Sunday, July 16, 2006

പൂരിപ്പിക്കാതെ.....
നിതിന്‍ കൌശിക് ഹരിയാനയില്‍ ജനിച്ചു, ചാണ്ഡീഗടില്‍ ജീവിച്ചു, ഹിമാചലില്‍ പഠിച്ചു പിന്നെയും പഠിക്കാന്‍ റഷ്യയിലെത്തി- റാംസുറുന്‍ വാമ അങ്ങകലെ മൌറീഷ്യസില്‍ ജനിച്ചു,മൌറീഷ്യസില്‍ തന്നെ വളര്‍ന്നു, പാരീസില്‍ പഠിച്ചു, പിന്നെയും പഠിക്കാന്‍ റഷ്യയിലെത്തി. വാമയും നിതിനും ക്രാസ്നോദാറില്‍ വെച്ച് കണ്ട്മുട്ടി - ഒരു വര്‍ഷത്തിന് ശേഷം സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലേക്ക് പാലായനം ചെയ്തു.

നിതിന്‍ മുകളിലേക്ക് നീണ്ടും വശങ്ങളിലേക്ക് മെലിഞ്ഞും വളര്‍ന്നു.നീണ്ടതലമുടി വെച്ചു.
വാമ നീളത്തില്‍ കുറുകിയും വശങ്ങളിലേക്ക് തടിച്ചും വളര്‍ന്നു, പെണ്ണായിട്ട് പോലും തലമുടി ക്രോപ് ചെയ്ത് ബോയ്കട്ടാക്കി വെച്ചു. നിതിന്‍ വായാടിയായിരുന്നു, വാമ മിതഭാഷിയും - നിതിനെക്കുറിച്ച് പറയുമ്പോളൊഴിച്ച്-

എന്നിട്ടും അവര്‍ തമ്മില്‍ പ്രണയിച്ചു- ഇത്രയും കാലം ഒന്നിച്ച് ജീവിച്ചു.

നിതിനും വാമയും ഒന്നിച്ച് നടന്ന് പോകുമ്പോള്‍ നീണ്ട ഒന്നും ഉരുണ്ട പൂജ്യവും ചേര്‍ത്ത് പത്ത് എന്ന് ഞാനവരെ വിളിച്ചു- അവരെന്നോട് വെറുതെ ചിരിച്ച് കാണിച്ചു.

നിതിന്‍ ജീവിക്കാന്‍ വേണ്ടി ചെയ്യാത്ത ജോലിയൊന്നുമുണ്ടായിരുന്നില്ല. അവസാനം ഒരെണ്‍പെത്തെട്ട് മോഡല്‍ ടയോട്ടകൊരോളയെടുത്ത് ടാക്സിസ്റ്റായി. കൈയിലെ പണമെല്ലാം അവന് കൊടുത്തിട്ടും തീരാത്ത കഷ്ടപ്പാട് തീര്‍ക്കാന്‍ വണ്ടിയോടിക്കാന്‍ ‍പോയ നിതിന് കൊച്ച് കൊച്ച് പരിഭവങ്ങള്‍ പുരട്ടിയ ചപ്പാത്തിയും ദാല് കറിയുമുണ്ടാക്കി വാമ കാത്തിരുന്നു. രത്രിയേറെ വൈകി വണ്ടിയോടിക്കുമ്പോള്‍ ഇടക്കിടെ വരുന്ന അവളുടെ കോളുകളോട് ഞാനിതാ അഞ്ചുമിനിറ്റിലെത്തി എന്ന് നുണപറഞ്ഞ് പറഞ്ഞ് അവനാ സ്നേഹത്തെ സമാധാനിപ്പിച്ചു. എന്നിട്ട് കണ്ണിറുക്കികാട്ടി , ഈ പെണ്ണീന്‍റെ കാര്യം എന്നെന്നോട് പറഞ്ഞു.
കയറ്റവും ഇറക്കവുമെല്ലാം കഴിഞ്ഞ കാലത്തെപ്പോഴോ ഞാനും വാമയും ഗ്രൂപ്മേറ്റ്സായിരുന്നു. പരീക്ഷാക്കാലങ്ങളില്‍ നിതിന്‍ പുസ്തകം അരച്ച് കലക്കിക്കുടിച്ച് ബ്ലൂറ്റൂത്ത് ഹെഡ് സെറ്റ് വഴി അവളുടെ ഉത്തരക്കടലാസിലെത്തിച്ച് കൊടുത്തു. പരീക്ഷകള്‍ കഴിഞ്ഞിറങ്ങുമ്പോള്‍ ഹൊ, നിതിനെനിക്കെന്തെല്ലാം ചെയ്ത് തരുന്നൂ എന്നഭിമാനത്തോടെ പറഞ്ഞ് തുടങ്ങും, നിതിന്‍റെ വീരകൃത്യങ്ങളുടെ കമന്‍ററികള്‍ കേട്ട് വണ്ടിയോടിച്ച് ഞാനവളെ ഹോസ്റ്റലില്‍ ഡ്രോപ് ചെയ്ത് കൊടുത്തു.

