ദന്റെ മാര്‍ബിള്‍പ്രതിമ നോക്കിയല്‍പനേരം നിന്നുപോയി. എന്തൊരു ആകാരവും മുഖകാന്തിയും! ചൈതന്യമേറിയ ആ വ്യക്തിയുടെ പ്രഭാക്ഷണം ശ്രവിച്ച സായിപ്പന്മാര്‍ ശിശുക്കളെപ്പോലെ ഇരുന്നുപോയില്ലെങ്കിലേ ആശ്ചര്യപ്പെടേണ്ടതുള്ളൂ. പിന്നിട്‌ ഞങ്ങള്‍ എത്തിയത്‌ തികച്ചും നിശ്ശബ്‌ദമായ ധ്യാനസ്ഥലത്താണ്‌. സര്‍വ്വമതവിശ്വാസികളും മങ്ങിയ പ്രകാശം മാത്രമുള്ള ഒരു ഹാളിലെ മാര്‍ബിള്‍തറയില്‍ ചമ്രം പടിഞ്ഞിരുന്ന് അവരവരുടെ ദൈവങ്ങളെ സ്മരിച്ച്‌ നിശ്ചലരായി ഇരിക്കുന്നു. സഖിയുടെ കൈപിടിച്ച്‌ ഞാന്‍ അങ്ങോട്ട്‌ ചെന്നു. ഇരുളില്‍ ഹിന്ദുക്കളുടെ അടയാളമായ 'ഓം' എന്നത്‌ മാത്രം സ്വര്‍ണ്ണലിപിയില്‍ തെളിഞ്ഞു കാണാം. ചന്ദനത്തിരിയും മറ്റ്‌ സുഗന്ധവസ്തുക്കളും പുകയുന്നതിന്റെ മാസ്മരികാനുഭൂതി നാസാരന്ധ്രങ്ങളെ തഴുകിയുണര്‍ത്തി. കുറച്ച്‌ സമയം കണ്ണുകടച്ച്‌ കൈകൂപ്പി ഇരുന്നുപോയി. സമീപമിരുന്ന സഖിയുടെ സ്പര്‍ശം കിട്ടിയപ്പോള്‍ മാത്രമാണ്‌ ധ്യാനത്തില്‍ നിന്നുമുണര്‍ന്നത്‌.

അവിടെ നിന്നും അടുത്തുള്ള ശ്രീതിരുവള്ളുവര്‍പ്രതിമയുള്ള സ്ഥലവും സന്ദര്‍ശിച്ചു. അതും ഒരല്‍ഭുതചാരുതയുള്ള നിര്‍മ്മിതിയാണ്‌. ഭയങ്കരകാറ്റില്‍ ബോട്ട്‌ അവിടെയെത്തി. ആകെ ജനസാന്ദ്രമായിരുന്ന ചുറ്റുപാടില്‍നിന്നും കാറ്റില്‍ നിന്നും ഞങ്ങള്‍ അജാനുബാഹുവായ തിരുവള്ളുവര്‍പ്രതിമയ്ക്കുള്ളില്‍ പ്രവേശിച്ചു. അതേകദേശം ഒരു നാലുനില കെട്ടിടത്തിന്റെ ഉയരത്തിലാണുള്ളത്‌. കരിങ്കല്ലുകള്‍ മാത്രമുപയോഗിച്ച്‌ നിര്‍മ്മിച്ച ഏതുഭാഗത്തുനിന്നും കാറ്റെപ്പോഴും അകത്തു പ്രത്യേകരീതിയില്‍ അനുഭവപ്പെടുന്ന രീതിയിലാണ്‌ സംവിധാനം ചെയ്തിരിക്കുന്നത്‌. അവിടം ചുറ്റിനടന്ന് കണ്ട്‌ ഒരു ജാലകത്തിനരുകില്‍ ഞങ്ങളിരുന്നു. പിന്നെ മടക്കയാത്ര തിരിച്ചു.

വൈകുന്നേരം നാലുമണിയായപ്പോള്‍ കന്യാകുമാരിയോട്‌ വിടവാങ്ങി. രണ്ടുവര്‍ഷം കഴിഞ്ഞതേയുള്ളൂവെങ്കിലും ഈ യാത്രയുടെ ഓര്‍മ്മകള്‍ ഞാന്‍ മായാതെ നെഞ്ചിലേറ്റി മനസ്സിന്റെ തിരശ്ശീലയില്‍ ദര്‍ശിക്കാറുണ്ട്‌. സഖിയും അങ്ങിനെയാണോയെന്നെനിക്ക്‌ നിശ്ചയമില്ല.

കാരണം ഒരു നിസ്സാരപിണക്കം മറ്റുള്ള ചിലര്‍ പെരുപ്പിച്ചിട്ടൊടുവില്‍ ഞങ്ങള്‍ ജീവിതയാത്രയില്‍ വേര്‍പിരിയേണ്ടിവന്നു. ഒരു ഗാനത്തിന്റെ വരികള്‍ കടമെടുത്തോട്ടെ:

'പറയാതെയറിയാതെ നീ പോയതെന്തേ..
ഒരു വാക്കും മിണ്ടാഞ്ഞതെന്തേ...
എന്നുമോര്‍ക്കുന്നു ഞാന്‍.. '

നഷ്‌ടവസന്തത്തിന്‍ സുഖമുള്ള ഒരു യാത്രയുടെ ഓര്‍മ്മകളോടെ ഈ വിവരണം അവസാനിപ്പിച്ചോട്ടെ...

Posted by ഏറനാടന്‍ @ 10:27 PM   15 comments
 
Previous Posts

പിറന്നാള്‍സ്മരണകള്‍
വിരഹം
കാണാമറയത്തെ നായികയും, പുന:സമാഗമവും
കാണാമറയത്തെ പ്രണയം - അദ്ധ്യായം ഒന്ന്.
അതുപോലൊരു പകല്‍
വസന്തവും കാത്ത്‌...
ഒരു കന്യാകുമാരിയാത്ര... നഷ്‌ടവസന്തത്തിന്‍ സ്വപ്നയാ...
പൂരിപ്പിക്കാതെ.....
ആ നീലക്കുറിഞ്ഞി പൂത്തിട്ടില്ലായിരുന്നു.
ഇതു മണ്‍സൂണ്‍ പ്രണയംArchives
June 2006
July 2006
August 2006
October 2006
April 2007