കാലം എത്രകഴിഞ്ഞെന്ന് ഞാനും അവരും ആരും കണക്ക് വെച്ചില്ല.

ഇനി വാമക്കൊ നിതിനോ ഇവിടെ നില്‍ക്കാന്‍ കഴിയില്ല. എന്ത് ചെയ്യണമെന്ന് നിതിനറിയില്ല. അവളെ ഹരിയാനയിലേക്ക് കൊണ്ട്പോണൊ അതൊ അവന്‍ മൌറീഷ്യസ്സിലേക്ക് പോണോ, അതുമല്ലെങ്കില്‍മറ്റെവിടെങ്കിലും ഒന്നിച്ച്?.

വീക്കെന്‍റുകളിലെ സഭകളില്‍ മറ്റ് സുഹൃത്തുക്കള്‍ ഒരന്താരാഷ്ട്രക്കല്യാണത്തിന്‍റെ ബുദ്ധിമുട്ടുകള്‍ വളുത്ത തമാശകളില്‍ പുരട്ടി അവനോട് പറഞ്ഞ് കൊടുത്തു - ഞാനതിനെ മൌനം കൊണ്ട് പ്രതിരോധിച്ചു. എവിടെയായാലും അവരൊന്നിച്ച് കാണണമെന്ന് ഞാനിപ്പോഴും ആഗ്രഹിക്കുന്നു.അവനും അവളും .

ഇന്നലെ രാവേറെ ചെന്നപ്പോള്‍ നിതിന്‍ എന്നെ വിളിച്ചു, പതിവ് കുശലങ്ങള്‍ക്ക് ശേഷം ആവശ്യമറിയിച്ചു.

നാളെ പുലര്‍ച്ചെ വാമയെ യാത്രയയക്കണം- വാമ പോകുന്നത് കാണാനുള്ള കരുത്തവനില്ല.

നേര്‍ത്ത മൂടല്‍മഞ്ഞില്‍ ചുറ്റും മഞ്ഞപ്പൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്ന് പുള്‍ക്കോവോ എയര്‍പോര്‍ട്ട് റോഡില്‍ വണ്ടിയോടിക്കുമ്പോള്‍ വാമയുടെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ ഒന്നില്‍ നിന്നൊന്നായി ഞാന്‍ റേഡിയോ സ്റ്റേഷനുകള്‍ ട്യൂണ്‍ ചെയ്തു. എന്നിട്ടും അവളുടെ തേങ്ങലുകളിലേക്ക് ഇടങ്കണ്ണ് പായിക്കാതിരിക്കാന്‍ എനിക്കായില്ല.

ആശ്വസിപ്പിക്കാന്‍ അറിയാഞ്ഞിട്ടല്ല- മറിച്ച് അശക്തനായിരുന്നു ഞാന്‍. വിട പറയും മുമ്പുള്ള ഒരാലിംഗനത്തിനടയില്‍ എല്ലാം ശരിയാകുമെന്ന് ശുഭാപ്തിവീശ്വാസം പ്രകടിപ്പിക്കാന്‍ എനിക്കായോ? ആവോ?

വാമ പതുക്കെ എയര്‍പോര്‍ട്ടിന്‍റെ തിരക്കുകളിലേക്കലിഞ്ഞിറങ്ങി.

ഞാനൊന്നുമറിയില്ല രാമനാരായണാ എന്നും പറഞ്ഞ് ഞാനൊരു പുതിയ ദിവസത്തിന്‍റെ തിരക്കിലൂളിയിട്ടു.

നിതിന്‍ ചുറ്റും ബിയര്‍ കുപ്പികള്‍ നിരത്തിവെച്ച് സോഫാ കം ബെഡില്‍ കമിഴ്ന്ന് കിടന്ന് അന്നത്തെ ദിവസം കഴിച്ച് കൂട്ടി- പിറ്റേദിവസം ഡെല്‍ഹിയിലേക്ക് വിമാനം കയറീ.

പോകും മുമ്പേ ഇനിയെന്തെന്ന് ഞാനവനോട് ചോദിച്ചു, ഒന്നും മിണ്ടാതെ അവന്‍ എമിഗ്രേഷന്‍ കാര്‍ഡ് വീണ്ടും വീണ്ടും പൂരിപ്പിച്ച് കൊണ്ടിരുന്നു.

Posted by തണുപ്പന്‍ @ 2:04 PM  




5 Comments:
Blogger തണുപ്പന്‍ said...

പൂരീപ്പിക്കാതെ

1:18 AM  

Blogger ചില നേരത്ത്.. said...

തണുപ്പാ
സാഹിത്യത്തിന്റെ ആര്‍ഭാടമില്ലാത്ത പ്രണയം, ജീവസ്സുറ്റ് നില്‍ക്കുന്നു..അതിമനോഹരമായൊരു അവസാനവും .‘മഞ്ഞക്കിളി‘ പ്രണയത്തിന്റെ ചവറ്റുകൊട്ടയാകുന്നു..

2:10 AM  

Blogger bodhappayi said...

ജോലിയെടുത്തു തളര്‍ന്നു വരുമ്പോള്‍ ഒരു കൂട്ട്‌. ഒരു ലീവിന്‍ റിലേഷന്‍. അതിന്റെ വേദന പെട്ടന്നു മായും, വേദന പോയിക്കഴിഞ്ഞാല്‍ പിന്നെ നല്ല സുഖമുള്ള ഓര്‍മ്മകളായി അതു കൂറേകാലം നിലനില്‍ക്കും... :)

അല്ല ചുള്ളാ ഈ കഥയില്‍ നി ഒരു ദൃക്‌സാക്ഷി മാത്രമായിരുന്നോ... :)

2:20 AM  

Blogger Ajith Krishnanunni said...

മഞ്ഞക്കിളി വീണ്ടും ചിറകടിക്കുന്നു പ്രണയത്തിന്റെ നൊമ്പരങ്ങളുമായി..

2:43 AM  

Blogger Rasheed Chalil said...

ഒരുപാട് വളച്ചുകെട്ടലുകളോ.. പദങ്ങളുടെ പാവകൂത്തോ ഇല്ലാത്ത ലളിതമായ പ്രണയാവിഷ്കാരം..

ഒത്തിരിനന്നായി..
മഞ്ഞക്കിളി ഇനിയുമിനിയും ചിറകടിക്കട്ടേ...

9:10 PM  

Post a Comment

Home

 
Previous Posts

ആ നീലക്കുറിഞ്ഞി പൂത്തിട്ടില്ലായിരുന്നു.
ഇതു മണ്‍സൂണ്‍ പ്രണയം
വിരഹാര്‍ദ്രമാം ഓര്‍മ്മകള്‍ ...
എനിക്ക്‌ നഷ്‌ടപ്പെട്ട ഒരു വളപ്പൊട്ട്‌ .....
ആദ്യാനുരാഗമേ....
നഷ്ടങ്ങളുടെ കാവല്‍ക്കാരെ..